Published: August 08, 2025 11:05 AM IST
1 minute Read
തിരുവനന്തപുരം ∙ രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെയോ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെയോ എന്തിനു കേരള ഫുട്ബോൾ അസോസിയേഷന്റെയോ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു ഒരു ദിവസം കായികമന്ത്രി വി. അബ്ദുറഹിമാൻ ഇങ്ങനെ പ്രഖ്യാപിച്ചത്: ‘ലയണൽ മെസ്സി നായകനായ അർജന്റീന ദേശീയ ടീം കേരളത്തിൽ കളിക്കും. അർജന്റീനയ്ക്കു വരാൻ സമ്മതമാണ്’
പിന്നീടൊരു ദിവസം മന്ത്രി അൽപംകൂടി കടത്തിപ്പറഞ്ഞു: മെസ്സിക്കു കളിക്കാൻ വേണ്ടി മാത്രം മലപ്പുറത്ത് ഒരു സ്റ്റേഡിയം നിർമിക്കും!സംസ്ഥാനത്ത് ഇന്നുവരെ ഒരു കായിക മന്ത്രിയിലും കാണാത്ത ധൈര്യത്തോടെയായിരുന്നു വി. അബ്ദുറഹിമാന്റെ ഈ പ്രസ്താവനകൾ. എന്നാൽ, മന്ത്രിയുടെ ഈ പ്രസ്താവനകളിൽ കാര്യമുണ്ടെന്നു ജനത്തിനു തോന്നിയത് കഴിഞ്ഞ സെപ്റ്റംബറിലെ സ്പെയിൻ സന്ദർശനത്തോടെയാണ്. മഡ്രിഡിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) പ്രതിനിധികളുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തിയെന്നാണ് മന്ത്രിയുടെ അവകാശവാദം.
മെസ്സി ഉൾപ്പെടെയുളള എല്ലാ അർജന്റീന കളിക്കാരും കേരളത്തിൽ കളിക്കാൻ താൽപര്യം അറിയിച്ചെന്നും അതിനു മുന്നോടിയായി എഎഫ്എ പ്രതിനിധികൾ കേരളത്തിൽ എത്തുമെന്നുമായിരുന്നു കൂടിക്കാഴ്ചയെക്കുറിച്ച് മന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാന സർക്കാരുമായി ചേർന്ന് ഫുട്ബോൾ അക്കാദമികൾ തുടങ്ങാൻ എഎഫ്എ താൽപര്യം അറിയിച്ചെന്നും പറഞ്ഞു. എന്നാൽ, മന്ത്രി പറഞ്ഞ കാലാവധി കഴിഞ്ഞും എഎഫ്എ പ്രതിനിധികൾ കേരളത്തിലേക്കു വന്നില്ല. അതിനെക്കുറിച്ചു ചോദിക്കുമ്പോഴെല്ലാം വൈകാതെ വരുമെന്ന് മന്ത്രി ആവർത്തിച്ചുകൊണ്ടുമിരുന്നു.
അർജന്റീന സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് പണച്ചെലവ് ഒന്നുമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. എന്നാൽ ഇതു വാസ്തവമല്ലെന്നു തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരാവകാശ രേഖ. മന്ത്രി അബ്ദുറഹിമാന് ഒപ്പം 2 ഉദ്യോഗസ്ഥരും സ്പെയിൻ സന്ദർശിച്ചിരുന്നു. കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഡയറക്ടർ പി.വിഷ്ണുരാജ് എന്നിവരാണു മന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്.
അർജന്റീനയുടെ മത്സര നടത്തിപ്പിന്റെ മുഴുവൻ ചെലവും ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്നു വഹിക്കുമെന്നായിരുന്നു മന്ത്രിയുടെ മറ്റൊരു പ്രഖ്യാപനം. എന്നാൽ, കരാർ ഉണ്ടാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം പുതിയ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ ഏൽപിച്ചെന്നായി പിന്നീടുള്ള വിശദീകരണം.
സ്പെയിനിലെ മറ്റു കായിക കേന്ദ്രങ്ങളും സന്ദർശിച്ച മന്ത്രി, സ്പാനിഷ് ഫുട്ബോൾ ലീഗ് (ലാ ലിഗ) സംഘാടകരുമായി നടത്തിയ ചർച്ചയിൽ കേരളത്തിലെ കായിക സമ്പദ് വ്യവസ്ഥയിൽ ലാ ലിഗയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ പ്രാഥമിക ധാരണയായെന്നും പറഞ്ഞിരുന്നു. ലാലിഗയുടെ സ്പോർട്സ് മാനേജ്മെന്റ് വൈദഗ്ധ്യം പ്രയോജനപ്പെടുത്തി കേരളത്തിൽ ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നതു ചർച്ച ചെയ്തെന്നും മന്ത്രി പറഞ്ഞു. എന്നാൽ അക്കാര്യങ്ങളെല്ലാം മന്ത്രിയുടെ വെറും വാക്കുകളായി ബാക്കിനിൽക്കുകയാണ് ഇപ്പോഴും.
English Summary:








English (US) ·