Published: December 14, 2025 11:23 PM IST
1 minute Read
കൊൽക്കത്ത∙ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ വരവിനു പിന്നാലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷത്തിൽ, അറസ്റ്റിലായ മുഖ്യ സംഘാടകൻ ശതാദ്രു ദത്തയ്ക്കു ജാമ്യമില്ല. ദത്തയെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽവിട്ടു. ‘എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവ് (എഎസ്ഡിഐ)’ എന്ന പേരിൽ 2011ൽ തുടങ്ങിയ സ്ഥാപനമാണു മെസ്സിയെ കൊൽക്കത്തയിലെത്തിച്ചത്. സ്റ്റേഡിയത്തിലെ പരിപാടി അലങ്കോലമായതിനു പിന്നാലെ പതിനായിരങ്ങൾ മുടക്കി ടിക്കറ്റെടുത്ത ആരാധകർ ഗ്രൗണ്ട് കയ്യേറിയിരുന്നു. രാജ്യാന്തര തലത്തിൽ തന്നെ വലിയ നാണക്കേടായതോടെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മാപ്പു പറഞ്ഞ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
പ്രശ്നങ്ങളുണ്ടായി മണിക്കൂറുകൾക്കു ശേഷമാണ് ശതാദ്രുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊൽക്കത്ത വിടാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് ശതാദ്രുവിനെ പിടികൂടിയത്. ഹൈദരാബാദിലേക്കു പോകുന്നതിനായി വിമാനത്താവളത്തിലേക്കു പുറപ്പെട്ട മെസ്സിയെയും സംഘത്തെയും ശതാദ്രുവും പിന്തുടരുകയായിരുന്നു. കൊൽക്കത്തയിൽ വലിയ പ്രശ്നങ്ങളുണ്ടായെങ്കിലും ശതാദ്രു സ്റ്റേഡിയത്തിൽ തുടരാൻ തയാറായിരുന്നില്ല. എന്നാൽ നിർദേശങ്ങൾ ലഭിച്ചതോടെ നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ശതാദ്രുവിനെ തടഞ്ഞുവച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 12.25 ഓടെ വിമാനത്താവളത്തിലെത്തിയ ശതാദ്രു സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി 12.40ന് വിമാനത്തിൽ കയറിയിരുന്നു. വിമാനത്താവളത്തിലെത്തിയ ബംഗാൾ ഡിജിപി രാജീവ് കുമാറിന്റെ നേതൃത്വത്തിലാണ് ശതാദ്രുവിനെ തടഞ്ഞത്. മെസ്സിക്കൊപ്പം അതേ വിമാനത്തിൽ തന്നെ യാത്ര ചെയ്യാനായിരുന്നു സംഘാടകന്റെ ശ്രമം.
ഉച്ചയ്ക്ക് ഒരു മണിയോടെ ശതാദ്രുവിനെ വിമാനത്തിൽനിന്നു പുറത്തിറക്കി മറ്റൊരു വാഹനത്തിൽ കയറ്റികൊണ്ടുപോകുകയായിരുന്നു. സ്റ്റേഡിയത്തിലെത്തി നിരാശരായവർക്കു പണം കൈമാറുമെന്ന് ശതാദ്രു അറിയിച്ചെങ്കിലും പൊലീസ് അറസ്റ്റ് നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. മെസ്സിയും സംഘവും 2.34നാണ് കൊൽക്കത്തയിൽനിന്ന് ഹൈദരാബാദിലേക്കു പുറപ്പെട്ടത്.
English Summary:








English (US) ·