മെസ്സിയും സ്വാരെസും നാളെ ആദ്യ മത്സരത്തിന്, ക്ലബ് ലോകകപ്പ് കിക്കോഫ് പുലർച്ചെ 5.30ന്; ലോകം കപ്പിലേക്ക്!

7 months ago 6

ഫ്ലോറിഡ ∙ ദേശീയ ടീമുകൾക്കു വേണ്ടി 4 വർഷത്തിലൊരിക്കൽ നടത്തുന്ന ലോകകപ്പിന്റെ മാതൃകയിൽ ക്ലബ്ബുകൾക്കൊരു ടൂർണമെന്റ്! ഇത്തരമൊരു ആശയവുമായി ലോകഫുട്ബോൾ ഭരണസമിതിയായ ഫിഫ വന്നപ്പോൾ എതിർപ്പു പ്രകടിപ്പിച്ചവരിൽ താരങ്ങൾ മുതൽ ക്ലബ്ബുകൾ വരെയുണ്ട്. എല്ലാ വിവാദങ്ങളെയും എതിർപ്പുകളെയും അവഗണിച്ചും അടിച്ചൊതുക്കിയും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയുടെ ഡ്രീം പ്രൊജക്ട് കിക്കോഫിന് ഒരുങ്ങി നിൽക്കുന്നു.

32 ടീമുകളെ പങ്കെടുപ്പിച്ച്, ലോകകപ്പിന്റെ അതേ മാതൃകയിൽ സംഘടിപ്പിക്കുന്ന ക്ലബ് ലോകകപ്പിന്റെ ആദ്യ എഡിഷനിലെ ആദ്യ മത്സരത്തിനു നാളെ പുലർച്ചെ 5.30നു തുടക്കമാകും. ലയണൽ മെസ്സിയും സംഘവും അണിനിരക്കുന്ന, ഇന്റർ മയാമിയും ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്‌ലിയും തമ്മിലുള്ള മത്സരം മയാമി ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലാണ്. കിക്കോഫിനു മുൻപ് ഉദ്ഘാടനച്ചടങ്ങുകളുമുണ്ടാകും. ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഡാസോൺ (DAZN.com) ആപ്പിൽ മത്സരങ്ങൾ കാണാം.

∙ പ്രതീക്ഷയോടെ പിഎസ്ജി

ചാംപ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജിയിലാണ് ആരാധക ശ്രദ്ധ. ഫുൾ ടീമിനെയുമായാണ് പിഎസ്ജി കോച്ച് ലൂയി എൻറിക്വെ യുഎസിൽ എത്തിയിട്ടുള്ളത്. ഫ്രഞ്ച് ആഭ്യന്തര കിരീടങ്ങളും ചാംപ്യൻസ് ലീഗും നേടിക്കഴിഞ്ഞ പിഎസ്ജിക്ക്, ക്ലബ് ലോകകപ്പ് കിരീടം കൂടി നേടി സീസണു തിരശീലയിടണമെന്നാണ് ആഗ്രഹം. പിഎസ്ജി ചാംപ്യൻസ് ലീഗ് ജേതാക്കളായതോടെ ശ്വാസം നേരേ വീണതു ഫിഫയ്ക്കാണ്.

കാരണം, ഈ വർഷത്തെ ചാംപ്യൻ ടീമുകളിൽ പലർക്കും ക്ലബ് ലോകകപ്പിനു യോഗ്യത നേടാൻ സാധിച്ചിരുന്നില്ല. ഇംഗ്ലിഷ് ചാംപ്യന്മാരായ ലിവർപൂൾ, സ്പാനിഷ് ചാംപ്യന്മാരായ ബാർസിലോന, ഇറ്റാലിയൻ ചാംപ്യൻമാരായ നാപ്പോളി തുടങ്ങിയവർ ക്ലബ് ലോകകപ്പിനില്ലാത്തതു ഫിഫയ്ക്കു വൻ തിരിച്ചടിയാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബ് ലോകകപ്പിന് എത്തിക്കാൻ ശ്രമിച്ചെങ്കിലും നാൽപതുകാരനായ പോർച്ചുഗൽ താരം വിശ്രമിക്കാൻ താൽപര്യപ്പെട്ടു പിന്മാറിയതും തിരിച്ചടിയായി. ബാർസിലോനയുടെ കൗമാരതാരം ലമീൻ യമാൽ ഉൾപ്പെടെയുള്ള യുവതാരങ്ങളുടെ അഭാവത്തെ മറികടക്കാൻ മറ്റു താരങ്ങളുടെ സാന്നിധ്യം വഴി സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഫിഫ.

∙ ആവേശത്തോടെ ലാറ്റിനമേരിക്ക

അതേസമയം, ലാറ്റിനമേരിക്കയിലെ വമ്പൻ ടീമുകളായ ബൊട്ടഫാഗോ, പാൽമെയ്റാസ്, ഫ്ലമൻഗോ, ഫ്ലുമിനെൻസ് എന്നിവ ടൂർണമെന്റിനുള്ളതു സംഘാടകർക്കു വലിയ ആശ്വാസം പകരും. ബ്രസീലിൽനിന്നു വലിയൊരു ആരാധകവൃന്ദം യുഎസിലേക്കു വിമാനം കയറുമെന്നാണു കരുതുന്നത്.

അർജന്റീനയിലെ പേരുകേട്ട എതിരാളികളായ റിവർപ്ലേറ്റും ബോക്ക ജൂനിയേഴ്സും ക്ലബ് ലോകകപ്പിനുള്ളതും സ്റ്റേഡിയത്തിൽ ആളെയെത്തിക്കും. ‌‌

English Summary:

Club World Cup 2025: Messi's Inter Miami Opens Club World Cup Against Al Ahly

Read Entire Article