Published: August 05 , 2025 10:58 AM IST
2 minute Read
-
5–ാം ദിനം 28 റൺസിനിടെ 4 വിക്കറ്റ് വീഴ്ത്തി വിജയം പിടിച്ചെടുത്ത് ഇന്ത്യൻ പേസർമാർ
ലണ്ടൻ∙ മുഹമ്മദ് സിറാജിന്റെ യോർക്കറിൽ ഇംഗ്ലണ്ട് ബാറ്റർ ഗസ് അറ്റ്കിൻസന്റെ ഓഫ് സ്റ്റംപ് വായുവിലേക്ക് ഉയർന്നുപൊങ്ങിയപ്പോൾ ഇന്ത്യൻ ആരാധകരുടെ ആരവങ്ങൾ അതിന് അകമ്പടിയേകി. ഓവൽ ഗ്രൗണ്ടിൽ തിങ്ങിക്കൂടിയ 28000ൽ പരം കാണികൾ ആ ചരിത്ര മുഹൂർത്തത്തിനു സാക്ഷികളായി. 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ 3ന് 301 എന്ന നിലയിലായിരുന്നു. 7 വിക്കറ്റ് കയ്യിലിരിക്കെ ജയിക്കാൻ വേണ്ടിയിരുന്നതു വെറും 73 റൺസ്.അവിടെനിന്നാണ് ഇംഗ്ലിഷ് നിരയെ 367 റൺസിൽ ഓൾഔട്ടാക്കിയ ഇന്ത്യ അവിശ്വസനീയ ജയം പിടിച്ചെടുത്തത്. 5–ാം ദിനം 28 റൺസിനിടെയാണ് ഇന്ത്യൻ പേസർമാർ 4 വിക്കറ്റ് വീഴ്ത്തിയത്. രണ്ടാം ഇന്നിങ്സിൽ മുഹമ്മദ് സിറാജ് 5 വിക്കറ്റ് നേടിയപ്പോൾ പ്രസിദ്ധ് കൃഷ്ണ 4 വിക്കറ്റുമായി തിളങ്ങി. സ്കോർ: ഇന്ത്യ ഒന്നാം ഇന്നിങ്സ് 224, രണ്ടാം ഇന്നിങ്സ് 396. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 247. രണ്ടാം ഇന്നിങ്സ് 367.
പേസ് പവർ6ന് 339 എന്ന നിലയിൽ 5–ാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് കരുതലോടെയാണ് തുടങ്ങിയത്. വമ്പൻ അടികൾക്കു പോകാതെ സിംഗിളും ഡബിളുമായി പതിയെ സ്കോർ മുന്നോട്ടുനീക്കുക എന്നതായിരുന്നു ആതിഥേയരുടെ പ്ലാൻ. എന്നാൽ സ്വിങ്ങും പേസും സമന്വയിപ്പിച്ച ഇന്ത്യൻ ബോളർമാർ ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കി. ഇതിന്റെ ഫലം വൈകാതെ ഇന്ത്യയ്ക്കു ലഭിച്ചു. ഇൻ ഫോം ബാറ്റർ ജയ്മി സ്മിത്ത് (2) സിറാജിന്റെ ഔട്ട് സ്വിങ്ങറിൽ വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിനു ക്യാച്ച് നൽകി മടങ്ങി. തന്റെ തൊട്ടടുത്ത ഓവറിൽ ജയ്മി ഓവർടനെ (9) വിക്കറ്റിനു മുന്നിൽ കുടുക്കിയ സിറാജ് ഇംഗ്ലണ്ടിനെ വീണ്ടും ഞെട്ടിച്ചു. അതോടെ 6ന് 339 എന്ന നിലയിൽ നിന്ന് 8ന് 354 എന്ന സ്കോറിലേക്ക് ആതിഥേയർ വീണു. 