മൂന്നാം നിലയില്‍നിന്ന് ചാടിമരിക്കാന്‍ നിശ്ചയിച്ചു, വഴിത്തിരിവായത് ആ സംഭവം; വിക്കി കൗശലിന്റെ പിതാവ്

6 months ago 8

sham kaushal

ശ്യാം കൗശൽ വിക്കി കൗശൽ കത്രീന കൈഫ് എന്നിവർ Photo - AFP

മാനസികമായി തകര്‍ന്നുപോകുകയും ആത്മഹത്യയെപ്പറ്റി ചിന്തിക്കുകയുംചെയ്ത നിമിഷത്തെക്കുറിച്ച് വെളിപ്പെടുത്തി വിക്കി കൗശലിന്റെ പിതാവും ആക്ഷന്‍ ഡയറക്ടറുമായ ശ്യാം കൗശല്‍. കാന്‍സര്‍ ആണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും അറിയാനിടയായി. ഇത് വല്ലാതെ തളര്‍ത്തിക്കളഞ്ഞു. ഇതോടെ ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാന്‍ ആലോചിച്ചുവെന്ന് ഒരു പോഡ്കാസ്റ്റിനിടെ അദ്ദേഹം വെളിപ്പെടുത്തി.

2003-ല്‍ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നിരുന്നു. അതിനുശേഷമാണ് കാന്‍സര്‍ കണ്ടെത്തിയത്. ആശുപത്രി മുറിയിലുണ്ടായിരുന്നവരെല്ലാം ദുഃഖിതരായെന്നും താന്‍ രക്ഷപ്പെടില്ലെന്ന് ഡോക്ടര്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. 'ഒരു ദിവസം വൈകുന്നേരമാണ് അവര്‍ എന്നെ വിവരമറിയിച്ചത്. മൂന്നാം നിലയില്‍ നിന്ന് ചാടാനുള്ള ഒരു ഭ്രാന്തന്‍ ചിന്ത അന്ന് രാത്രി എനിക്കുണ്ടായി. ഞാന്‍ ആ തീരുമാനം എടുത്തത് ബലഹീനത കൊണ്ടല്ല.എന്തായാലും മരിക്കും, എങ്കില്‍ എന്തുകൊണ്ട് ഇപ്പോഴായിക്കൂടാ എന്ന് ചിന്തിച്ചു. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞുള്ള വേദന കാരണം എനിക്ക് അനങ്ങാന്‍ കഴിഞ്ഞില്ല. നല്ല ജീവിതം നയിച്ചതിനാല്‍ അപ്പോള്‍ തന്നെ കൊണ്ടുപോകണമേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. ആ ദിവസത്തിനുശേഷം തനിക്ക് ഇപ്പോള്‍ മരണഭയമില്ല- ശ്യാം പറഞ്ഞു.

ഞാന്‍ മരണഭയത്തെ മറികടന്നു. ഏതാനും ശസ്ത്രക്രിയകളുടെ കാര്യമേയുള്ളൂവെന്നും സുഖം പ്രാപിക്കുമെന്നും പ്രതീക്ഷ ലഭിച്ചു. ഈ സംഭവത്തിന് ശേഷം ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് മാറി. അത് എന്റെ ഇച്ഛാശക്തിയെ ശക്തിപ്പെടുത്തി. അടുത്ത ഒരു വര്‍ഷത്തേക്ക് അവര്‍ നിരവധി പരിശോധനകളും ശസ്ത്രക്രിയകളും നടത്തി. ഞാന്‍ ശക്തനായി നിന്നു. ഭാഗ്യവശാല്‍, കാന്‍സര്‍ എന്റെ ശരീരത്തില്‍ പടര്‍ന്നിരുന്നില്ല. ഞാന്‍ ദൈവത്തോട് 10 വര്‍ഷം കൂടി ആയുസ് തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് 22 വര്‍ഷമായിരിക്കുന്നു. ആ കാലഘട്ടം എന്റെ ജീവിതം മാറ്റിമറിച്ചു. ഞാന്‍ ഒരുപാട് നല്ല മനുഷ്യരെ കണ്ടുമുട്ടി. എനിക്ക് നല്ല ജോലികള്‍ ലഭിച്ചു. എന്റെ മക്കള്‍ നന്നായിരിക്കുന്നു. ഞാന്‍ ജീവിതത്തില്‍ വളര്‍ന്നു - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


1990-ല്‍ ഒരു സ്വതന്ത്ര ആക്ഷന്‍ ഡയറക്ടറായി കരിയറില്‍ വലിയ മുന്നേറ്റം നടത്തുന്നതിന് മുമ്പ് ശ്യാം ഒരു സ്റ്റണ്ട്മാനായി നിരവധി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. നാല് പതിറ്റാണ്ടിലേറെയായി അദ്ദേഹം സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നു. ബോളിവുഡിലെയും ഹോളിവുഡിലെയും സിനിമകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു ആക്ഷന്‍ ഡയറക്ടര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രം 1990-ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമായ ഇന്ദ്രജാലം ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. ബോളിവുഡില്‍, ഗ്യാങ്‌സ് ഓഫ് വാസേപൂര്‍ (2012), ഭാഗ് മില്‍ഖാ ഭാഗ് (2013), പികെ (2014), പത്മാവത് (2018), സഞ്ജു (2018), ടൈഗര്‍ സിന്ദാ ഹേ (2017), സിംബ (2018) തുടങ്ങിയ സിനിമകളില്‍ ശ്യാം ആക്ഷന്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കാദമി അവാര്‍ഡ് നേടിയ സ്ലംഡോഗ് മില്യണയര്‍ (2008) പോലുള്ള അന്താരാഷ്ട്ര പ്രോജക്റ്റുകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രണ്ട് മക്കളായ വിക്കി കൗശലും സണ്ണി കൗശലും ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്നു. വിക്കി വിവാഹം കഴിച്ചിരിക്കുന്നത് നടി കത്രീന കൈഫിനെയാണ്.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll escaped number: 1056, 0471-2552056)

Content Highlights: Action manager Sham Kaushal opens up astir his crab diagnosis, contemplating suicide

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article