Published: December 16, 2025 09:05 AM IST
1 minute Read
കൊൽക്കത്ത∙ അർജന്റീന ഫുട്ബോൾ ഇതിഹാസം ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിന് ബംഗാളി നടി സുഭശ്രീ ഗാംഗുലിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക സൈബറാക്രമണം. ഇതിനെതിരെ നടിയുടെ ഭർത്താവും സിനിമാ നിർമാതാവുമായ രാജ് ചക്രവർത്തി പൊലീസിൽ പരാതി നൽകി. ഭാര്യയെ അനാവശ്യമായി അധിക്ഷേപിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നോർത്ത് 24 പർഗാനാസ് ജില്ലയിലെ ടിറ്റാഗഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
‘ഗോട്ട് ടൂർ ഇന്ത്യ 2025’ന്റെ ഭാഗമായി മെസ്സി കൊൽക്കത്തയിൽ എത്തിയപ്പോഴാണ് സുഭശ്രീ ഗാംഗുലി, താരത്തോടൊപ്പം ചിത്രമെടുത്തത്. മെസ്സി താമസിച്ചിരുന്ന സെവൻ സ്റ്റാർ ഹോട്ടലിൽ നടന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ പരിപാടിയിൽ നടി പങ്കെടുത്തിരുന്നു. സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എത്തിയ വിഐപികൾക്കൊപ്പവും സുഭശ്രീ ഉണ്ടായിരുന്നു. മെസ്സിക്കൊപ്പമുള്ള ചിത്രം നടി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വ്യാപകമായ ട്രോളും സൈബറാക്രമണമവും ആരംഭിച്ചത്.
പരിപാടിയിൽ സുഭശ്രീ ഗാംഗുലിയെ പങ്കെടുപ്പിച്ചതു വരെ ചോദ്യം ചെയ്ത ചിലർ, ഇങ്ങനെയുള്ള ‘വിഐപി’കൾ കാരണമാണ് കൊൽക്കത്തയിലെ പരിപാടി അലങ്കോലമായതെന്നും ആരോപിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയ മെസ്സിയെ ജനപ്രതിനിധികളും ഉന്നതോദ്യോഗസ്ഥരും മുതൽ സുരക്ഷാ ഉദ്യോഗസ്ഥർ വരെ ചുറ്റുംനിന്ന് വളഞ്ഞിരുന്നു. ഇതോടെ ആൾത്തിരക്കിൽ അസ്വസ്ഥനായ മെസ്സി സ്റ്റേഡിയത്തിൽനിന്നു മടങ്ങുകയും ചെയ്തു. ഇതിനു പിന്നാലെ നിരാശരായ കാണികൾ ഗ്രൗണ്ട് കയ്യേറുകയായിരുന്നു.
ഈ വിവാദങ്ങൾക്കിടെ മെസ്സിക്കൊപ്പമുള്ള ചിത്രം സുഭശ്രീ പോസ്റ്റ് ചെയ്തതാണ് ചിലരെ ചൊടിപ്പിച്ചത്. സൈബറാക്രമണം അതികടന്നതോടെയാണ് തൃണമൂൽ കോൺഗ്രസ് എംഎൽഎ കൂടിയായ നടിയുടെ ഭർത്താവ് രാജ് ചക്രവർത്തി പൊലീസിൽ പരാതി നൽകിയത്. ‘‘ഒരു സിനിമാ നടി അവിടെ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു എന്നു ചോദിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ചില രാഷ്ട്രീയ നേതാക്കളോട്, ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു: ശുഭശ്രീ ഗാംഗുലിയെ നിങ്ങൾക്ക് എത്രത്തോളം നന്നായി അറിയാം? ഒരു നടിയായത് അവളെ മെസ്സി ആരാധികയാകുന്നതിൽ നിന്ന് അയോഗ്യയാക്കുമോ?’’– രാജ് ചക്രവർത്തി ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.
‘‘ശുഭശ്രീ ഒരു അമ്മയാണ്, ചിലപ്പോൾ സഹോദരിയാണ്, ചിലപ്പോൾ ഭാര്യയാണ്, ചിലപ്പോൾ നടിയാണ്, ചിലപ്പോൾ സുഹൃത്താണ്, ചിലപ്പോൾ ഒരു ആരാധിക മാത്രമാണ്. എല്ലാറ്റിനുമുപരി, അവർ ഒരു മനുഷ്യനാണ്. എന്നിട്ടും, അടിസ്ഥാന മാനുഷികതയുടെ എല്ലാ അതിരുകളും മറികടന്ന്, രാഷ്ട്രീയ നേതാക്കളും ഒരു വിഭാഗം മാധ്യമങ്ങളും നടി ശുഭശ്രീ ഗാംഗുലിയെ ലക്ഷ്യം വച്ചുകൊണ്ട് മീമുകൾ സൃഷ്ടിച്ചും ട്രോൾ ചെയ്തും ഒരു ബദൽ ആഖ്യാനം സൃഷ്ടിച്ചു.’’– രാജ് ചക്രവർത്തി കൂട്ടിച്ചേർത്തു.
English Summary:








English (US) ·