
പ്രിയദർശൻ, മേലേപ്പറമ്പിൽ ആൺവീട് എന്ന ചിത്രത്തിൽ ശോഭന, തേന്മാവിൻ കൊമ്പത്തിൽ നിന്നൊരു രംഗം, രാജസേനൻ | ഫോട്ടോ: മധുരാജ്, ആർക്കൈവ്സ്, എം.പി. ഉണ്ണിക്കൃഷ്ണൻ | മാതൃഭൂമി
‘വേലക്കാരിയായിരുന്താലും നീയെൻ മോഹവല്ലി’-തിരക്കഥയിൽ ഒരുതവണമാത്രം എഴുതിവെച്ചിരുന്ന ഡയലോഗ് മൂന്നുതവണ ഉരുവിട്ട് ജഗതി കാണാപാഠമാക്കുന്നതുകണ്ട്, ഷൂട്ട് ചെയ്തുകൊണ്ടിരുന്ന ക്യാമറാമാൻപോലും ചിരിച്ചുപോയി. ആ ഡയലോഗ് ഒരുതവണമാത്രം പറഞ്ഞുനിർത്താൻ ഒരു സിനിമാപ്രേമിക്കും പറ്റാത്തവിധം കാണാപാഠം പഠിപ്പിച്ചുകളഞ്ഞു ജഗതി. ‘റിപ്പീറ്റ് വാച്ചിങ്ങി’നൊപ്പം ‘റിപ്പീറ്റടിക്കുന്ന’ ഡയലോഗ്! ‘മേലേപ്പറമ്പിൽ ആൺവീട്’ ഒരുക്കിയ സംവിധായകൻ രാജസേനന്റെ ഓർമ്മകൾക്കുപോലുമുണ്ട് ഒരു റീ-റിലീസിങ് സാധ്യത!
ഗിരീഷ് പുത്തഞ്ചേരി കുറിച്ചുകൊടുത്ത ‘വൺലൈൻ’ ആശയം പല നിർമാതാക്കളും സംവിധായകരും കൈയൊഴിഞ്ഞിട്ടും അതിൽ സൂപ്പർഹിറ്റ് സാധ്യത കണ്ടെത്തിയ രണ്ടു സംവിധായകർ- രാജസേനനും പ്രിയദർശനും. ഇനി ഓർത്തുനോക്കൂ ‘വേലക്കാരിയായിരുന്ത’ പവിഴംതന്നെയല്ലേ കാർത്തുമ്പി?
ഇരുപതിനായിരം രൂപയ്ക്കു മേടിച്ച നാല് പേജുള്ള ആൺവീട്
കെട്ടുപ്രായം കഴിഞ്ഞ ആൺമക്കളും മച്ചമ്പിയും പുരയും പുരയിടവും നിറഞ്ഞുനിന്ന് മലയാളികളെ ചിരിപ്പിക്കാൻ തുടങ്ങിയിട്ട് മൂന്നുപതിറ്റാണ്ടു കഴിയുന്നു. ‘അയലത്തെ അദ്ദേഹ’ത്തിന്റെ വിജയത്തിനു പിന്നാലെ അവിചാരിതമായാണ് രാജസേനൻ ഒരു ദിവസം ആറ്റുകാൽക്ഷേത്രത്തിൽവെച്ച് നടൻ ജയറാമിനെ കാണുന്നത്. ജയറാം, സേനനെ തൈക്കാട് അമൃത ഹോട്ടലിലേക്കു ക്ഷണിച്ചു. മുഖവുരയില്ലാതെ കാര്യം പറഞ്ഞു: ഭാര്യ അശ്വതിയുടെ(പാർവതി) പേരിൽ താനൊരു പ്രൊഡക്ഷൻ കമ്പനി തുടങ്ങുകയാണ്. ആദ്യസിനിമ രാജസേനൻ ചെയ്യണം. കഥയൊക്കെ കൈയിലുണ്ട്. ഗിരീഷ് പുത്തഞ്ചേരി നാല് പേജിൽ എഴുതിവെച്ച ചെറിയൊരു ത്രെഡാണ്: ‘ഒരു കർഷകകുടുംബത്തിലെ ഇളയ മകൻ ജോലിയുമായി തമിഴ്‌നാട്ടിലേക്കു പോകുന്നു. അവിടെ ഒരു തമിഴ് പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു, കല്യാണം കഴിക്കേണ്ടിവരുന്നു. തന്റെ യാഥാസ്ഥിതിക കുടുംബത്തിലേക്ക്, കാര്യങ്ങൾ തണുക്കുംവരെ അവളെ ഒരു ജോലിക്കാരിയുടെ വേഷംകെട്ടിച്ച് കൊണ്ടുവരുന്നു’.
