
മോഹൻലാലും ജനാർദനനും | സ്ക്രീൻഗ്രാബ്
മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം എന്ന ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്താനിരിക്കുകയാണ്. ഇതിന് മുന്നോടിയായി സിനിമയുടെ ചിത്രീകരണദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ലോഫ്സ് ഓൺ സെറ്റ് എന്നാണ് ദൃശ്യത്തിന് നൽകിയിരിക്കുന്ന ടൈറ്റിൽ.
ഷൂട്ടിങ് വേളയിലെ ചിരിനിറഞ്ഞ നിമിഷങ്ങളാണ് വീഡിയോയിലുള്ളത്. മാളവിക മോഹനൻ, സംഗീത് പ്രതാപ്, സംഗീത, ലാലു അലക്സ്, ജനാർദനൻ, ബാബുരാജ്, നിർമാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ സത്യൻ അന്തിക്കാട് എന്നിവരെയെല്ലാം വീഡിയോയിൽ കാണാം. നേരത്തേ പുറത്തുവന്ന ടീസറിലെ അതേ ഗാനംതന്നെയാണ് പുതിയ വീഡിയോയുടെ പശ്ചാത്തലത്തിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ദൃശ്യം എത്തിയിരിക്കുന്നത്.
ബന്ധങ്ങളുടെ മാറ്റുരക്കുന്ന ഒരു ചിത്രമായിരിക്കും ഹൃദയപൂർവ്വമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് നേരത്തേ സൂചിപ്പിച്ചിരുന്നു. അഖിൽ സത്യൻ്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
കേരളത്തിനുപുറമെ പുണെയിലും ഹൃദയപൂർവം ചിത്രീകരിച്ചിരുന്നു. ഏറെക്കാലത്തിനു ശേഷമാണ് സത്യൻ അന്തിക്കാടിൻ്റെ ഒരു ചിത്രം കേരളത്തിനു പുറത്ത് ചിത്രീകരിക്കുന്നത്.
ഗാനങ്ങൾ - മനു മഞ്ജിത്ത്. സംഗീതം - ജസ്റ്റിൻ പ്രഭാകർ. കലാസംവിധാനം - പ്രശാന്ത് നാരായണൻ. മേക്കപ്പ് -പാണ്ഡ്യൻ. കോസ്റ്റ്യൂം ഡിസൈൻ -സമീരാ സനീഷ് . സഹ സംവിധാനം - ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി. പ്രൊഡക്ഷൻ മാനേജർ - ആദർശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്.
Content Highlights: Watch the amusive behind-the-scenes moments from the making of Hridayapoorvam, starring Mohanlal





English (US) ·