മൂന്നു വിക്കറ്റ് നഷ്ടത്തിൽ കളി തീർത്ത് ഇന്ത്യ, രാഹുലിന് അർധ സെഞ്ചറി; രണ്ടാം വിജയം ഏഴു വിക്കറ്റിന്, പരമ്പര

3 months ago 4

മനോരമ ലേഖകൻ

Published: October 14, 2025 10:37 AM IST

2 minute Read

rahul-sai-sudarshan
സായ് സുദർശനും കെ.എൽ. രാഹുലും ബാറ്റിങ്ങിനിടെ. Photo: X@BCCI

ന്യൂഡൽഹി∙ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് വിജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയമുറപ്പിക്കുകയായിരുന്നു. ഓപ്പണർ കെ.എൽ. രാഹുൽ രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ചറിയുമായി പുറത്താകാതെ നിന്നു. 108 പന്തുകൾ നേരിട്ട രാഹുൽ രണ്ടു സിക്സും ആറു ഫോറുകളുമുൾപ്പടെ 58 റൺസാണു നേടിയത്. ജയത്തോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2–0ന് സ്വന്തമാക്കി.

സായ് സുദർശനാണ് അവസാന ദിവസം ആദ്യ സെഷനിൽ തന്നെ പുറത്തായത്. 76 പന്തിൽ 39 റൺസടിച്ച സായ് സുദർശൻ വിൻഡീസ് ക്യാപ്റ്റൻ റോസ്റ്റൻ ചെയ്സിന്റെ പന്തിൽ പുറത്താകുകയായിരുന്നു. ഒരു സിക്സും ഒരു ഫോറും നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ മികച്ച തുടക്കം നേടിയെങ്കിലും ഇന്നിങ്സ് അധികം നീണ്ടില്ല. 13 റൺസെടുത്ത ഗില്ലിനെ റോസ്റ്റൻ ചെയ്സിന്റെ പന്തിൽ ജസ്റ്റിൻ ഗ്രീവ്സ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. എന്നാൽ  35 ഓവറും രണ്ടു പന്തുകളും കൊണ്ട് ഇന്ത്യ വിജയ റൺസ് കുറിച്ചു. രണ്ടാം ടെസ്റ്റിൽ ഫോളോ ഓൺ ചെയ്ത് ഇന്ത്യയ്ക്കെതിരെ ലീ‍ഡെടുത്തതൊഴിച്ചാൽ ഈ പരമ്പരയിൽ ഓർത്തുവയ്ക്കാൻ പ്രത്യേകിച്ചൊന്നും ഇല്ലാതെയാണ് വിൻഡീസ് ഇന്ത്യയിൽനിന്ന് മടങ്ങുന്നത്.

നാലാം ദിനം 2ന് 173 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച വിൻഡീസ് 390 റൺസ് വരെ ഇന്നിങ്സ് നീട്ടിക്കൊണ്ടുപോയെങ്കിലും ഇന്ത്യയ്ക്കു ഭീഷണിയായില്ല. സെ‍ഞ്ചറി നേടിയ ജോൺ കാംബെൽ (115), ഷായ് ഹോപ് (103) എന്നിവരുടെ ഇന്നിങ്സുകളാണ് വിൻഡീസിനെ ഈ ടോട്ടലിൽ എത്തിച്ചത്.121 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാലാം ദിനം കളി നിർത്തുമ്പോൾ ഒന്നിന് 63 എന്ന നിലയിലായിരുന്നു. ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ (8) വിക്കറ്റാണ് നാലാം ദിനം ഇന്ത്യയ്ക്കു നഷ്ടമായത്.

