മെസ്സി വരുന്നു... കേരളത്തിലേക്കല്ല; ലയണൽ മെസ്സിയുടെ ഇന്ത്യ സന്ദർശനത്തിന്റെ വിശദാംശങ്ങൾ പുറത്ത്, കേരളത്തിൽ ‘സ്റ്റോപ്പില്ല’!

5 months ago 5

മനോരമ ലേഖകൻ

Published: August 03 , 2025 09:59 AM IST

1 minute Read

  • ഡിസംബറിൽ മെസ്സി 4 ഇന്ത്യൻനഗരങ്ങളിലെത്തും; കേരളത്തിൽ വരില്ല

ഇന്റർ മയാമി താരം ലയണൽ മെസ്സി പരിശീലനത്തിൽ.
ഇന്റർ മയാമി താരം ലയണൽ മെസ്സി പരിശീലനത്തിൽ.

കൊൽക്കത്ത ∙ കൊൽക്കത്തയിൽ ലാൻഡിങ്, 4 നഗരങ്ങളിൽ പരിപാടികൾ, ഇന്ത്യൻ ഫുട്ബോൾ ടീമംഗങ്ങളുമായി സംവാദം... ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഡിസംബറിലെ ഇന്ത്യ സന്ദർശനത്തിന്റെ വിശദാംശങ്ങൾ സംഘാടകർ പുറത്തുവിട്ടു. ഡിസംബർ 12ന് രാത്രി പത്തിന് കൊൽക്കത്തയിൽ വിമാനമിറങ്ങുന്ന മെസ്സി 15 വരെ ഇന്ത്യയിലുണ്ട്. കൊൽക്കത്തയ്ക്കു പുറമേ അഹമ്മദാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. ഇത്തവണത്തെ സന്ദർശനത്തിൽ കേരളത്തിൽ മെസ്സിക്ക് ‘സ്റ്റോപ്പില്ലെന്ന്’ സംഘാടകർ അറിയിച്ചതായും വാർത്താ ഏജൻസിയായ ‘പിടിഐ’ റിപ്പോർട്ട് ചെയ്തു. 

മെസ്സിയുടെ ഇന്ത്യ സന്ദർശനത്തെക്കുറിച്ചും പങ്കെടുക്കുന്ന പരിപാടികളെക്കുറിച്ചും ധാരണയിലെത്തിയെന്നും ഔദ്യോഗിക പ്രഖ്യാപനം ലയണൽ മെസ്സി തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ ഉടൻ നടത്തുമെന്നുമാണ് സംഘാടകരായ കമ്പനി പറയുന്നത്. ലയണൽ മെസ്സി ഉൾപ്പെടുന്ന അർജൻറീന ടീം കേരളത്തിൽ കളിക്കാൻ എത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇതുമായി ബന്ധമില്ല. ഒരു  സ്വകാര്യ കമ്പനിയാണ് മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ സംഘാടകർ. 

മെസ്സിയുടെ രണ്ടാം ഇന്ത്യ സന്ദർശനമാണിത്. 2011 സെപ്റ്റംബറിൽ കൊൽക്കത്തയിലെ സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടന്ന അർജന്റീന– വെനസ്വേല സൗഹൃദ ഫുട്ബോൾ മത്സരം കളിക്കാൻ മെസ്സി എത്തിയിരുന്നു. 

ഡിസംബർ 13– കൊൽക്കത്ത, അഹമ്മദാബാദ്ഡിസംബർ 12ന് രാത്രി കൊൽക്കത്തയിലെത്തുന്ന മെസ്സിയുടെ സന്ദർശനം ആരംഭിക്കുന്നത് ഡിസംബർ 13നാണ്. രാവിലെ 9ന് കൊൽക്കത്തയിൽ 70 അടി ഉയരത്തിൽ ഒരുങ്ങുന്ന തന്റെ പ്രതിമ മെസ്സി അനാഛാദനം ചെയ്യും. ലോകത്ത് നിലവിലുള്ളതിൽ മെസ്സിയുടെ ഉയരമേറിയ പ്രതിമയാകും ഇതെന്നാണ് സംഘാടകരുടെ അവകാശവാദം.

തുടർന്ന് സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന സോഫ്റ്റ്ബോൾ മത്സരത്തിൽ പങ്കെടുക്കും. ടെന്നിസ് താരം ലിയാൻഡർ പെയ്സ്, ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി, ഫുട്ബോൾ താരം ബൈചുങ് ബൂട്ടിയ തുടങ്ങിയവർ മെസ്സിക്കൊപ്പം അണിനിരക്കും.  സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ വൈകിട്ട് അഹമ്മദാബാദിലേക്ക് പോകും.

ഡിസംബർ 14– മുംബൈക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിൽ (സിസിഐ) പ്രമുഖരുമായി കൂടിക്കാഴ്ച. വൈകിട്ട് വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വീകരണച്ചടങ്ങിൽ ക്രിക്കറ്റ്, ബോളിവുഡ് താരങ്ങൾക്കൊപ്പം പ്രദർശന സോഫ്റ്റ്‍ബോൾ മത്സരം. തുടർന്ന് ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമംഗങ്ങളുമായി സംവാദം. 

ഡിസംബർ 15– ഡൽഹി15ന് ന്യൂഡൽഹിയിലെത്തുന്ന മെസ്സി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ഫിറോസ്‌ ഷാ കോട്‍ല സ്റ്റേഡിയത്തിൽ നടക്കുന്ന സ്വീകരണച്ചടങ്ങിൽ ആരാധകരെ അഭിസംബോധന ചെയ്യും.

English Summary:

Lionel Messi's India Tour Confirmed: Kolkata, Mumbai, Delhi connected Schedule

Read Entire Article