മെസിയില്ലാത്ത അർജന്റീനയെ തകർത്ത് എക്വഡോർ; ബൊളീവിയക്കെതിരേ ബ്രസീലിനും തോൽവി

4 months ago 4

10 September 2025, 09:35 AM IST

enner valencia, miguel terceros

എന്നർ വലൻസിയ, മിഗ്വെൽ ടെർസറോസ് | ഫോട്ടോ - x.com/FIFAWorldCup

ക്വിറ്റോ (എക്വഡോർ): 2026 ലോകകപ്പ് യോഗ്യതാ ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും തോല്‍വി. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അഭാവത്തില്‍ ഇറങ്ങിയ അര്‍ജന്റീന എക്വഡോറിനെതിരേ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെട്ടത്. ബ്രസീലിനെ ഒരു ഗോളിന് ബൊളീവിയയും തകര്‍ത്തു. പെനാല്‍റ്റി വഴങ്ങിയതാണ് രണ്ട് രാജ്യങ്ങള്‍ക്കും തിരിച്ചടിയായത്. എക്വഡോറിനായി എന്നര്‍ വലന്‍സിയയും ബൊളീവിയക്കായി മിഗ്വെല്‍ ടെര്‍സറോസും പെനാല്‍റ്റി ഗോളുകള്‍ നേടി. ആദ്യപകുതിയിലാണ് ഇരുടീമുകളുടെയും ഗോളുകള്‍.

അര്‍ജന്റീനയ്ക്കുമേല്‍ എക്വഡോറും ബ്രസീലിനുമേല്‍ ബൊളീവിയയും ആധിപത്യം പുലര്‍ത്തുന്ന കാഴ്ചയാണ് മത്സരത്തിലുടനീളം കണ്ടത്. 31-ാം മിനിറ്റില്‍ പ്രതിരോധതാരം നിക്കോളാസ് ഓട്ടമെന്‍ഡി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി. 50-ാം മിനിറ്റില്‍ ബൊളീവിയയുടെ മൊയ്‌സസ് കസെയ്‌ഡോയും ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതോടെ രണ്ട് ടീമും പത്തുപേരായി ചുരുങ്ങി. പന്തടക്കത്തില്‍ മുന്നില്‍ നിന്നിട്ടും അര്‍ജന്റീനയ്ക്ക് ലക്ഷ്യത്തിലെത്താനായില്ല.

ആദ്യപകുതിയുടെ ഇന്‍ജുറി സമയത്തെ പെനാല്‍റ്റി ഗോളാണ് ബ്രസീലിന്റെ നെഞ്ചുതകര്‍ത്തത്. പന്ത് കൂടുതല്‍ നേരം കൈവശംവെച്ചിട്ടും ബ്രസീലിന് അതിന്റെ ആനുകൂല്യം ലഭിച്ചില്ല. അതേസമയം ബൊളീവിയ മികച്ച ഷോട്ടുകളുമായി കളംനിറഞ്ഞു. യോഗ്യതാ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ അര്‍ജന്റീന പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. എക്വഡോര്‍ രണ്ടാമതും. ബ്രസീല്‍ അഞ്ചും ബൊളീവിയ ഏഴും സ്ഥാനത്ത്. അതിനിടെ മറ്റൊരു മത്സരത്തില്‍ കൊളംബിയ വെനസ്വേലയെ മൂന്നിനെതിരേ ആറ് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. പരഗ്വായ് ഏകപക്ഷീയമായ ഒരുഗോളിന് പെറുവിനെ തകര്‍ത്തു. ചിലി - യുറഗ്വായ് മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

Content Highlights: World Cup 2026 Qualifying: Shocking Defeats for Argentina and Brazil successful South American Clash

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article