മെഹ്‌റൂജയുടെ സമ്മാനമായി അമ്മയുടെ ചിത്രം; മിഴിനിറഞ്ഞ് വേടൻ

7 months ago 7

vedan

വേടൻ, സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ ഓണാഘോഷപരിപാടിയുടെ ലോഗോ പ്രകാശനച്ചടങ്ങിൽ മണാശ്ശേരിയിൽനിന്ന്‌ എത്തിയ മെഹ്‌റൂജ നൽകിയ അമ്മ ചിത്രയുടെ പടം നോക്കുന്ന റാപ്പർ വേടൻ | Photo: Mathrubhumi

കോഴിക്കോട്: വേടൻ തീർത്ത റാപ്പിന്റെ ആരവങ്ങളിലേക്ക് ജനമൊഴുകിയെത്തി. കോഴിക്കോട് ഒരിക്കൽക്കൂടി ആവേശക്കടലായി. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഓണാഘോഷപരിപാടി ‘മാവേലിക്കസിന്റെ’ ലോഗോ പ്രകാശനത്തിലാണ് തരംഗമായി മാറിയ പാട്ടുകളുമായി വേടനെത്തിയത്. കാലുകുത്താനിടയില്ലാത്ത യുവാക്കളും കുട്ടികളും മാങ്കാവിലെ ലുലു മൈതാനത്ത് നിറഞ്ഞുകവിഞ്ഞു. മന്ത്രി പി.എ. മുഹമ്മദ് റിയാസും വേടനും ചേർന്ന് ഓണാഘോഷ പരിപാടികൾ പ്രഖ്യാപിച്ചു. ഇരുവരും ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു.

മന്ത്രിയെ ഒപ്പംനിർത്തി പാട്ടുപാടി വേടൻ മാവേലിക്കസിന്റെ വരവറിയിച്ചു. റാപ്പർഫെജോയുടെ സംഗീതപരിപാടിയും അരങ്ങേറി. സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെയും ഒനീറോ സ്ട്രാറ്റജിസ്റ്റ്‌സിന്റെയും സഹകരണത്തോടെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജാണ് കോഴിക്കോട്ട് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഏഴുവരെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുക. കോഴിക്കോട് ബീച്ച്, മാനാഞ്ചിറ, സർഗാലയ തുടങ്ങി എട്ടുവേദികളിലായാണ് പരിപാടി നടക്കുക.

സമ്മാനമായി അമ്മയുടെ ചിത്രം; മിഴിനിറഞ്ഞ് വേടൻ

പാട്ടുപാടി വേദിയിൽനിന്നിറങ്ങുമ്പോൾ റാപ്പർ വേടന്റെ കൈയിലേക്ക് സമ്മാനപ്പൊതിയുമായി ഒരു യുവതിയെത്തി. അതിനുമുൻപ് കണ്ടിട്ടേയില്ലാത്ത ഒരാൾ. തുറന്നുനോക്കിയപ്പോൾ ആ മുഖത്ത് ഓർമ്മകൾ ആർത്തിരമ്പി. മരിച്ചുപോയ അമ്മ ചിത്രയുടെ പഴയ ഫോട്ടോയാണ് മുക്കം മണാശ്ശേരിക്കാരിയായ മെഹ്‌റൂജ ഫ്രെയിംചെയ്ത് സമ്മാനമായിനൽകിയത്.

2020-ൽ കോവിഡ് കാലത്ത് മൂന്നുമാസത്തോളം മെഹ്‌റൂജയുടെ മണാശ്ശേരിയിലെ വീട്ടിൽ വേടന്റെ അമ്മ താമസിച്ചിരുന്നു. നാട്ടിലേക്കുമടങ്ങുമ്പോൾ കോഴിക്കോട് മൊഫ്യൂസിൽ ബസ്‌സ്റ്റാൻഡിൽ കൊണ്ടുവിടുന്നതിനിടെ ഒപ്പമെടുത്ത സെൽഫിയിൽനിന്നുള്ള അമ്മയുടെ ഫോട്ടോയാണ് വേടന് സമ്മാനിച്ചത്. നാലുമാസമായി ഇത് സമ്മാനിക്കാൻ കാത്തിരിക്കുകയായിരുന്നുവെന്ന് മെഹ്‌റൂജ പറഞ്ഞു. വേടനെ മുൻപ് നേരിട്ടുകണ്ടിട്ടില്ല. കോഴിക്കോട് എത്തുന്നുണ്ടെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അച്ഛൻ മുരളീദാസാണ് വേദിയിൽപോയി കൊണ്ടുകൊടുത്തോ എന്നുപറഞ്ഞത്. അങ്ങനെയാണ് മണാശ്ശേരിയിൽനിന്ന് എത്തിയതെന്നും മെഹ്‌റൂജ പറഞ്ഞു. അമ്മ മക്കളെയും ഭർത്താവിനെയും കൂട്ടി വീട്ടിൽവരുമെന്ന് പറഞ്ഞിരുന്നു. ആരോഗ്യപ്രശ്നംകാരണം അവർക്ക് പറ്റിയില്ല.

അവരുടെ വീട്ടിലേക്കും ക്ഷണിച്ചിരുന്നു. പിന്നീട് ബന്ധംമുറിഞ്ഞു. മരിച്ചു എന്നറിഞ്ഞത് നാലരമാസംമുൻപാണ്. മരിച്ച വിവരം അറിഞ്ഞേതാടെയാണ് ഫോട്ടോഫ്രെയിംചെയ്ത് വെച്ചതെന്നും മെഹ്റൂജ പറഞ്ഞു.

Content Highlights: Rapper Vedan, Fejo Onam announcement programme performance, unexpected acquisition from Mehruja

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article