മൂന്നു ദശകത്തോളം കലാമൂല്യമുള്ളതും പ്രേക്ഷക അംഗീകാരം നേടിയതുമായ സിനിമകളുടെ മറ്റൊരു പേരായിരുന്നു സെവന്‍ ആര്‍ട്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്. മലയാളമടക്കം വിവിധ ഭാഷകളിലായി അമ്പതിലേറെ ചിത്രങ്ങള്‍ നിര്‍മിച്ച കമ്പനി എഴുപതോളം സിനിമകള്‍ വിതരണം ചെയ്തു, പത്ത് സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ നേടി. കേരളാ ഫിലിം ചേംബറിന്റെ പ്രസിഡന്റും ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും ആയിരുന്ന സെവന്‍ ആര്‍ട്‌സ് മേധാവി ജി.പി.വിജയകുമാര്‍ ഇപ്പോള്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ വൈസ് പ്രസിഡന്റാണ്. സംസാരിക്കുന്നു. 2014-നു ശേഷം ചലച്ചിത്ര നിര്‍മാണരംഗത്തു നിന്നും വിട്ടുനില്‍ക്കുന്ന വിജയകുമാര്‍ സംസാരിക്കുന്നു.
സിനിമാ നിര്‍മ്മാണം നിര്‍ത്തിയതിനു കാരണം.
ഒരു നിര്‍മ്മാതാവിന് സിനിമയുടെ പൂര്‍ണമായ നിയന്ത്രണം ആവശ്യമാണ്. ക്രിയേറ്റീവ് ആയ കാര്യങ്ങളില്‍ നമുക്ക് വലുതായൊന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ശരിയല്ല എന്ന് തോന്നുന്നത് ശരിയാക്കാന്‍ നമുക്കറിയില്ല, സിനിമ തുടങ്ങി പകുതി ആകുമ്പോള്‍ കൊള്ളില്ലെന്ന് തോന്നി വേണ്ടെന്നു വയ്ക്കാനും പറ്റില്ല. സിനിമയില്‍ അങ്ങനെ ചില വിട്ടുവീഴ്ചകള്‍ വേണ്ടിവരും. എന്റെ അവസാനത്തെ പടം വരെയും നിര്‍മ്മാതാവ് ആയിരുന്നു അവസാന തീരുമാനം എടുക്കുന്നയാള്‍. ബജറ്റ്, കാസ്റ്റിംഗ്, ലൊക്കേഷന്‍ തുടങ്ങിയ എല്ലാ കാര്യങ്ങളിലും. അതാണ് ഞങ്ങള്‍ പഠിച്ചുവന്നത്. ഇന്ന് ആ രീതി കൈവിട്ടു പോകുകയാണ്.
നിര്‍മാതാവിന് ഒരു വിലയുമില്ലാത്ത ഘട്ടത്തിലേക്ക് നിര്‍മാണരീതി മാറിയപ്പോഴാണ് ഞാന്‍ നിര്‍ത്തിയത്. സ്‌ക്രിപ്റ്റ് എന്താണെന്ന് അറിയില്ല, അതില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തെന്നറിയില്ല. ഒരു സംഗീത സംവിധായകനെ വെച്ച് ഉണ്ടാക്കിയ സംഗീതം മാറ്റിമറിച്ച് വേറെ ചെയ്യുക-ഞാന്‍ ചെയ്ത അവസാന സിനിമ 'റോള്‍ മോഡലി'ല്‍ അങ്ങനെ രണ്ടുമൂന്നു സംഭവങ്ങള്‍ ഉണ്ടായി. അപ്പോഴാണ് മതിയാക്കാം എന്ന് തീരുമാനിച്ചത്. പടം തുടങ്ങി 60 ശതമാനത്തോളം ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോള്‍ ശരിയാവില്ല എന്ന് നമ്മള്‍ പറഞ്ഞു, സംവിധായകന്‍ മറ്റൊരു സെറ്റപ്പില്‍ ചെയ്‌തോട്ടെ എന്ന് ചോദിച്ചപ്പോള്‍ ചെയ്‌തോളാന്‍ പറഞ്ഞു. അതോടെ നമുക്ക് മനസ്സിലായി, സിനിമാ പ്രൊഡക്ഷന്‍ നമ്മളെ കൊണ്ട് പറ്റില്ല, നമ്മുടെ കയ്യില്‍ നില്‍ക്കില്ല എന്ന്.