‘ഉഗ്രൻ സംഭവമാണല്ലോ’ എന്നായിരുന്നു രാജസേനന്റെ ആദ്യ പ്രതികരണം. നിർമാതാവ് ഗുഡ്‌നൈറ്റ് മോഹനന്റെ കൈയിലാണ് ആ വൺലൈൻ ഉള്ളത്. അപ്പോൾതന്നെ ട്രങ്ക്‌കോൾ ബുക്ക് ചെയ്ത് മോഹനനെ വിളിക്കുന്നു.
കഥ നൽകാമെന്ന് അദ്ദേഹം സമ്മതിച്ചെങ്കിലും ഒരു നിബന്ധനവെച്ചു- ‘തിരക്കഥ പൂർത്തിയായിക്കഴിഞ്ഞാൽ താൻ പറയുന്ന ഒരു സീനിയർ സംവിധായകന്റെ മേൽനോട്ടത്തിൽ വിലയിരുത്തും. അതിൽ ബുദ്ധിമുട്ടുണ്ടോ?’ ഉടൻതന്നെ രാജസേനൻ മറുപടികൊടുത്തു- ‘ബുദ്ധിമുട്ടുണ്ട്!’ ചർച്ച അവിടെ വഴിമുട്ടി. പ്രോജക്ട് നടക്കാതെ ജയറാമും രാജസേനനും പിരിയുകയും ചെയ്തു.
കുറച്ചുനാൾ കഴിഞ്ഞ് തമ്പാനൂർ ചൈത്രം ഹോട്ടലിൽവെച്ച് മാണി സി. കാപ്പൻ എന്ന നിർമാതാവിനെ രാജസേനൻ ആദ്യമായി പരിചയപ്പെടുന്നു. നമുക്കൊരു സിനിമ ചെയ്തുകൂടെ എന്നായി മാണി സി. കാപ്പൻ. നടക്കാതെപോയ പഴയ ആ വേലക്കാരിക്കഥയുടെ കാര്യം രാജസേനൻ പറയുകയും ചെയ്തു.
ഒറ്റ ഫോൺകോളിൽ ഗുഡ്‌നൈറ്റ് മോഹനൽ കഥ കൈമാറാൻ സമ്മതിച്ചു. ഇരുപതിനായിരം രൂപയാണ് വിലയിട്ടത്. അടുത്ത ദിവസംതന്നെ കൊച്ചിയിലെ മോഹനന്റെ ഓഫീസിലെത്തി ഇരുപതിനായിരം കൊടുത്ത് കഥയുടെ കവർ കൈപ്പറ്റി. അങ്ങനെ ഗിരീഷ് പുത്തഞ്ചേരിയുടെ കൈപ്പടയിലുള്ള, പഴകിപ്പോയ നാല് പേജ് വൺലൈൻ തിരുവനന്തപുരത്തേക്ക് സഞ്ചരിച്ചു. ഒറ്റദിവസംകൊണ്ട് രാജസേനൻ അത് 15 പേജാക്കി. തുടർന്ന് കൊല്ലത്ത് ‘സ്വം’ സിനിമയുടെ എഴുത്തിലിരിക്കുകയായിരുന്ന രഘുനാഥ് പലേരിയെക്കണ്ട് എഴുത്തു ഡീൽ ഉറപ്പിച്ചു.
