കൊല്‍ക്കത്ത: ഏറെക്കാലമായി കാത്തിരുന്ന അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് അന്തിമാനുമതി ലഭിച്ചു. ഡിസംബര്‍ 12-ന് കൊല്‍ക്കത്തയിലാണ് മെസ്സി തന്റെ ഇന്ത്യാ പര്യടനത്തിന് തുടക്കം കുറിക്കുന്നതെന്ന് പരിപാടിയുടെ പ്രോമോട്ടറായ ശതദ്രു ദത്ത പറഞ്ഞു. മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് 'ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025' എന്നാണ് പേരിട്ടിരിക്കുന്നത്. കൊല്‍ക്കത്ത സന്ദര്‍ശനത്തിന് ശേഷം അഹമ്മദാബാദ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലും മെസ്സിയെത്തും. ഡിസംബര്‍ 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന്റെ വസതിയിലുള്ള കൂടിക്കാഴ്ചയും ഉണ്ടാവും.
2011-ന് ശേഷമുള്ള മെസ്സിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. 2011-ല്‍ വെനസ്വേലയ്ക്കെതിരെ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഫിഫ സൗഹൃദ മത്സരം കളിക്കാന്‍ അര്‍ജന്റീന ദേശീയ ടീമിനൊപ്പമാണ് ഇതിഹാസ താരം എത്തിയിരുന്നത്. മെസ്സിക്കൊപ്പമുള്ള സംഘത്തില്‍ ഇന്റര്‍ മയാമി സഹതാരങ്ങളായ റോഡ്രിഗോ ഡി പോള്‍, ലൂയി സുവാരസ്, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് തുടങ്ങിയവരും ഉണ്ടാകാന്‍ സാധ്യതയുണ്ട്, എന്നാല്‍ ഇവരുടെ സന്ദര്‍ശനം സംബന്ധിച്ച് സംഘാടകര്‍ ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിസംബര്‍ 12-ന് രാത്രി മെസ്സി കൊല്‍ക്കത്തയില്‍ വിമാനമിറങ്ങും. ഇവിടെ രണ്ട് പകലും ഒരു രാത്രിയും അദ്ദേഹം ചെലവഴിക്കും. ഡിസംബര്‍ 13-ലെ അദ്ദേഹത്തിന്റെ പരിപാടികള്‍ രാവിലെ ഒരു മീറ്റ് ആന്‍ഡ് ഗ്രീറ്റോടെ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
'മെസ്സി അര്‍ജന്റീനിയന്‍ ഹെര്‍ബല്‍ ടീയുടെ ഒരു ആരാധകനാണ്, അതിനാല്‍ ഞാന്‍ അര്‍ജന്റീനിയന്‍ ചായയും ഇന്ത്യന്‍ അസം ചായയും സംയോജിപ്പിച്ചുള്ള ഒരു ഫ്യൂഷന്‍ ഒരുക്കുന്നുണ്ട്. ഡിസംബര്‍ 13-ന് രാവിലെ അദ്ദേഹത്തിന്റെ ഹോട്ടലില്‍ (താജ് ബംഗാള്‍) നടക്കുന്ന മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിയോടനുബന്ധിച്ച് ഇതൊരു പ്രത്യേക അനുഭവമാക്കി മാറ്റും. ഹില്‍സ ഉള്‍പ്പെടെയുള്ള എല്ലാ ബംഗാളി മത്സ്യങ്ങളും മധുരപലഹാരങ്ങളും ഭക്ഷണോത്സവത്തിനായി വിഭവങ്ങളില്‍ ഉണ്ടാകും.' ദത്ത വെളിപ്പെടുത്തി.
ഈഡന്‍ ഗാര്‍ഡന്‍സിലോ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലോ വെച്ച് മെസ്സിയുടെ പ്രതിമ അനാച്ഛാദനവും അന്ന് നടക്കും. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് പോലീസ് അനുമതിക്ക് പ്രശ്‌നമുള്ള സാഹചര്യത്തില്‍ ഒരു ബാക്കപ്പ് വേദിയായി സാള്‍ട്ട് ലേക്ക് സ്റ്റേഡിയവും പരിഗണനയിലുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
സൗരവ് ഗാംഗുലി, ലിയാണ്ടര്‍ പേസ്, ജോണ്‍ എബ്രഹാം, ബൈചുങ് ബൂട്ടിയ എന്നിവര്‍ക്കൊപ്പം കൊല്‍ക്കത്തയില്‍ കളിക്കും. 500 രൂപ മുതലായിരിക്കും ടിക്കറ്റ് നിരക്ക്. പരിപാടിക്കിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മെസ്സിയെ ആദരിച്ചേക്കും. ഡിസംബര്‍ 13-ന് വൈകുന്നേരം, അദാനി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മെസ്സി അഹമ്മദാബാദിലേക്ക് പോകും. ഡിസംബര്‍ 14-ന് മുംബൈയിലാണ് പരിപാടികള്‍.
മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും ഒരു 'ഗോട്ട് മൊമെന്റ്' ആസൂത്രണം ചെയ്യുന്നുണ്ട്. ഇതില്‍ 'ഗോട്ട് ക്യാപ്റ്റന്‍സ് മൊമെന്റി'ന്റെ ഭാഗമായി മെസ്സിയെ സച്ചിന്‍ തെണ്ടുല്‍ക്കര്‍, എം.എസ്. ധോണി, രോഹിത് ശര്‍മ്മ എന്നിവര്‍ക്കൊപ്പം അണിനിരത്തും. രണ്‍വീര്‍ സിംഗ്, ആമിര്‍ ഖാന്‍ എന്നിവരടങ്ങുന്ന ഒരു ബോളിവുഡ് താരനിരയും ഇതോടൊപ്പം ഉണ്ടാകും.
ഡിസംബര്‍ 15-ന് ഡല്‍ഹിയില്‍ ഫിറോസ് ഷാ കോട്ലയില്‍ നടക്കുന്ന പരിപാടിക്കായി മെസ്സിയെത്തും. അതിന് മുമ്പായി മെസ്സി പ്രധാനമന്ത്രി മോദിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിക്കും.
Content Highlights: Lionel Messi returns to India aft 14 years! `GOAT Tour of India 2025` starts Dec 12 successful Kolkata








English (US) ·