മെസ്സി വരില്ലാ....ട്ടോ!!! തുടർച്ചയായ അവകാശവാദങ്ങള്‍ക്കൊടുവിൽ മന്ത്രി തന്നെ സമ്മതിച്ചു

5 months ago 5

മനോരമ ലേഖകൻ

Published: August 05 , 2025 11:28 AM IST

1 minute Read

  • ഒക്ടോബർ 25ന് മെസ്സി കേരളത്തിൽ എത്തുമെന്നും നവംബർ രണ്ടുവരെ ഇവിടെ ഉണ്ടാകുമെന്നും വരെ പഴയ പ്രഖ്യാപനങ്ങൾ

 REUTERS/Matias Baglietto
ബൊളീവിയ്‌ക്കെതിരെ ഗോൾ നേടിയ അർജന്റീന താരം ലയണൽ മെസ്സിയുടെ ആഹ്‌ലാദം. ചിത്രം: REUTERS/Matias Baglietto

മലപ്പുറം ∙ ഫുട്ബോൾ മൈതാനത്തു ലയണൽ മെസ്സി നടത്തുന്ന ചില നീക്കങ്ങളിൽ എതിർ പ്രതിരോധം നിഷ്പ്രഭമായിപ്പോകാറുണ്ട്.  അർജന്റീന ടീമിന്റെ കേരളത്തിലേക്കുള്ള വരവുമായി ബന്ധപ്പെട്ടു മന്ത്രി വി.അബ്ദുറഹിമാൻ നടത്തിയ നീക്കങ്ങൾ പലപ്പോഴും കളത്തിലെ മെസ്സിയെ ഓർമിപ്പിച്ചു. കേട്ടിരിക്കുന്നവരെ ‘വൗ’ എന്ന് അതിശയപ്പെടാൻ നിർബന്ധിതരാക്കുന്ന പല പ്രസ്താവനകൾ ഒന്നര വർഷത്തിനിടെ അദ്ദേഹത്തിൽനിന്നുണ്ടായി. ‘മെസ്സി വരും കേട്ടോ’ എന്നു മോഹിപ്പിച്ചയാൾ  അതിനു സാധ്യതയില്ലെന്ന് ഒടുവിൽ  തുറന്നുപറഞ്ഞിരിക്കുന്നു. സംസ്ഥാനത്തെ മെസ്സി ആരാധകരാകട്ടെ,  പോസ്റ്റിനു മുന്നിൽ ഗോളിയില്ലാതിരുന്നിട്ടും പെനൽറ്റി പുറത്തേക്കടിച്ച കളിക്കാരന്റെ നിരാശയിലും. 

മെസ്സിയുടെ കേരള വരവുമായി ബന്ധപ്പെട്ട ചർച്ചകളുടെ കിക്കോഫ് കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു. മന്ത്രിയുടെ വക തന്നെയായിരുന്നു ആദ്യ കിക്ക്. സെപ്റ്റംബറിൽ സ്പെയിനിലെ മഡ്രിഡിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഫ്എഎ) പ്രതിനിധികളുമായി മന്ത്രിയും കായികവകുപ്പ് ഉദ്യോഗസ്ഥരും ചർച്ച നടത്തി. 2025 നവംബറിൽ മെസ്സിയും സംഘവും കേരളത്തിൽ കളിക്കാനെത്തുമെന്നു മന്ത്രി പ്രഖ്യാപിച്ചു. ഉയർത്തിയടിച്ച പന്ത് കരിയില കിക്കായി ഗോൾപോസ്റ്റിലേക്കു ചാഞ്ഞിറങ്ങുന്നതു കാണുന്ന അതേ രോമാഞ്ചത്തോടെ  ഫുട്ബോൾ പ്രേമികൾ കയ്യടിച്ചു. സംസ്ഥാന സർക്കാരുമായി ചേർന്നു കേരളത്തിൽ അക്കാദമികൾ തുടങ്ങാൻ എഫ്എഎക്കു പദ്ധതിയുണ്ടെന്നുകൂടി കേട്ടതോടെ ആനന്ദലബ്ധിക്കിനിയെന്തു വേണമെന്നായി സ്ഥിതി.

മെസ്സി എപ്പിസോഡിലെ മന്ത്രിയുടെ ‘ബൈസിക്കിൾ കിക്ക് ’ കഴിഞ്ഞ ജനുവരിയിലായിരുന്നു. ഒക്ടോബർ 25ന് മെസ്സി കേരളത്തിലെത്തുമെന്നും നവംബർ രണ്ടുവരെ ഇവിടെയുണ്ടാകുമെന്നുമായിരുന്നു പ്രഖ്യാപനം.  സ്വകാര്യ സ്ഥാപനം വിദ്യാർഥികൾക്കായി നടത്തിയ പരിപാടിയിലായിരുന്നു മന്ത്രിയുടെ നാളുകുറിക്കൽ.  

‘മെസ്സി വരവിനുള്ള’ മുഴുവൻ ചെലവും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും വഹിക്കുമെന്നായിരുന്നു ആദ്യ ധാരണ. അവർ പിന്മാറിയതിനാൽ, മറ്റൊരു സ്വകാര്യ കമ്പനി കളത്തിലിറങ്ങി. സ്പോൺസർ പണമടയ്ക്കാൻ വൈകിയതിനാൽ അനിശ്ചിതത്വമുണ്ടെന്ന ‘മഞ്ഞക്കാർഡ്’ ഇടയ്ക്കു മന്ത്രി ഉയർത്തിയിരുന്നു.  എല്ലാം ശരിയായെന്നും മെസ്സി വരുമെന്നും മന്ത്രിയും സ്പോൺസറും ഒരുമിച്ചു പറഞ്ഞതോടെ ആശങ്കയുടെ ആ ടാക്ലിങ്ങും മറികടന്നുവെന്നു തോന്നി.

‘മെസ്സിയുടെ വരവ്’ എന്ന നാടകത്തിന് ഒടുവിൽ  തിരശീല വീണിരിക്കുന്നു. നായകൻ അരങ്ങിലെത്തും മുൻപേ ക്ലൈമാക്സ് സംഭവിച്ച രോഷത്തിലാണു ഫുട്ബോൾ ആരാധകർ. പണം വാങ്ങിയ ശേഷം അർജന്റീന ടീം വാഗ്ദാനലംഘനം നടത്തിയെന്നാണു മന്ത്രി ഇപ്പോൾ പറയുന്നത്. അർജന്റീനയും മെസ്സിയും ഇതൊക്കെ അറിയുന്നുണ്ടോ ആവോ?

English Summary:

Messi's Kerala sojourn plans person been cancelled aft overmuch speculation. The archetypal announcement led to excitement, but the curate has present stated that Argentina broke their committedness aft receiving payment.

Read Entire Article