മുപ്പത്തിരണ്ടു വര്‍ഷത്തോളം നമ്മള്‍ കൊണ്ടുനടന്ന ഇന്‍ഡസ്ട്രിയില്‍ നമുക്ക് യാതൊരു നിയന്ത്രണവും ഇല്ലെങ്കില്‍ സിനിമ മാത്രമല്ല, ആ ബിസിനസ് തന്നെ അപകടമാണെന്ന് നമുക്ക് മനസ്സിലായി. ലോകത്ത് ഏതു ബിസിനസ് ആയാലും അതിന് ഒരു സംവിധാനം ഉണ്ടാകും. അതിലൊക്കെ അവസാന തീരുമാനമെടുക്കാനുള്ള ഒരു അധികാരിയും ഉണ്ടാകും. ബജറ്റ്, ഫൈനാന്‍സിങ്, പ്രോഫിറ്റബിലിറ്റി തുടങ്ങിയ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുന്ന ആള്‍. അതിനുള്ള അനുഭവസമ്പത്തും വൈദഗ്ധ്യവും ഉള്ളയാള്‍ വിജയിക്കും. സിനിമയും അതുപോലെ ഒരു ബിസിനസ് അല്ലേ?
ഒരുപാട് കാര്യങ്ങളില്‍ അന്തിമതീരുമാനം എടുക്കുന്ന ആളാണ് സിനിമാ പ്രൊഡ്യൂസര്‍. പ്രൊഡ്യൂസര്‍ക്ക് ഒരു റോളും ഇല്ലാതെ ടെക്‌നീഷ്യന്‍സും താരങ്ങളും എല്ലാം തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ ബജറ്റ് എല്ലാം തെറ്റി പോവില്ലേ? താരങ്ങള്‍ക്ക് ഒപ്പം നടന്ന് തമാശ പറയാനും ഭക്ഷണം കഴിക്കാനും കറങ്ങാനും ഫോട്ടോ എടുക്കാനും നടക്കുന്നത് സുപ്രധാനമായി കരുതുന്ന പ്രൊഡ്യൂസര്‍മാരാണ് ഈ ഇന്‍ഡസ്ട്രിയുടെ ഡിസിപ്ലിന്‍ ഇല്ലാതാക്കിയത്. നമുക്കത് പറ്റില്ല. പടത്തിന്റെ കയറ്റിറക്കങ്ങളും വിജയവും പരാജയവും ഒക്കെ നമ്മളല്ലേ അഭിമുഖീകരിക്കുന്നത്? അതിനാല്‍ അവസാന തീരുമാനം നമ്മുടേതായിരിക്കണം. അതിന് കഴിയില്ലെങ്കില്‍ പ്രൊഡ്യൂസര്‍ ആവാന്‍ ഒരാള്‍ക്ക് യോഗ്യതയില്ല.
സ്വന്തം തൃപ്തിക്കുവേണ്ടി, അല്ലെങ്കില്‍ ദേശീയ അവാര്‍ഡിനു വേണ്ടി ഒരാള്‍ നിശ്ചിത ബജറ്റില്‍ പടം ചെയ്യുന്നത് വ്യക്തിപരമായ തീരുമാനമാണ്. അത് ഓക്കെയാണ്. പക്ഷേ, മുഖ്യധാരാ സിനിമ എടുത്ത് തിയേറ്ററില്‍ റിലീസ് ചെയ്ത് കൂടുതല്‍ പ്രേക്ഷകരെ കാണിച്ചു ലാഭമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന ബിസിനസ് ആണെങ്കില്‍ അതില്‍ ഒരുപാട് നിയന്ത്രണങ്ങള്‍ ആവശ്യമുണ്ട്.