അവളെങ്ങാനും നിങ്ങടെ പേരു പറഞ്ഞാലോ...ഗൗരവത്തിൽ ചിരിപ്പിച്ച് നരേന്ദ്രപ്രസാദ്
‘എന്റെ പേടി, അവളെങ്ങാനും നിങ്ങടെ പേരു പറഞ്ഞാലോ...’പറഞ്ഞുനിർത്തുംമുൻപ് ‘ഫാ...’എന്ന് ഒറ്റ ആട്ടായിരുന്നു മറുപടി. ഗൗരവവേഷങ്ങളിൽ തിളങ്ങിനിൽക്കുമ്പോഴാണ് നരേന്ദ്രപ്രസാദ് മേലേപ്പറമ്പിൽ ആൺവീട്ടിലെ അച്ഛൻ കഥാപാത്രമായെത്തുന്നത്. ഈ കഥാപാത്രം താൻ ചെയ്താൽ ശരിയാവില്ലെന്ന് പലതവണ നരേന്ദ്രപ്രസാദ് പറഞ്ഞു.
രാജസേനൻ പറഞ്ഞു-സീരിയസായി അഭിനയിച്ചാൽമതി ചേട്ടാ. അപ്പോഴെങ്ങനെ കോമഡിയാകുമെന്നായി പ്രസാദ്. ‘അങ്ങനെ വർക്ക് ആകുന്ന സ്റ്റൈൽ ഓഫ് കോമഡി ഉണ്ട്. സീരിയസായി ചെയ്താൽ മതി. അതിന്റെ ഇംപാക്ട് കോമഡിയായിക്കോളും’. പറഞ്ഞതുപോലെതന്നെ തിയേറ്ററിൽ ത്രിവിക്രമൻ കൂട്ടച്ചിരിയുയർത്തി. 1993-ൽ പുറത്തിറങ്ങിയ ചിത്രത്തിലെ പല രംഗങ്ങളും വീണ്ടും കണ്ട് മലയാളികൾ ഇന്നും നിർത്താതെ ചിരി തുടരുന്നു.
‘ഈ കഥ ഞാനും സിനിമയാക്കുന്നുണ്ട്’
ചെന്നൈയിൽ നടന്ന പ്രിവ്യൂഷോയ്ക്കു സംവിധായകൻ പ്രിയദർശനെയും ക്ഷണിച്ചിരുന്നു. പടം കണ്ടിറങ്ങിയ പ്രിയൻ, രാജസേനന്റെ കൈപിടിച്ച് പറഞ്ഞു-മലയാളത്തിലെ സൂപ്പർഡ്യൂപ്പർ ഹിറ്റായിരിക്കും ഈ സിനിമ. ദൈർഘ്യം അല്പം കുറയ്ക്കണം. പിന്നെ ഈ കഥ കറങ്ങിത്തിരിഞ്ഞ് എന്റെയടുത്തും എത്തിയിരുന്നു.
ഇതിന്റെ വേറൊരു വേർഷനായി ഞാനുമൊരു പടം ചെയ്യുന്നുണ്ട്. മേലേപ്പറമ്പിൽ ആൺവീട് ഇറങ്ങി ഹിറ്റായതിനു പിന്നാലെ 1994-ൽ പ്രിയദർശന്റെ ആ സിനിമ വന്നു-തേൻമാവിൻ കൊമ്പത്ത്. പവിഴം കാർത്തുമ്പിയായി, മറ്റൊരു തറവാട്ടിൽ ജോലിക്കാരിയായെത്തി. മലയാളികളെ ചിരിയുടെ കൊമ്പത്തുകയറ്റിയ മോഹൻലാൽ-പ്രിയദർശൻ-ശോഭന കൂട്ടുകെട്ടിലെ മറ്റൊരു സൂപ്പർഹിറ്റ്.
Content Highlights: making of Meleparambil Aanveedu, from its archetypal rejection to becoming a drama classic
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·