മെസ്സിക്ക് രണ്ടു ഗോൾ മിസ്സായി; ഫലം, സൂപ്പർതാരം ഗോളടിച്ച് ‘ഉദ്ഘാടനം ചെയ്യുമെന്ന്’ പ്രതീക്ഷിച്ച ക്ലബ് ലോകകപ്പിന് ഗോൾരഹിതമായ തുടക്കം!

7 months ago 8

ഓൺലൈൻ ഡെസ്ക്

Published: June 16 , 2025 08:48 AM IST

1 minute Read

messi-vs-al-ahly
അൽ അഹ്‌ലിക്കെതിരെ ലയണൽ മെസ്സിയുടെ മുന്നേറ്റം

സിൻസിനാറ്റി (യുഎസ്)∙ സൂപ്പർതാരം ലയണൽ മെസ്സി ഗോളടിച്ച് ഉദ്ഘാടനം ചെയ്യുമെന്ന് ആരാധകർ പ്രതീക്ഷിച്ച ക്ലബ് ലോകകപ്പിനാണ് കഴിഞ്ഞ ദിവസം ഗോൾരഹിത സമനിലയോടെ തുടക്കമായത്. 60–ാം മിനിറ്റിലും ഇൻജറി ടൈമിന്റെ 6–ാം മിനിറ്റിലും ലഭിച്ച സുവർണാവസരങ്ങൾ മെസ്സിക്കു ലക്ഷ്യത്തിലെത്തിക്കാനാകാതെ പോയതോടെ, ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്റർ മയാമിയും ഈജിപ്ഷ്യൻ ചാംപ്യന്മാരായ അൽ അഹ്‌ലിയും ഗോളില്ലാ സമനിലയ്‌ക്ക് കൈകൊടുത്തു പിരിഞ്ഞു.

ലയണൽ മെസ്സിയുടെ 60–ാം മിനിറ്റിലെ ഷോട്ട് ഗോൾപോസ്റ്റിലുരുമ്മി പുറത്തേക്കു പറന്നപ്പോൾ, ഇൻജറി ടൈമിലെ ലോങ് റേഞ്ചർ അൽ അഹ്‌ലി ഗോൾകീപ്പർ മുഹമ്മദ് എൽ ഷെനാവി ചാടിയുയർന്ന് ആകാശത്തേക്കു കുത്തിവിട്ടു. രണ്ടാം പകുതിയിൽ ഷെനാവി ഈജിപ്ഷ്യൻ ക്ലബ്ബിന്റെ രക്ഷകനായെങ്കിൽ ആദ്യപകുതിയിൽ ഒരു പെനൽറ്റി കിക്ക് സേവ് ചെയ്തതു സഹിതം ഇന്റർ മയാമിയെ ഗോൾ വഴങ്ങാതെ കാത്തത് അവരുടെ വെറ്റ‍റൻ ഗോൾകീപ്പർ ഓസ്കർ ഉസ്തരിയാണ്.

മയാമിയുടെ ഹോംഗ്രൗണ്ടായ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ കളി കാണാനെത്തിയത് 60,000 പേരാണ്. ക്ലബ് ലോകകപ്പിന് ആളുകുറയുമോയെന്ന സംഘാടകരുടെ ആധി കുറയ്ക്കുന്നതായിരുന്നു കാണികളുടെ എണ്ണം. ഗാലറി നിറഞ്ഞെത്തിയവരിൽ മഹാഭൂരിപക്ഷവും മെസ്സിക്കും സംഘത്തിനും വേണ്ടി ആർപ്പുവിളിച്ചെങ്കിലും ആദ്യപകുതിയിൽ കളി ഈജിപ്ഷ്യൻ ക്ലബ്ബിന്റെ കാലുകളിലായിരുന്നു.

മത്സരം ഗോൾരഹിത സമനിലയായതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു പിരിഞ്ഞു. ഇരുടീമുകൾക്കും നോക്കൗട്ടിലേക്കുള്ള മുന്നേറ്റം ബുദ്ധിമുട്ടാക്കുന്നതാണ് ഈ സമനില. ഗ്രൂപ്പ് എയിൽ ബ്രസീലിയൻ ക്ലബ് പാൽമെയ്റാസ്, പോർച്ചുഗൽ ക്ലബ് എഫ്സി പോർട്ടോ എന്നിവയാണ് ശേഷിക്കുന്നത്. ഈ ടീമുകൾക്കെതിരെ വിജയം നേടുകയെന്നതു കടുപ്പമാണ്.

English Summary:

Messi fails to people contempt coming adjacent successful FIFA Club World Cup 2025 lucifer vs l Ahly

Read Entire Article