50 കോടി, 100 കോടി, 200 കോടി ക്ലബ്ബുകളെ കുറിച്ച്.
എനിക്കത് മനസ്സിലാകുന്നില്ല. 50 കോടി, 100 കോടി ക്ലബ്ബ് എന്നൊക്കെ പറഞ്ഞു സിനിമ എടുക്കാന്‍ ഇറങ്ങുന്നവര്‍ മുമ്പിറങ്ങിയ സിനിമകളുടെ കാര്യം കൂടി പഠിക്കണ്ടേ? തിരക്കഥയുടെ കാര്യത്തിലോ മറ്റു സര്‍ഗ്ഗപരമായ കാര്യത്തിലോ വേണ്ടത്ര അറിവില്ലാത്തത് ഒരു പ്രശ്‌നമല്ല, അതിന് പറ്റിയ ആള്‍ക്കാരെ ചുമതലപ്പെടുത്താന്‍ സാധിക്കും. പക്ഷേ, വിപണി സാധ്യതകളെക്കുറിച്ച് ബോധമില്ലാതെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ചാടി വീഴുന്നവര്‍ മണ്ടന്മാരല്ലേ? അവര്‍ പഠിക്കണം, പാന്‍ ഇന്ത്യ എന്ന പേരിലിറങ്ങിയ കഴിഞ്ഞ പത്തു പടങ്ങളുടെ ഗതി എന്താണെന്ന്. പടം ഓള്‍ ഇന്ത്യ പോകും, ഹിന്ദിയില്‍ ഡബ്ബ് ചെയ്യാം, തെലുങ്കില്‍ ഡബ്ബ് ചെയ്യാം, ചൈനയില്‍ പോവും, അവിടെ പോകും, ഇവിടെ പോകും എന്നൊക്കെ പറഞ്ഞു അവരെ തെറ്റിദ്ധരിപ്പിക്കുകയാണ്.
'എമ്പുരാന്റെ' ബജറ്റിനെയും കളക്ഷനെയും കുറിച്ച് വിമര്‍ശനമുണ്ട്.
ഇത്ര വലിയ ബജറ്റില്‍ ഇങ്ങനെ ഒരു പടം ചെയ്തവരുടെ ലക്ഷ്യം എന്താണ്, അതിലെ ലോജിക് എന്താണ് എന്ന് പിടികിട്ടുന്നില്ല. ആ പടത്തിന്റെ മെറിറ്റ് വച്ച് നോക്കിയാല്‍ അത്രയധികം ഔട്ട്‌സൈഡ് കേരള, ഓവര്‍സീസ് കളക്ഷന്‍ വരാന്‍ സാധ്യതയില്ല. മുമ്പ് വലിയ വിജയം നേടിയ ബാഹുബലി, കെ.ജി.എഫ്, ആര്‍.ആര്‍.ആര്‍ തുടങ്ങിയ പാന്‍ ഇന്ത്യ സിനിമകളുടെ പെര്‍ഫോമന്‍സിനെ കുറിച്ചുള്ള വിവരങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതുമായി ഇതിനെ താരതമ്യം ചെയ്തു നോക്കണം. കേരളത്തില്‍ വിവാദവും രാഷ്ട്രീയ താല്‍പര്യങ്ങളുമൊക്കെ കാരണം വലിയ ബിസിനസ് ഉണ്ടാകാം. പക്ഷേ, കേരളത്തിനു പുറത്തും ഓവര്‍സീസിലും അത്തരം ബിസിനസ് ഉണ്ടാകാനുള്ള സാധ്യത എനിക്ക് പിടികിട്ടുന്നില്ല.
