കൊൽക്കത്ത∙ അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഇന്നു രാത്രി ആരാധകരുടെ ആവേശത്തിലേക്കു പറന്നിറങ്ങും. 3 ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തുന്ന മെസ്സിക്കൊപ്പം അർജന്റീന താരം റോഡ്രിഗോ ഡി പോൾ, യുറഗ്വായുടെ ലൂയി സ്വാരെസ് എന്നിവരുണ്ടാകും.
‘എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവി’ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഗോട്ട് ഇന്ത്യ ടൂർ 2025’ പരിപാടിക്കായാണ് മെസ്സി ഇന്ത്യയിലെത്തുന്നത്. ദുബായിൽനിന്ന് ഇന്ന് അർധരാത്രി കൊൽക്കത്തയിൽ വിമാനമിറങ്ങുന്ന മെസ്സി നാളെ രാവിലെ ആരാധകരുമായുള്ള മുഖാമുഖത്തോടെയാണ് ഇന്ത്യയിലെ പരിപാടികൾക്കു തുടക്കം കുറിക്കുക. കൊൽക്കത്ത ശ്രീഭൂമി സ്പോർടിങ് ക്ലബ് നിർമിച്ച 70 അടി ഉയരമുള്ള മെസ്സി പ്രതിമ ലയണൽ മെസ്സി അനാവരണം ചെയ്യും. മെസ്സി നേരിട്ടെത്തി ചടങ്ങു നിർവഹിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയ പൊലീസ് ഇതു തടഞ്ഞു.
മെസ്സി ഹോട്ടൽമുറിയിൽനിന്ന് വെർച്വലായി അനാവരണച്ചടങ്ങ് നിർവഹിക്കും. ഉച്ചകഴിഞ്ഞ് ഹൈദാരാബാദിലേക്കു പോകുന്ന മെസ്സി അവിടെ പ്രദർശന മത്സരം കളിക്കും. പിറ്റേന്ന് മുംബൈയിലെ പരിപാടികൾക്കു ശേഷം 15ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച.
വിക്ടോറിയ സ്മാരകത്തിനു സമീപത്തെ താജ് ബംഗാൾ ഹോട്ടലിലാണു മെസ്സിയുടെയും സംഘത്തിന്റെയും താമസം. ലാറ്റിനമേരിക്കയുടെ തനതു വിഭവമായ യർബ മാറ്റേയാണു മെസ്സിയുടെ ഇഷ്ടപാനീയം. മാറ്റേയും അസം ചായയും സമന്വയിപ്പിക്കുന്ന ഫ്യൂഷൻ ചായയാണ് നാളെ രാവിലെ തനതു ബംഗാളി വിഭവങ്ങൾക്കൊപ്പം മെസ്സിക്കു പ്രാതലിനായി വിളമ്പുന്നത്.
‘അർജന്റീന ഫാൻ ക്ലബ് കൊൽക്കത്ത’ സോൾട്ട് ലേക്കിൽ മെസ്സിയുടെ മയാമിയിലെ വീടിന്റെ മാതൃകയുണ്ടാക്കി ആഘോഷം തുടങ്ങിക്കഴിഞ്ഞു. ‘ഹോല മെസ്സി’ എന്ന പേരിൽ ചടങ്ങുകളും സംഘടിപ്പിക്കുന്നുണ്ട്. മെസ്സിയുടെ കളിജീവിതം പ്രതിഫലിപ്പിക്കുന്ന മ്യൂസിയവും ഈ ദിവസങ്ങളിൽ തുറക്കുകയാണ്.
മെസ്സി നേടിയ കിരീടങ്ങൾ, ഗോൾഡൻ ബൂട്ട് തുടങ്ങിയവയുടെ മാതൃകകൾ ഇവിടെയുണ്ടാകും. മെസ്സിയുടെ 896 ഗോളുകളുടെ പ്രതിഫലനമായി അത്രയും ഫുട്ബോളുകൾ ഘടിപ്പിച്ച മേൽത്തട്ടും നിർമിച്ചിട്ടുണ്ട്.
മെസ്സിയുടെ പര്യടനം
ഡിസംബർ 13: കൊൽക്കത്ത, ഹൈദരാബാദ്
രാവിലെ 9.30: തിരഞ്ഞെടുക്കപ്പെട്ട ആരാധകരുമായി മുഖാമുഖം
10.30: മെസ്സി പ്രതിമ ഉദ്ഘാടനം (വെർച്വൽ)
11.30: സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ പൊതുപരിപാടി. ഒപ്പം ഷാറൂഖ് ഖാൻ
12.00: മുഖ്യമന്ത്രി മമത ബാനർജിയും സൗരവ് ഗാംഗുലിയും എത്തുന്നു. സൗഹൃദ മത്സരം, ആശംസകൾ, സംഗീതപരിപാടി.
വൈകിട്ട് 7.00 ഹൈദരാബാദിലെ പരിപാടികൾ
ഡിസംബർ 14: മുംബൈ
ഫാഷൻ ഷോ, പൊതുപരിപാടികൾ
ഡിസംബർ 15: ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച.
1.30: അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ പൊതുപരിപാടി.
English Summary:








English (US) ·