Published: August 06 , 2025 10:28 AM IST
1 minute Read
-
അർജന്റീന ടീമുമായുള്ള കരാർ നിബന്ധനകൾ പരസ്യമാക്കാതെ സർക്കാരും സ്പോൺസറും
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ ലോക ചാംപ്യൻമാരായ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ കളിപ്പിച്ച് ‘രാഷ്ട്രീയ ഗോൾ’ അടിക്കാൻ ഇറങ്ങിയിട്ട് ഒടുവിൽ ‘സെൽഫ് ഗോൾ’ അടിക്കേണ്ടിവന്ന അവസ്ഥയിലാണു സംസ്ഥാന സർക്കാർ. അർജന്റീന കേരളത്തിൽ ഈ വർഷം കളിക്കാനെത്തില്ലെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ വ്യക്തമാക്കിയെങ്കിലും ഇതുമായി ബന്ധപ്പെട്ട കരാർ നിബന്ധനകൾ ഇപ്പോഴും പരസ്യമാക്കാതെ ഉരുണ്ടുകളിക്കുകയാണു സർക്കാർ.
സർക്കാരും അർജന്റീനൻ ടീമിനെയെത്തിക്കുന്നതിനായി സർക്കാർ കണ്ടെത്തിയ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയും ഇപ്പോൾ പഴിക്കുന്നത് അർജന്റീനയെയാണ്. പണം കൈപ്പറ്റിയ ശേഷം അവർ വിശ്വാസ വഞ്ചന കാട്ടിയെന്നാണ് ഇരു കൂട്ടരും സൂചിപ്പിക്കുന്നത്. എന്നാൽ സ്പോൺസറുടെ ഭാഗത്തു നിന്നാണ് ആദ്യം കരാർ ലംഘനമുണ്ടായതെന്നു വ്യക്തമാക്കുന്നതാണ് അവർക്ക് കഴിഞ്ഞ ഏപ്രിലിൽ സർക്കാർ അയച്ച നോട്ടിസുകൾ. സർക്കാരും സ്പോൺസറും തമ്മിലുണ്ടാക്കിയ കരാർ അനുസരിച്ചുള്ള അഡ്വാൻസ് തുക നിശ്ചിത സമയത്ത് അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണു കായിക വകുപ്പ് സ്പോൺസർക്ക് 2 തവണ നോട്ടിസ് അയച്ചതെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നാണു വിവരം.
തുടർന്നു നടന്ന ഇടപാടുകളെക്കുറിച്ച് വകുപ്പിലെ ഉന്നതരും കൈമലർത്തുന്നു. ഒരു ഘട്ടത്തിൽ സ്പോൺസറും അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിലാണ് കരാറെന്ന് വ്യക്തമാക്കി വകുപ്പ് മന്ത്രിയടക്കം അനിശ്ചിതത്വത്തിന് മറുപടി പറയാതെ ഒഴിഞ്ഞിരുന്നു. പിന്നീട് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് മെസ്സിയുൾപ്പെട്ട അർജന്റീന ടീം കേരളത്തിൽ കളിക്കാനെത്തുമെന്ന് ഉറപ്പിച്ച് മന്ത്രി വി.അബ്ദുറഹിമാന്റെ പ്രഖ്യാപനം വീണ്ടുമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരും ഇത് ആവർത്തിച്ചു.
ഇപ്പോൾ അർജന്റീനയെ പഴിക്കുമ്പോഴും കരാർ അനുസരിച്ച് പണം അടയ്ക്കാനുള്ള കാലപരിധിയുൾപ്പെടെയുള്ള നിബന്ധനകൾ പരസ്യമാക്കാൻ സർക്കാർ തയാറാകുന്നില്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷനുമാണു സ്പോൺസർമാരെന്ന് മന്ത്രി ആദ്യം പത്രസമ്മേളനം വിളിച്ചു പ്രഖ്യാപിച്ച ശേഷമാണ് പുതിയ സ്പോൺസറുമായി സർക്കാർ കരാർ ഒപ്പിട്ടത്. സർക്കാർ സ്വപ്ന പദ്ധതിയായി പ്രഖ്യാപിച്ചെങ്കിലും സർക്കാരും അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ഇതു സംബന്ധിച്ച് ഒരു കരാറും ഒപ്പിട്ടിട്ടില്ല, ഇടപാടുമില്ല. എല്ലാ ഉത്തരവാദിത്തവും സ്പോൺസർക്കു കൈമാറി ‘ക്രെഡിറ്റ് ഗോൾ’ അടിക്കാൻ കാത്തിരിക്കുകയായിരുന്നു സർക്കാർ.
130 കോടിയുടെ കരാർ ഒപ്പിട്ടെന്ന് സ്പോൺസർകൊച്ചി ∙ ലോകകപ്പ് ജേതാക്കളായ അർജന്റീന ടീം ഈ വർഷം കേരളത്തിൽ കളിക്കുന്നതിനായി 130 കോടി രൂപയ്ക്കു തങ്ങളുമായി കരാർ ഒപ്പിട്ടെങ്കിലും അടുത്ത വർഷം സെപ്റ്റംബറിൽ വരാമെന്നാണ് ഇപ്പോൾ പറയുന്നതെന്ന് സ്പോൺസർമാരായ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ. ഈ വർഷം എത്തിയാൽ മാത്രമേ മത്സരം സംഘടിപ്പിക്കാൻ താൽപര്യമുള്ളൂവെന്നും അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) കരാർ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
English Summary:








English (US) ·