മെറിലാൻഡിന്‍റെ വിനീത് ശ്രീനിവാസൻ ചിത്രം! വിതരണ അവകാശം സ്വന്തമാക്കി ഫാർസ് ഫിലിംസ്

6 months ago 6

Authored by: ഋതു നായർ|Samayam Malayalam16 Jul 2025, 9:44 am

ചിത്രത്തിൽ നായകനായെത്തുന്നത് നോബിള്‍ ബാബുവാണ്. ‘തിര’യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.

വിനീത് ശ്രീനിവാസൻവിനീത് ശ്രീനിവാസൻ (ഫോട്ടോസ്- Samayam Malayalam)
‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ഓവർസീസ് വിതരണ അവകാശം സ്വന്തമാക്കി ഫാർസ് ഫിലിംസ്. 'പ്രൊഡക്ഷൻ നമ്പർ‍ - 3' എന്നാണ് ചിത്രം താൽക്കാലികമായി നാമകരണം ചെയ്‌തിരിക്കുന്നത്. മിഡിൽ ഈസ്റ്റിലെ പ്രമുഖ സിനിമ വിതരണ കമ്പനിയായ ഫാർസ് ഫിലിംസിന്‍റെ ഉടമയായ അഹമ്മദ് ഗോൽച്ചിൻ എന്ന ഗുൽഷനുമായി നിൽക്കുന്ന ചിത്രങ്ങൾ സഹിതം പങ്കുവെച്ചുകൊണ്ടാണ് വിശാഖ് പുതിയ വിശേഷം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും നിർമ്മാതാവിന്‍റെ കുപ്പായമണിയുന്നത്. മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം.

ഞങ്ങളെപ്പോലുള്ള യുവാക്കളോട് നിങ്ങൾ കാണിച്ച സ്നേഹവും പിന്തുണയും വളരെയധികം പ്രോത്സാഹിപ്പിക്കുന്നതും ഏറെ അർത്ഥവത്തായതുമാണ്. മെറിലാൻഡ് സിനിമാസിലെ ഇതുവരെയുള്ള ഞങ്ങളുടെ എല്ലാ പ്രോജക്റ്റുകളിലും നിങ്ങളുമായി സഹകരിക്കാൻ കഴിഞ്ഞത് ഞങ്ങൾക്ക് ഒരു ബഹുമതിയാണ്. നിങ്ങളുടെ പിന്തുണയ്ക്കും ആശംസകൾക്കും നന്ദി'', വിശാഖ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

''മെറിലാൻഡ് സിനിമാസിന്‍റെയും ഹാബിറ്റ് ഓഫ് ലൈഫിന്‍റെയും സഹനിർമ്മാണമായ 'പ്രൊഡക്ഷൻ നമ്പർ 3' എന്ന ഞങ്ങളുടെ വരാനിരിക്കുന്ന ചിത്രത്തിന്‍റെ ഓവർസീസ് തിയേറ്റർ അവകാശം ഫാർസ് ഫിലിംസിലെ അഹമ്മദ് ഗോൽച്ചിൻ സ്വന്തമാക്കിയതായി അറിയിക്കുന്നതിൽ ഏറെ അഭിമാനവും ആവേശവും ഉണ്ട്. 'ലവ് ആക്ഷൻ ഡ്രാമ', 'ഹൃദയം', 'വർഷങ്ങൾക്കു ശേഷം' എന്നിവയ്ക്ക് ശേഷം ഇത് ഞങ്ങളുടെ നാലാമത്തെ സഹകരണമാണ്. ഞങ്ങളോപ്പം നിന്നതിന് ഗോൽച്ചിൻ സർ, നന്ദി.

മെറിലാൻഡ് 1955ൽ പുറത്തിറക്കിയ ‘സിഐഡി’ മലയാളത്തിലെ തന്നെ ആദ്യം ക്രൈം ത്രില്ലർ സിനിമയായിരുന്നു. ഈ ചിത്രം എഴുപത് വർഷം തികയുന്ന വേളയിലാണ് ഒരു ത്രില്ലർ സിനിമയുമായി വീണ്ടും മെറിലാൻഡ് എത്തുന്നത്. പ്രണയത്തിനും സൗഹൃദത്തിനും കുടുംബ ബന്ധങ്ങള്‍ക്കും ഒക്കെ പ്രാധാന്യം നൽകുന്ന സിനിമകളാണ് വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളിൽ കൂടുതലും. ത്രില്ലർ സിനിമയുമായി വിനീത് എത്തുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.

വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ജോർജിയ, റഷ്യയുടെയും അസർബൈജാന്‍റെയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂർത്തിയായിരിക്കുന്നത്. 2024 ഏപ്രിൽ മുതൽ ഒരു വർഷമെടുത്താണ് ലൊക്കേഷൻ കണ്ടെത്തി പ്രീ പ്രൊഡക്ഷൻ‌ ജോലികൾ നടന്നത്. ഷിംല, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ 5 ദിവസത്തെ ഷൂട്ടിങ് നടന്നിരുന്നു. ഒറ്റ ദിവസത്തെ ഷൂട്ടിങ് മാത്രമാണ് കേരളത്തിൽ (കൊച്ചി) നടക്കുകയുണ്ടായത്.

പൂജ റിലീസായി സെപ്റ്റംബർ 25ന് തിയേറ്ററുകളിലെത്താനൊരുങ്ങുന്ന സിനിമയുടെ ടൈറ്റിൽ വരും ദിവസങ്ങളിൽ പുറത്തിറക്കാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ ഷാൻ റഹ്മാനാണ് സംഗീതം. തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്‍റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങൾക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്. നായകനായ നോബിൾ ബാബു തോമസാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ‘ജേക്കബിന്‍റെ സ്വർഗരാജ്യം’ നിർമിച്ച നോബിൾ ബാബു ഹെലന്‍റെ രചയിതാക്കളിൽ ഒരാളായിരുന്നു, ഹെലനിൽ അഭിനയിച്ചിട്ടുമുണ്ട്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്‍റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

സംവിധായകൻ കെ. മധുവിന്‍റെ മകളും മരുമകനുമായ പാർവതി കെ. മധുവും മാധവ് രമേശുമാണ് ചിത്രത്തിന്‍റെ ലൈൻ പ്രൊഡ്യൂസർമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രാവൺ കൃഷ്ണകുമാർ. മാക്ക് ഈറാക്‌ലി മക്കത്സാറീയ (മാക്ക് പ്രൊഡക്ഷൻസ്) ആണ് ജോർജിയയിലെ ലൈൻ പ്രൊഡ്യൂസർ. വസ്ത്രാലങ്കാരം: മാഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്ദിരൂർ, ക്രിയേറ്റീവ് ഡയറക്ടർ: ഷാരൂഖ് റഷീദ്, സംഘട്ടനം: ലസാർ വർദുകദ്സെ, നോബിൾ ബാബു തോമസ്, ഈറാക്‌ലി സബനാഡ്സെ, പ്രൊ‍ഡക്ഷൻ ഡിസൈനർ: വിനോദ് രവീന്ദ്രൻ, കലാസംവിധാനം: അരുൺ കൃഷ്ണ, മേക്കപ്പ്: മനു മോഹൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: അഭയ് വാരിയർ, സ്റ്റിൽസ്: അനൂപ് ചാക്കോ, ഫിനാൻസ് കൺട്രോൾ: വിജേഷ് രവി, ടിൻസൺ തോമസ്, പിആർഒ ആതിര ദിൽജിത്ത്.
Read Entire Article