Authored by: അനുഷ ഗംഗാധരൻ|Samayam Malayalam•5 Jun 2025, 8:13 pm
ഐപിഎൽ 2025 സീസണിൽ റണ്ണേഴ്‌സ് അപ്പ് ആയ ടീം ആണ് പഞ്ചാബ് കിങ്‌സ്. കഴിഞ്ഞ സീസണുകളിൽ എല്ലാം മോശം ഫോമിലായിരുന്ന ടീം ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റൻസി മികവിനാലാണ് ഇത്തവണ ഫൈനലിൽ എത്തുന്നത്. ഇപ്പോഴിതാ പഞ്ചാബ് കിങ്‌സ് പേസർ യുസ്‌വേന്ദ്ര ചഹലിനെ കുറിച്ച് നിർണായക വെളിപ്പെടുത്തൽ പുറത്തെത്തിയിരിക്കുകയാണ്.
ഹൈലൈറ്റ്:
- 'ചഹൽ ഫൈനലിൽ ഇറങ്ങിയത് പരിക്കുകളോടെ'
- നിർണായക വെളിപ്പെടുത്തൽ നടത്തി ആർജെ മഹ്‌വാഷ്
- 2014 ന് ശേഷം പഞ്ചാബ് ഫൈനൽ കളിച്ചത് ഈ സീസണിൽ
യുസ്‌വേന്ദ്ര ചഹൽ (ഫോട്ടോസ്- Samayam Malayalam) ഐപിഎൽ 2025 സീസൺ കിരീടധാരികളായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം ജോഷ് ഹേസൽവുഡും പരിക്കിനെ തുടർന്ന് പ്രതിസന്ധി നേരിട്ട താരമാണ്. ഫൈനലിൽ ആർസിബിയോട് 6 റൺസിന് പരാജയപ്പെട്ട പഞ്ചാബ് കിങ്‌സും താരങ്ങളുടെ പരിക്കിനെ തുടർന്ന് ബുദ്ധിമുട്ടു നേരിട്ട ടീം ആണ്. പഞ്ചാബിന്റെ താരങ്ങളിൽ ഫൈനലിൽ പോലും പരിക്കിനെ തുടർന്ന് പ്രതിസന്ധിയിലായ ഒരു താരമാണ് യുസ്‌വേന്ദ്ര ചഹൽ.
'മൂന്ന് ഒടിവുകൾ സഹിച്ചാണ് ചഹൽ ഫൈനലിൽ കളിച്ചത്' നിർണായക വെളിപ്പെടുത്തൽ പുറത്ത്; ഞെട്ടി ആരാധകർ
എന്നാൽ നിർണായകഘട്ടങ്ങളിൽ ടീമിനായി വിക്കറ്റുകൾ പിഴുതെറിയാൻ ചഹലിന് സാധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. ഇപ്പോഴഹിത ഏവരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തുകയാണ് നടിയും മോഡലുമായ ആർജെ ആർജെ മഹ്‌വാഷ്. നിലവിൽ നിലവിൽ യുസ്‌വേന്ദ്ര ചഹലുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ആർജെ മഹ്‌വാഷ്. അതുകൊണ്ടു തന്നെ അവർ നടത്തിയ വെളിപ്പെടുത്തൽ തള്ളിക്കളയാനും സാധിക്കില്ല. ഐപിഎൽ ആരംഭിച്ചത് മുതലുള്ള ടീം ആണ് പഞ്ചാബ് കിങ്‌സ്. എന്നാൽ ഇതുവരെ കപ്പ് നേടാൻ സാധിച്ചിട്ടില്ല. 2014 ന് ശേഷം ടീം ഇപ്പോൾ ആണ് ഫൈനലിൽ പ്രവേശിക്കുന്നത് പോലും. ശ്രേയസ് അയ്യറിന്റെ മികച്ച ക്യാപ്റ്റൻസി ആണ് പഞ്ചാബിനെ 11 വർഷത്തിന് ശേഷം ഫൈനലിൽ പ്രവേശിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ പഞ്ചാബിനെ അത്യന്തം നിർണായകമായ മത്സരമായിരുന്നു അത്.
എന്നാൽ നിർണായക മത്സരത്തിൽ ചഹലിന് വെറും ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്. 4 ഓവർ പന്തെറിഞ്ഞ 37 റൺസാണ് വിട്ടുകൊടുത്തത്. ഇത് പഞ്ചാബിനും തിരിച്ചടിയായി. ഫൈനൽ മത്സരത്തിൽ എന്തുകൊണ്ട് താരം മികച്ച പ്രകടനം പുറത്തെടുത്തില്ല എന്ന വിമർശനവും ഉയർന്നു. ഈ സാഹചര്യത്തിലാണ് നടിയും മോഡലുമായ ആർജെ മഹ്‌വാഷിന്റെ വെളിപ്പെടുത്തൽ എത്തുന്നത്.
