മെസ്സി വരുമെന്ന് വീണ്ടും കായികമന്ത്രി; 'സ്പെയിനിൽ പോയത് സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് കൂടി'

5 months ago 5

messi-kerala-visit-update

Photo: mathrubhumi archives, AFP

തിരുവനന്തപുരം: കേരളത്തിലേക്ക് അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി വരുമെന്ന് ആവർത്തിച്ച് കായികമന്ത്രി വി. അബ്ദുറഹ്മാൻ. അർജൻ്റീന ടീം വരില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ഒക്ടോബറിലോ നവംബറിലോ വരുമെന്നാണ് കേരള സർക്കാരിനെ അറിയിച്ചതെന്നും കായികമന്ത്രി പറഞ്ഞു. അതേസമയം സ്പെയിൻ യാത്ര നടത്തിയത് അർജന്റീന ഫുട്ബോൾ അസോസിയേഷനെ കാണാൻ വേണ്ടി മാത്രമല്ലെന്നും മന്ത്രി വിശദീകരിച്ചു.

അർജൻ്റീന ടീം വരില്ലെന്ന് പറഞ്ഞിട്ടില്ല. അർജൻ്റീന വരും, നവംബറിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്. ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ വരുമെന്നാണ് കേരള സർക്കാരിനെ അറിയിച്ചത്. വരില്ലെന്ന് അവർ പറഞ്ഞിട്ടില്ല. മുംബൈയിൽ മെസ്സി എത്തുന്നത് സ്വകാര്യ സന്ദർശനമാണ്. - വി. അബ്ദുറഹ്മാൻ പറഞ്ഞു.

ആദ്യത്തെ സ്പോൺസർ ആണ് വരുമെന്ന പ്രഖ്യാപനം കഴിഞ്ഞവർഷം ആദ്യം നടത്തിയത്. എന്നാൽ സ്പോൺസർ ഒഴിഞ്ഞപ്പോൾ ആശങ്കയുണ്ടായി. ഇപ്പോഴത്തെ സ്‌പോൺസറുമായി സംസാരിച്ച് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടുതൽ അറിയിക്കാം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് മെസ്സി വരുന്നത് സ്വകാര്യ സന്ദർശനമാണെന്നും മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.

സ്പെയിനിൽ പോയത് അർജന്റീന ഫുട്ബോൾ അസോസിയേഷനെ കാണാൻ വേണ്ടി മാത്രമല്ല. തിരുവനന്തപുരത്തെ സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് സ്പെയിനിലെ സ്പോർട്സ് കൗൺസിലുമായി ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരളസന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ കരാര്‍ ലംഘിച്ചെന്ന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) മാര്‍ക്കറ്റിങ് മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്സന്‍ ആരോപിച്ചതിനു പിന്നാലെയാണ് വിഷയം വീണ്ടും ചൂടുപിടിച്ചത്. ഇതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും സ്പോണ്‍സര്‍മാരാണ് അര്‍ജന്റീന ടീമുമായി കരാര്‍ ഒപ്പിട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞിരുന്നു. കരാറിലുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കരാറില്‍ തന്നെയുണ്ട്. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍ അതാണ് ഏറ്റവു വലിയ കരാര്‍ ലംഘനം. കേരളം കരാര്‍ ലംഘിച്ചു എന്ന് എങ്ങനെയാണ് അദ്ദേഹം പറയുകയെന്നും മന്ത്രി ചോദിക്കുകയുണ്ടായി.

മെസ്സിയെയും ടീമിനെയും കേരളത്തിലെത്തിക്കാന്‍ അര്‍ജന്റീനാ ഫുട്ബോള്‍ അസോസിയേഷന് 130 കോടി രൂപ നല്‍കിയിരുന്നുവെന്ന് സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് എംഡി ആന്റോ അഗസ്റ്റിന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പറഞ്ഞിരുന്നു. ഈ വര്‍ഷം അര്‍ജന്റീന കേരളത്തില്‍ കളിക്കാമെന്ന കരാറില്‍ അസോസിയേഷന്‍ ഒപ്പിട്ടിട്ടുണ്ട്. അടുത്തവര്‍ഷം സെപ്റ്റംബറില്‍ കളിക്കാനെത്തുമെന്നാണ് ഇപ്പോള്‍ അവരുടെ നിലപാട്. ഈവര്‍ഷം എത്തുന്നുണ്ടെങ്കിലേ മത്സരം സംഘടിപ്പിക്കാന്‍ താത്പര്യമുള്ളൂ. കരാര്‍ റദ്ദാകുന്നത് വലിയ സാമ്പത്തികനഷ്ടത്തിന് കാരണമാകും. കരാര്‍ ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞതിനു പിന്നാലെയായിരുന്നു കരാര്‍ ലംഘിച്ചത് സംസ്ഥാന സര്‍ക്കാരാണെന്ന് ലിയാന്‍ഡ്രോ പീറ്റേഴ്സന്‍ പറഞ്ഞത്.

2025-ല്‍ മെസ്സിയെയും അര്‍ജന്റീനിയന്‍ ടീമിനെയും കേരളത്തില്‍ എത്തിക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ പ്രഖ്യാപിച്ചത് 2024-ലാണ്. കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീനന്‍ ഫുട്ബോള്‍ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് അന്ന് കായിക മന്ത്രി പറഞ്ഞത്. കേരളത്തിലെ കായിക സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അര്‍ജന്റീനന്‍ ഫുട്ബോള്‍ ഫെഡറേഷനുമായി ചര്‍ച്ച നടത്തിയതെന്നും മന്ത്രി പ്രതികരിച്ചിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറയുകയായിരുന്നു.

Content Highlights: Kerala`s Minister V. Abdurahiman says Lionel Messi and the Argentinian squad sojourn kerala

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article