എന്തായാലും നമ്മള്‍ അതിനപ്പുറം ആലോചിക്കേണ്ട ആവശ്യമില്ല. സിനിമ പണം ഉണ്ടാക്കിയെങ്കില്‍ ഭാഗ്യം, അത്രയേ ഉള്ളൂ. ഒരു മലയാളം പടം ഇത്ര വലിയ ബിസിനസ് നേടുമെന്ന പ്രതീക്ഷയില്‍ പടം ചെയ്തത് വലിയ റിസ്‌ക്കാണെന്ന് എനിക്ക് തോന്നുന്നു. വളരെ വലിയ ബജറ്റ് ആണെന്നാണ് കേട്ടത്. അങ്ങനെയാണെങ്കില്‍ ജി.എസ്.ടി, ഡിസ്ട്രിബ്യൂട്ടറിന്റെയും എക്‌സിബിറ്ററിന്റെയും ഷെയര്‍... ഇതൊക്കെ കഴിഞ്ഞ് പ്രൊഡ്യൂസര്‍ക്ക് എത്ര കിട്ടും എന്ന് എനിക്കറിയില്ല. അതുപോലെ മറ്റ് അവകാശങ്ങള്‍-ഒ.ടി.ടിയും സാറ്റലൈറ്റുമൊക്കെ വിറ്റിട്ട് എത്ര കിട്ടാം, എത്ര വരെ പോകാം എന്നും അറിയില്ല. നമുക്കൊന്നും അങ്ങനെ ഒരു പടം ചെയ്യാനുള്ള താല്പര്യമില്ല, കപ്പാസിറ്റിയുമില്ല. ഉണ്ടെങ്കില്‍ തന്നെ ഞാന്‍ അത് ചെയ്യില്ല.
'എംപുരാന്‍' വിവാദത്തെക്കുറിച്ച്.
റിലീസ് ചെയ്യുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ദേശീയതലത്തില്‍ വളരെയധികം സ്വീകാര്യതയുള്ള നടനാണ് മോഹന്‍ലാല്‍. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി അംഗീകരിക്കപ്പെടുന്ന ആളാണ്. അത്തരത്തില്‍ മാസ് അപ്പീലും മാസ് അക്‌സെപ്റ്റന്‍സും ഉള്ള മോഹന്‍ലാല്‍ തന്റെ ഇമേജിനെ ദോഷകരമായി ബാധിക്കാനിടയുള്ള പരിപാടികളില്‍ പെടരുതായിരുന്നു എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അത് ഒഴിവാക്കാമായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാനം നോക്കണ്ടേ. ഇപ്പോള്‍ അമിതാഭ് ബച്ചന്‍ ആന്റി നാഷണല്‍ എന്നൊക്കെ വ്യാഖ്യാനിക്കപ്പെടാവുന്ന ഒരു വിവാദത്തില്‍ പെട്ടാല്‍ വളരെ ഞെട്ടിക്കില്ലേ. ദേശീയതലത്തില്‍ വളരെ ബഹുമാനിക്കപ്പെടുന്ന മോഹന്‍ലാല്‍ അതിനെ പ്രതികൂലമായി ബാധിക്കുന്ന ഒന്നിലും ചെന്നുപെടരുത് എന്നാണ് ആഗ്രഹം.
വിവാദം മനപ്പൂര്‍വ്വമായിരുന്നു എന്നും ആരോപണമുണ്ട്.
ഒരു സിനിമയുടെ മാര്‍ക്കറ്റിങ്ങിന് വേണ്ടി മോഹന്‍ലാല്‍ അങ്ങനെ ഒരു അനാവശ്യവിവാദം ഉണ്ടാക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
സംവിധായകന്‍ പൃഥ്വിരാജിനെതിരെയും ആരോപണമുണ്ട്.
അത് ശരിയായിരിക്കാം. ഒരു സിനിമയുടെ സംവിധായകനും എഴുത്തുകാരനും അറിയാതെ ഒരു രംഗവും സിനിമയില്‍ വരില്ലല്ലോ. വളരെയധികം ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന മോഹന്‍ലാലിന്റെ പ്രതിച്ഛായക്ക് ആരെങ്കിലും കോട്ടം വരുതിയിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്.
മലയാള സിനിമയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച്. നടന്‍മാരും സംവിധായകരുമൊക്കെ പോലീസിന്റെ പിടിയിലായിരുന്നു.