ചഹലിനെ അഭിനന്ദിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് മഹ്‌വാഷ് ചില വെളിപ്പെടുത്തലുകൾ നടത്തിയത്. സ്റ്റാർ പേസർ ചഹൽ ഒന്നിലധികം ഒടിവുകൾ നേരിട്ടുകൊണ്ടാണ് മൈതാനത്ത് പന്തെറിയാൻ നിൽക്കുന്നത് എന്നാണ് മഹ്‌വാഷ് പോസ്റ്റിൽ പറയുന്നത്. ഫൈനൽ കളിക്കുന്നതിന് മുമ്പ് തന്നെ ചഹലിന് വാരിയെല്ലിനും വിരലിനും ഒടിവ് സംഭവിച്ചിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തി.
'അവസാന മത്സരം വരെ അവർ (പഞ്ചാബ് കിങ്‌സ്) പൊരുതി. എന്നാൽ ഈ പോസ്റ്റ് ചഹലിന് വേണ്ടിയാണ്. കാരണം കാണികൾ അറിയാത്ത ചില കാര്യങ്ങൾ ഇവിടെ ഒളിഞ്ഞിരിക്കുന്നുണ്ട്. സീസണിലെ രണ്ടാം മത്സരത്തിൽ തന്നെ അദ്ദേഹത്തിന്റെ വാരിയേലിന് പരിക്കേറ്റു. തുടർന്ന് വിരലുകൾക്കും ഒടിവ് സംഭവിച്ചു. അങ്ങനെ ഈ മുഴുവൻ സീസണിലും 3 പരിക്കുകൾ നേരിട്ടാണ് ചഹൽ ഓരോ മത്സരത്തിനും ഇറങ്ങിയത്' എന്ന് മഹ്‌വാഷ് കുറിപ്പിൽ പറഞ്ഞു.
'അദ്ദേഹം വേദന കൊണ്ട് നിലവിളിക്കുകയും കരയുകയും ചെയ്യുന്നത് നമ്മളെല്ലാവരും കണ്ടിട്ടുണ്ട്, പക്ഷേ അദ്ദേഹം ഒരിക്കലും തളർന്നില്ല' എന്നും മഹ്‌വാഷ് പറഞ്ഞു. അതേസമയം പഞ്ചാബ് കിങ്സിനെ പ്രശംസിക്കാനും റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന് അഭിനന്ദങ്ങൾ നൽകാനും മഹ്‌വാഷ് മറന്നില്ല.
'ഈ വർഷം ഈ ടീമിനെ (പഞ്ചാബ് കിങ്‌സ്) പിന്തുണയ്ക്കാൻ കഴിഞ്ഞത് ഒരു ബഹുമതി മാത്രമാണ്! നന്നായി കളിച്ച ടീം. അടുത്ത വർഷം കാണാം! കൂടാതെ, കിരീടം നേടിയതിന് ആർസിബിക്കും ആരാധകർക്കും അഭിനന്ദനങ്ങൾ. എല്ലാവരും കളിച്ചു, കഠിനാധ്വാനം ചെയ്തു! ക്രിക്കറ്റ്, ഐപിഎൽ എന്നത് ഇന്ത്യക്കാർക്ക് ശരിക്കും ഒരു ഉത്സവം തന്നെ' എന്നും അവർ കൂട്ടിച്ചേർത്തു.
മെഗാ താരലേലത്തിൽ 18 കോടി രൂപ നൽകിയാണ് പഞ്ചാബ് ചഹലിനെ സ്വന്തമാക്കുന്നത്. 14 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ വീഴ്ത്തിയ ചഹലിന്റെ പ്രകടനം പല ഘട്ടങ്ങളിലും ടീമിനെ തുണച്ചു, 4/28 എന്ന മികച്ച പ്രകടനവും അദ്ദേഹം കാഴ്ചവവെച്ചു. ഈ സീസണിൽ സിഎസ്‌കെയ്‌ക്കെതിരെ ഹാട്രിക് നേടിയും ചഹൽ തിളങ്ങിയിരുന്നു. ഐപിഎല്ലിൽ ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഹാട്രിക് ആയിരുന്നു.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·