3 റൺസ് അകലെ ജോഷ് ടങ്ങിനെ പ്രസിദ്ധ് കൃഷ്ണ ക്ലീൻ ബോൾഡ് ആക്കിയതോടെ ഇന്ത്യ വിജയം സ്വപ്നം കണ്ടുതുടങ്ങി. എന്നാൽ പരുക്കേറ്റ കയ്യുമായി ബാറ്റിങ്ങിന് എത്തിയ ക്രിസ് വോക്സിനെ (0 നോട്ടൗട്ട്) കൂട്ടുപിടിച്ച് ഗസ് അറ്റ്കിൻസൻ (17) ഇന്ത്യയെ വെല്ലുവിളിച്ചു. 10–ാം വിക്കറ്റിൽ ഇരുവരും ചേർന്നു 10 റൺസ് കൂട്ടിച്ചേർത്തതോടെ മത്സരം വീണ്ടും മുറുകി. 86–ാം ഓവർ എറിയാൻ സിറാജ് വരുമ്പോൾ ഇംഗ്ലണ്ടിന് ജയിക്കാൻ 7 റൺസ് കൂടി മതിയായിരുന്നു. ഒരു സിക്സ് നേടി മത്സരം സമനിലയിൽ എത്തിക്കുക എന്നതായിരുന്നു അറ്റ്കിൻസന്റെ പ്ലാൻ. എന്നാൽ ഇതു മുൻകൂട്ടിക്കണ്ട സിറാജ്, ഒരു പെർഫക്ട് യോർക്കറുമായി അറ്റ്കിൻസന്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ചതോടെ ഇന്ത്യയ്ക്ക് 6 റൺസിന്റെ ആവേശജയം സ്വന്തമായി.
രാവിലെ ഉണർന്നെഴുന്നേറ്റയുടനെ ഫോണെടുത്ത് ‘ബിലീവ്’ ഇമോജി വോൾപേപ്പറാക്കിയശേഷം രാജ്യത്തിനായി ഞാനതു ചെയ്യുമെന്ന് എന്നോടു തന്നെ പറഞ്ഞു. ഏതവസ്ഥയിലും കളി ജയിക്കാമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. എത്ര ഓവർ എറിയുന്നു എന്നതു പ്രശ്നമല്ല. തുടർച്ചയായി ആറ് ഓവറായാലും ഒൻപത് ഓവറായാലും പന്തെറിയാൻ എനിക്കു പ്രയാസമില്ല. എനിക്കു വേണ്ടിയല്ല, എന്റെ രാജ്യത്തിനു വേണ്ടിയാണ്. ബ്രൂക്കിന്റെ ക്യാച്ചെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ബൗണ്ടറി ലൈനിൽ തൊട്ട് കളി കളഞ്ഞതായിരുന്നു. തിരിച്ചുപിടിക്കാൻ കഴിഞ്ഞതിൽ ദൈവത്തിനു നന്ദി.
മുഹമ്മദ് സിറാജ്
ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബോളർ എന്ന റെക്കോർഡിൽ ജസ്പ്രീത് ബുമ്രയ്ക്കൊപ്പമെത്തി മുഹമ്മദ് സിറാജ് (23). 2021–22 പരമ്പരയിലായിരുന്നു ബുമ്രയുടെ നേട്ടം.ഓവൽ ടെസ്റ്റിലെ ഇന്ത്യയുടെ 6 റൺസ് ജയം, ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ചുരുങ്ങിയ മാർജിനിലുള്ള വിജയമാണ്. 2004ൽ ഓസ്ട്രേലിയയ്ക്കെതിരെ മുംബൈയിൽ നേടിയ 13 റൺസ് വിജയമായിരുന്നു മുൻപുള്ള റെക്കോർഡ്.ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ റൺസ് മാർജിനിലുള്ള മൂന്നാമത്തെ തോൽവിയാണിത്. 2023ൽ വെല്ലിങ്ടനിൽ ന്യൂസീലൻഡിനെതിരെ ഇംഗ്ലണ്ട് ഒരു റണ്ണിന് തോറ്റിരുന്നു.
English Summary:








English (US) ·