മെസി ഡിസംബറിൽ ഇന്ത്യയിലേക്ക്; പുതിയ യാത്രാപദ്ധതിയിൽ കേരളം ഇല്ല?

7 months ago 6

Messi

ലോകകപ്പ് കിരീടത്തിൽ മുത്തമിടുന്ന മെസ്സി | Photo: AP

ന്യൂഡല്‍ഹി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഇന്ത്യയിലേക്ക് വരുന്നു. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നീ പ്രധാന നഗരങ്ങള്‍ ടീം സന്ദര്‍ശിക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ, ഇതു സംബന്ധിച്ച് മെസ്സിയോ അർജന്റീന ഫുട്ബോൾ അസോസിയേഷനോ ഔദ്യോഗികമായി വിശദീകരണമൊന്നും നൽകിയിട്ടില്ല.

ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച് മെസ്സിയുടെ യാത്രാപരിപാടിയിൽ കേരളം ഉൾപ്പെട്ടിട്ടില്ല. ഈവർഷം ഒക്ടോബറിലോ നവംബറിലോ കേരളത്തിലെത്തി സൗഹൃദമത്സരം കളിക്കുമെന്നാണ് സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹ്‌മാൻ നേരത്തെ പറഞ്ഞത്.

മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് ഡിസംബര്‍ 13 മുതല്‍ 15 വരെയുള്ള മൂന്നു ദിവസമാണ് ഇന്ത്യയിലുണ്ടാവുക. ഇന്ത്യന്‍ പര്യടനത്തില്‍ മെസ്സി തന്റെ മഹത്തായ കരിയറിനെയും കായികരംഗത്തോടുള്ള പ്രതിബദ്ധതയും പ്രതിപാദിക്കുന്ന പരിപാടികളില്‍ പങ്കെടുക്കും.

കൊല്‍ക്കത്തയിലെ പ്രശസ്തമായ ഈഡന്‍ ഗാര്‍ഡന്‍സ് വേദിയില്‍ മെസ്സിയെ ആദരിക്കുമെന്ന് ബംഗാളി മാധ്യമമായ സീ 24 റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെയുള്ളവര്‍ ആഘോഷച്ചടങ്ങില്‍ പങ്കെടുക്കും. കൊല്‍ക്കത്തയില്‍ മെസ്സി, കുട്ടികള്‍ക്കായി ഒരു ഫുട്‌ബോള്‍ ശിൽപശാല നടത്തുകയും ഫുട്‌ബോള്‍ ക്ലിനിക്ക് ആരംഭിക്കുകയും ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഗോട്ട് കപ്പ് (GOAT Cup) എന്ന പേരില്‍ ഒരു സെവന്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

ഡെൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുംബൈയിൽ സച്ചിൻ തെണ്ടുൽക്കറെയും സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. ഇവിടങ്ങളിൽ ഫുട്‌ബോള്‍ ശിൽപശാലകളിൽ സംബന്ധിക്കുമെന്നുമാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

ഇത്തവണത്തെ വരവില്‍ ഫുട്‌ബോള്‍ മത്സരമുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം ഗോട്ട് കപ്പിന് സാക്ഷ്യം വഹിക്കുകയാവും ചെയ്യുക. ബോളിവുഡ് താരങ്ങളും ക്രിക്കറ്റര്‍മാരും ഫുട്‌ബോള്‍ താരങ്ങളും അണിനിരക്കുന്ന സെവന്‍സ് ടൂര്‍ണമെന്റാണിത്. കൂടാതെ മറ്റു സംഗീത പരിപാടികളിലും പങ്കെടുക്കും. സതാദ്രു ദത്ത എന്ന വ്യക്തിയാണ് മെസ്സിയെ കൊല്‍ക്കത്തയിലെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ മാറഡോണയെയും റൊണാള്‍ഡീന്യോയെയും കൊല്‍ക്കത്തയിലേക്ക് കൊണ്ടുവന്നതും ഇദ്ദേഹംതന്നെയായിരുന്നു.

മെസ്സിയുടെ രണ്ടാം ഇന്ത്യാ സന്ദർശനമാണിത്. 2011 സെപ്റ്റംബറില്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയ്‌ക്കെതിരായ സൗഹൃദ മത്സരത്തിന് മെസ്സി ഇന്ത്യയിലെത്തിയിരുന്നു. അന്നാണ് മെസ്സി ആദ്യമായി അര്‍ജന്റീനയുടെ ക്യാപ്റ്റനായത്. മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്റീന ജയിക്കുകയുംചെയ്തു.

Content Highlights: messi and argentina shot squad sojourn india

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article