Published: November 28, 2025 03:43 PM IST Updated: November 28, 2025 04:11 PM IST
1 minute Read
ഭിവാനി ∙ ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക്സിന്റെ മൂന്നാം ദിനത്തിൽ കേരളത്തിന് രണ്ടു സ്വർണം. ആൺകുട്ടികളുടെ ഹൈജംപിൽ ജുവൽ തോമസും 200 മീറ്റർ ഓട്ടത്തിൽ ജെ.നിവേദ് കൃഷ്ണയുമാണ് സ്വർണം നേടിയത്. 2.09 മീറ്റർ ചാടിയാണ് ജുവലിന്റെ സ്വർണനേട്ടം. കോട്ടയം മുണ്ടക്കയം സ്വദേശിയായ ജുവൽ, മുരിക്കുംവയൽ വിഎച്ച്എസ്ഇ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്. കഴിഞ്ഞ രണ്ടു തവണയും ഈ ഇനത്തിൽ ജുവലിനു തന്നെയായിരുന്നു സ്വർണം.
പാലക്കാട് ചിറ്റൂർ ജിഎച്ച്എസ്എസ് വിദ്യാർഥിയായ നിവേദ് കൃഷ്ണ, 21.68 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വർണം നേടിയത്. ഇന്നലെ 400 മീറ്ററിൽ നിവേദ് വെങ്കലമെഡൽ നേടിയിരുന്നു.
സിബിഎസ്ഇ ടീമിനു വേണ്ടി മത്സരിച്ച മലയാളി വിദ്യാർഥി ദേവക് ഭൂഷനാണ് ആൺകുട്ടികളുടെ ഹൈജംപിൽ രണ്ടാം സ്ഥാനം. കോഴിക്കോട് ചേവായൂർ ഭാരതീയ വിദ്യാഭവൻ സ്കൂളിലെ പ്ല്സു വിദ്യാർഥിയാണ് ദേവക്. 2.05 മീറ്റർ ഉയരമാണ് ചാടിയത്. സെപ്റ്റംബറിൽ വാരണസിയിൽ നടന്ന സിബിഎസ്ഇ നാഷനൽ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 2.04 മീറ്റർ ചാടി സ്വർണം നേടിയിരുന്നു.
കേരളത്തിനു ഇതുവരെ ആറു സ്വർണമുൾപ്പെടെ 12 മെഡലുകളായി. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ആദ്യ ദിനം മെഡലൊന്നും നേടാനായില്ലെങ്കിലും രണ്ടാം ദിനം പത്തു മെഡൽ നേടിയാണ് കേരളം ട്രാക്കിലായത്. 4 സ്വർണവും 3 വെള്ളിയും 3 വെങ്കലവുമാണ് രണ്ടാം ദിനം കേരളം നേടിയത്.
English Summary:








English (US) ·