കൊൽക്കത്ത∙ സിറ്റി ഓഫ് ജോയ് ഇന്നലെ അക്രമത്തിന്റെ സിറ്റിയായി; ഇതിഹാസതാരം ലയണൽ മെസ്സിയെ നേരിൽ കാണാനെത്തിയവർ നിരാശരായപ്പോൾ ഫുട്ബോളിന്റെ തറവാട്ടുമുറ്റമായി അറിയപ്പെട്ടിരുന്ന സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ അരങ്ങേറിയത് കൊൽക്കത്ത മറക്കാനാഗ്രഹിക്കുന്ന സംഭവങ്ങളാണ്. സംഘാടനത്തിലെ പിഴവുകൊണ്ട്, ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ നാണംകെട്ട അധ്യായങ്ങളിലൊന്നായി മാറി മെസ്സിയുടെ കൊൽക്കത്ത സന്ദർശനം.
കൊൽക്കത്തയിൽ ഇന്നലെ സംഭവിച്ചത്:
2.26
ലയണൽ മെസ്സി കൊൽക്കത്ത വിമാനത്താവളത്തിലിറങ്ങുന്നു. ഒപ്പം, ഇന്റർ മയാമി താരങ്ങളായ ലൂയി സ്വാരെസും റോഡ്രിഗോ ഡി പോളും
9.30
ഹോട്ടലിൽ ക്ഷണിക്കപ്പെട്ട ആരാധകരെ കാണുന്നു, പ്രാതൽ കഴിക്കുന്നു. ഷാറൂഖ് ഖാൻ മെസ്സിയെ കാണുന്നു, ഫോട്ടോയെടുക്കുന്നു.
10.00
രാവിലെ മെസ്സി എത്തും മുൻപേ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തിൽ സാംസ്കാരിക പരിപാടികൾ ആരംഭിക്കുന്നു.
11.35
മെസ്സി കാറിൽ സ്റ്റേഡിയത്തിൽ എത്തുന്നു. സിന്തറ്റിക് ട്രാക്കിനു സമീപം നിർത്തിയ കാറിൽനിന്ന് പുറത്തിറങ്ങുന്നു, കാതടപ്പിക്കുന്ന ആരവം. അമ്പരപ്പിൽ മെസ്സി.
11.36
ഗ്രൗണ്ടിലിറങ്ങിയ മെസ്സിക്കു ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥർ. ഒപ്പം സംഘാടകരും. അവർക്കിടയിലൂടെ ഇടിച്ചുകയറാൻ ശ്രമിക്കുന്ന ആളുകൾ.
11.38
മൈതാന മധ്യത്തിലെത്തിയ മെസ്സിയുടെ ചുറ്റും നിൽക്കുന്നവർ മാറണമെന്നു മുഖ്യ സംഘാടകൻ ശതാദ്രു ദത്ത മൈക്കിലൂടെ അറിയിക്കുന്നു. ആരും ഗൗനിക്കുന്നില്ല. മെസ്സിക്കു ചുറ്റുമുള്ള ആൾക്കൂട്ടം വർധിക്കുന്നു.
11.41
സ്റ്റേഡിയത്തിന്റെ കിഴക്കേ ഗാലറിക്കുനേരേ തിരിഞ്ഞ മെസ്സി ചിരിയോടെ രണ്ടുകൈകളും ഉയർത്തി ആരാധകരെ അഭിവാദ്യം ചെയ്യുന്നു, സ്റ്റേഡിയം ആരവത്തിൽ മുങ്ങുന്നു.
11.45
മെസ്സിയുമായി സൈഡ് ലൈനിൽ സജ്ജമാക്കിയ വിഐപി പവിലിയനിലേക്കു നീങ്ങാൻ ശതാദ്രു ടീമിന്റെ ശ്രമം.
11.48
സുരക്ഷാ ഉദ്യോഗസ്ഥരും ചില പൊലീസ് ഉദ്യോഗസ്ഥരും വൊളന്റിയർമാരുംവരെ പവലിയനിൽ മെസ്സിക്കൊപ്പം ഇടിച്ചുനിന്നു പടമെടുക്കാൻ ശ്രമിക്കുന്നു.
11.50
മാറിനിൽക്കാനുള്ള അഭ്യർഥനകൾ ഫലിക്കാതെ വന്നതോടെ സംഘാടകർ തീരുമാനം മാറ്റുന്നു. മെസ്സിയുമായി സ്റ്റേഡിയത്തിൽനിന്നു മടങ്ങുന്നു.
11.56
മെസ്സി മടങ്ങുന്ന കാഴ്ച വിശ്വസിക്കാനാവാതെ തരിച്ചിരുന്ന ഗാലറികൾ ക്രോധത്താൽ ഇളകുന്നു. സ്റ്റേഡിയത്തിലെ അന്തരീക്ഷം പൊടുന്നനെ മാറുന്നു. കുപ്പിയേറ്, ആക്രോശം. ഗാലറിയിലെ കസേരകൾ തകർത്ത് കളിക്കളത്തിലേക്കു കൂട്ടമായി എറിഞ്ഞു. സ്പോൺസർമാരുടെ ബോർഡുകൾ തകർത്തു വലിച്ചെറിഞ്ഞു. ബാരിക്കേഡുകളും സ്ഥിരം വേലിക്കെട്ടുകളും പൊളിച്ച് ജനക്കൂട്ടം ഗ്രൗണ്ടിലിറങ്ങി. പൊലീസ് ലാത്തിച്ചാർജ് തുടങ്ങുന്നു. ലാത്തിയടിയിൽനിന്നു രക്ഷപ്പെടാൻ കാണികൾ തിരികെ ഗാലറിയിലേക്ക്. വേലിക്കെട്ടു ചാടിക്കടക്കുമ്പോൾ വീണു പലർക്കും പരുക്ക്.
12.20
ഭൂരിഭാഗം പൊലീസുകാരും കളിക്കളംവിടുന്നു. ജനം ഗ്രൗണ്ട് കയ്യടക്കി. സംഘാടകർക്കെതിരെ മുദ്രാവാക്യങ്ങൾ. ആൾക്കൂട്ടത്തിൽ ബജ്‌രംഗ്ദൾ പതാകയുമായി ഒരു സംഘത്തിന്റെ പ്രകടനം. സംഘപരിവാറിന്റെ അട്ടിമറി സംശയിക്കുന്നതായി ചില തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
12.50
സ്റ്റേഡിയത്തിലേക്ക് പൊലീസ് കൂടുതലായെത്തുന്നു. ആളുകളെ പറഞ്ഞു പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. ചിലരോടു മാത്രം ബലപ്രയോഗം. ആളുകൾ പിരിഞ്ഞു പോകുന്നു.
English Summary:








English (US) ·