കരുത്തോടെ വിൻഡീസ്നാലാം ദിനം ആദ്യ സെഷനിൽത്തന്നെ വിൻഡീസിനെ ഓൾഔട്ടാക്കി ഇന്നിങ്സ് ജയം സ്വന്തമാക്കാമെന്നു കണക്കുകൂട്ടിയ ഇന്ത്യയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയാണ് ഷായ് ഹോപും ജോൺ കാംബെലും തുടങ്ങിയത്. മൂന്നാം വിക്കറ്റിൽ 177 റൺസ് കൂട്ടിച്ചേർത്ത സഖ്യം ഇന്നിങ്സ് തോൽവി ഭീതിയിൽനിന്ന് വിൻഡീസിനെ രക്ഷിച്ചു. കന്നി ടെസ്റ്റ് സെഞ്ചറി പൂർത്തിയാക്കിയതിനു പിന്നാലെ കാംബെലിനെ പുറത്താക്കിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്കു ബ്രേക്ത്രൂ നൽകിയത്. നാലാം വിക്കറ്റിൽ ക്യാപ്റ്റൻ റോസ്ടൻ ചേസിനെ (40) കൂട്ടുപിടിച്ച ഹോപ് 3ന് 252 എന്ന നിലയിൽ ആദ്യ സെഷൻ അവസാനിപ്പിച്ചു.

രണ്ടാം സെഷന്റെ തുടക്കത്തിൽത്തന്നെ സെഞ്ചറി പൂർത്തിയാക്കിയ ഷായ് ഹോപ് വിൻഡീസ് ആരാധകർക്ക് ആഘോഷിക്കാനുള്ള വക നൽകിയെങ്കിലും പിന്നാലെ മുഹമ്മദ് സിറാജിനു മുന്നിൽ വീണത് സന്ദർശകർക്കു ക്ഷീണമായി.

പിന്നാലെ തുടർച്ചയായി വിക്കറ്റു വീഴ്ത്തിയ ഇന്ത്യൻ സ്പിന്നർമാർ മത്സരത്തിൽ പിടിമുറുക്കിയതോടെ ഒരു ഘട്ടത്തിൽ 9ന് 311 എന്ന നിലയിലായിരുന്നു വിൻഡീസ്. 10–ാം വിക്കറ്റിൽ ഒന്നിച്ച ജസ്റ്റിൻ ഗ്രീവ്സ് (50)– ജയ്ഡൻ സീൽസ് (32) സഖ്യം നടത്തിയ ചെറുത്തുനിൽപാണ് വിൻഡീസിന്റെ ലീഡ് 100 കടത്തിയത്. 132 പന്തി‍ൽ 79 റൺസ് കൂട്ടിച്ചേർത്ത സഖ്യം ടീം ടോട്ടൽ 390ൽ എത്തിച്ചു. സീൽസിനെ പുറത്താക്കിയ ജസ്പ്രീത് ബുമ്രയാണ് വിൻഡീസ് ഇന്നിങ്സ് പൂട്ടിക്കെട്ടിയത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവും ബുമ്രയും 3 വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യൻ തിരിച്ചടിഅവസാന സെഷനിൽ 18 ഓവർ ശേഷിക്കെ 121 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം തന്നെ മത്സരം തീർക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ വിൻഡീസ് സ്പിന്നർ ജോമൽ വാരികാനെ സിക്സറിനു പറത്താനുള്ള ശ്രമത്തിനിടെ ജയ്സ്വാൾ പുറത്തായതു തിരിച്ചടിയായി. ഇതോടെ പ്രതിരോധത്തിലേക്കു വലിഞ്ഞ ആതിഥേയർ മറ്റു നഷ്ടങ്ങളില്ലാതെ നാലാം ദിനം അവസാനിപ്പിക്കാനാണ് ശ്രമിച്ചത്. രണ്ടാം വിക്കറ്റിൽ 54 റൺസ് നേടിയ രാഹുൽ– സായ് സഖ്യം 1ന് 63 എന്ന നിലയിൽ നാലാം ദിനം അവസാനിപ്പിച്ചു.

English Summary:

India vs West Indies trial lucifer is connected the verge of India’s win. India requires 58 much runs to triumph the trial match, with 9 wickets remaining. The West Indies squad scored 390 runs successful the 2nd innings, and India is presently astatine 63 for 1.

Read Entire Article