Published: December 24, 2025 08:05 AM IST Updated: December 24, 2025 08:59 AM IST
1 minute Read
മയാമി ∙ അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ സഹോദരിക്ക് വാഹനാപകടത്തിൽ ഗുരുതരപരുക്കെന്ന് റിപ്പോർട്ട്. യുഎസിലെ മയാമിയിലുണ്ടായ അപകടത്തിലാണ് 32 വയസ്സുകാരിയായ മരിയ സോൾ മെസ്സിക്ക് പരുക്കേറ്റത്. ജനുവരി ആദ്യം മരിയയുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് സംഭവം. അപകടത്തെ തുടർന്ന് വിവാഹം മാറ്റിവച്ചു.
മരിയ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ഒരു മതിലിൽ ഇടിക്കുകയായിരുന്നെന്നാണ് അർജന്റീനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇടിയുടെ ആഘാതത്തിൽ മരിയയുടെ നട്ടെല്ല് ഒടിയുകയും പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്. ഉപ്പൂറ്റിക്കും കൈത്തണ്ടയ്ക്കും ഒടിവുകൾ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള മരിയ അപകടനില തരണം ചെയ്തെങ്കിലും പരുക്ക് ഭേദമാകാൻ സമയമെടുക്കുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. മരിയ ഏതു വാഹനമാണ് ഓടിച്ചിരുന്നതെന്ന് സംബന്ധിച്ച് വ്യക്തതയില്ല.
ഇന്റർ മയാമിയുടെ അണ്ടർ-19 ടീമിന്റെ പരിശീലക സംഘത്തിലെ അംഗമായ ജൂലിയൻ തുലി അരെല്ലാനോയാണ് മരിയ സോളിന്റെ പ്രതിശ്രുത വരൻ. ലയണൽ മെസ്സി നിലവിൽ ഇന്റർ മയാമി താരമാണ്. ജനുവരി 3ന് മരിയയുടെ ജന്മനാടായ അർജന്റീനയിലെ റൊസാരിയോയിൽ വച്ചാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ഫാഷൻ ഡിസൈനറും സംരംഭകയുമായ മരിയ, ഏറെനാൾ സ്പെയിനിലായിരുന്നു. ഇതിനു ശേഷമാണ് അർജന്റീനയിൽ തിരിച്ചെത്തിയത്.
English Summary:








English (US) ·