ഇന്ത്യൻ ഫുട്ബോൾ ടീം ‘ടിക്കി ടാക്ക’ കളിക്കുന്നതു കാണാനാണു കാത്തിരിക്കുന്നതെങ്കിൽ നിങ്ങൾക്കു തെറ്റി! പുതിയ കോച്ച് ഖാലിദ് ജമീൽ പാസിങ് ഫുട്ബോളിന്റെ ആളല്ല. ‘കഠിനമായി പരിശീലിക്കുക, കളിക്കളത്തിൽ നന്നായി അധ്വാനിക്കുക, ഫൈനൽ വിസിൽ നേരത്ത് അതിന്റെ ഫലം ആസ്വദിക്കുക’ എന്ന വേറിട്ട ശൈലിയുടെ വക്താവാണ് ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ നാൽപത്തിയെട്ടുകാരൻ ഖാലിദ് ജമീൽ.
കളിക്കാലത്ത് സ്വന്തം ടീമിന്റെ പ്രതിരോധം മുതൽ എതിർടീമിന്റെ ഗോൾമുഖം വരെ ഒറ്റക്കാഴ്ചയിൽ വ്യക്തമാകുന്ന മധ്യനിരയിലായിരുന്നു ഖാലിദ് ജമീലിന്റെ സ്ഥാനം. അതിനാലാകും, കളിയോടുള്ള ഖാലിദിന്റെ ‘ടോട്ടൽ ഫുട്ബോൾ’ സമീപനം അന്നേ ശ്രദ്ധിക്കപ്പെട്ടു. 32–ാം വയസ്സിൽ, മുംബൈ എഫ്സി ടീമംഗമായിരുന്ന കാലത്ത് ഒരു ദിവസം ടീം മാനേജ്മെന്റ് ഖാലിദ് ജമീലിനെ ഓഫിസിലേക്കു വിളിപ്പിച്ചു.
നാളെ മുതൽ ജൂനിയർ ടീമിന്റെ പരിശീലകനാകണം എന്ന് അവർ ഖാലിദിനോട് ആവശ്യപ്പെട്ടു. പരുക്കുമൂലം ഒരു മത്സരം പോലും കളിക്കാൻ പറ്റാതെ കരയ്ക്കിരുന്ന നേരമായിരുന്നെങ്കിലും പെട്ടെന്നൊരു ദിവസം കളി നിർത്തി പരിശീലകനാവാൻ പറഞ്ഞ ടീം മാനേജ്മെന്റിനു നേർക്കു ഖാലിദ് പൊട്ടിത്തെറിച്ചു. തനിക്കു പരിശീലകനാകാൻ പറ്റില്ലെന്നു കടുപ്പിച്ചു പറഞ്ഞു. പക്ഷേ, ടീം മാനേജ്മെന്റ് നിലപാടിൽ ഉറച്ചുനിന്നു. അതോടെ ഖാലിദിനു തന്റെ തീരുമാനം തിരുത്തേണ്ടിവന്നു.
അങ്ങനെ ‘ആക്സിഡന്റൽ കോച്ച്’ ആയി മാറിയ ഖാലിദ് ജമീലിനു കീഴിൽ പക്ഷേ, മുംബൈ എഫ്സിയുടെ അണ്ടർ 19 ടീം ലീഗ് ജേതാക്കളായി. തൊട്ടടുത്ത വർഷം വിദേശ പരിശീലകൻ ഡേവിഡ് ബൂത്ത് ക്ലബ് വിട്ടതിനു പിന്നാലെ ഖാലിദ് സീനിയർ ടീമിന്റെ പരിശീലകനായി! 33–ാം വയസ്സിൽ, ഐ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനായ ഖാലിദ് 6 സീസണുകളിൽ ടീമിന്റെ മുഖ്യപരിശീലകനായി തുടർന്നു.
കളിക്കാരനായിരുന്ന ഖാലിദിനെ അന്ന് ഒറ്റരാത്രി കൊണ്ടു പരിശീലകനാക്കിയ മുംബൈ എഫ്സിക്ക് അർഹതപ്പെട്ടതാണ് പിന്നീട് ഇതുവരെ നേടിയതൊക്കെയും.
ഐസോൾ വിപ്ലവംമിസോറം ക്ലബ് ഐസോൾ എഫ്സി 2017ൽ നേടിയ ഐ ലീഗ് കിരീടവിജയമാണ് പരിശീലകനെന്ന നിലയിൽ ഖാലിദ് ജമീലിനെ ശ്രദ്ധേയനാക്കിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് ഐ ലീഗ് ജയിക്കുന്ന ആദ്യത്തെ ക്ലബ്ബായി ഐസോൾ. പിന്നാലെ, കൊൽക്കത്ത ക്ലബ്ബുകളായ ഈസ്റ്റ് ബംഗാളിലേക്കും മോഹൻ ബഗാനിലേക്കും ഖാലിദ് എത്തി. 2019–20 സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സഹപരിശീലകനായാണ് ഐഎസ്എലിലെത്തുന്നത്.
വിദേശ പരിശീലകർ മാത്രമുണ്ടായിരുന്ന കാലത്ത് ഖാലിദ് ജമീൽ 2020–21 സീസണിൽ നോർത്ത് ഈസ്റ്റിന്റെ ഇടക്കാല പരിശീലകനായി. 2022ൽ ഐഎസ്എൽ പരിശീലകനാകുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതിയോടെ നോർത്ത് ഈസ്റ്റിന്റെ മുഖ്യ പരിശീലകനായി. ഇടക്കാലത്ത് ഐഎസ്എലിൽനിന്നു മാറിയശേഷം ജംഷഡ്പുർ എഫ്സിയുടെ പരിശീലകനായി തിരിച്ചെത്തിയ ഖാലിദ് അവിടെനിന്നാണ് ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്കു കസേര മാറ്റിയിടുന്നത്.
ഇന്ത്യൻ ദേശീയ ടീമിന്റെ സമീപകാലത്തെ മോശം പ്രകടനങ്ങൾക്കു പരിഹാരം കാണുകയെന്ന വലിയ ഉത്തരവാദിത്തമാണു ഖാലദിന്റെ തലയിലുള്ളത്. 29ന് ആരംഭിക്കുന്ന കാഫ നേഷൻസ് കപ്പാണ് ഖാലിദിന്റെ ആദ്യ അസൈൻമെന്റ്. പിന്നാലെ, ഒക്ടോബർ 9, 14 തീയതികളിൽ എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളുണ്ട്. ഈ മത്സരങ്ങളിലെല്ലാം വിജയം മാത്രമാണു പോംവഴി.
English Summary:








English (US) ·