മലയാള സിനിമയില്‍ മയക്കുമരുന്നിന്റെ അമിത ഉപയോഗത്തെ കുറിച്ച് വരുന്ന വാര്‍ത്തകളില്‍ തീര്‍ച്ചയായിട്ടും കുറേ സത്യമുണ്ട്. പുതിയ തലമുറയുമായി കാര്യമായ ഇന്ററാക്ഷന്‍ ഇല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ ആഴത്തിലുള്ള അറിവില്ല. മയക്കുമരുന്ന് കഥകള്‍ കേള്‍ക്കുമ്പോള്‍ ഇതൊക്കെ ഇവിടെയാണോ നടക്കുന്നത് എന്നൊരു അത്ഭുതമാണ് എനിക്ക് തോന്നുന്നത്. പല സോഴ്‌സസില്‍ നിന്നും എനിക്ക് മനസ്സിലാകുന്നത് ഇതൊക്കെ ഇവിടെ നടക്കുന്നുണ്ട് എന്ന് തന്നെയാണ്. പിന്നില്‍ വലിയൊരു ഗ്യാങ് ഉണ്ടെന്നും കേള്‍ക്കുന്നു. ഇങ്ങനെ ഒരു ടീമിനെയൊക്കെ മാനേജ് ചെയ്ത് സിനിമ എടുക്കണമെങ്കില്‍ ആ ടീമില്‍ നമ്മളും പെടേണ്ടി വരും! അങ്ങനെ ഉണ്ടെങ്കിലല്ലേ അവരുമായിട്ടുള്ള ഇടപെടലും സ്മൂത്ത് ആവുകയുള്ളൂ.
പ്രൊഡ്യൂസര്‍മാര്‍ ഈ കാര്യത്തില്‍ പ്രോ ആക്റ്റീവ് ആയി ഇടപെടേണ്ടതല്ലേ.
പ്രൊഡ്യൂസര്‍മാര്‍ക്ക് അധികാരവും പൂര്‍ണനിയന്ത്രണവും ഉള്ള ഒരു സംവിധാനത്തില്‍ മാത്രമേ ഇതൊക്കെ ശക്തമായി നിയന്ത്രിക്കാന്‍ കഴിയൂ. സംവിധായകനോ താരങ്ങളോ പ്രൊഡ്യൂസറെ സഹായിക്കാന്‍ വേണ്ടി എന്ന രീതിയില്‍ പടം ചെയ്യുകയാണെങ്കില്‍ ആ നിര്‍മാതാവിന് എന്ത് ചെയ്യാന്‍ സാധിക്കും? നിര്‍മാതാക്കള്‍ സ്വന്തം നില ശക്തമാക്കേണ്ടിയിരിക്കുന്നു. പണ്ടൊക്കെ ശക്തമായ നിര്‍മ്മാണ കമ്പനികള്‍ ഉണ്ടായിരുന്നു. ഉദയ, മെറിലാന്‍ഡ്, നീല, ജൂബിലി, സെഞ്ചുറി, സെന്‍ട്രല്‍, സെവന്‍ ആര്‍ട്‌സ് എന്നിങ്ങനെ. അന്ന് നിര്‍മാതാവിന് കാര്യങ്ങളെപ്പറ്റി സംസാരിക്കാനും തീരുമാനമെടുക്കാനും അധികാരം ഉണ്ടായിരുന്നു. അങ്ങനെയുള്ള നിര്‍മ്മാതാക്കള്‍ ഒരുമിച്ച് നിന്നാല്‍ ചില തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനും സാധിക്കും.
പക്ഷേ, ഇന്ന് അതൊക്കെ ഇല്ലാതായിരിക്കുന്നു. മയക്കുമരുന്ന് പോലുള്ള പ്രശ്‌നങ്ങള്‍ നിയന്ത്രിക്കണമെങ്കില്‍ നിര്‍മാതാക്കളുടെ അസോസിയേഷന് അത്രയ്ക്കും ശക്തി വേണം. അതില്ലെങ്കില്‍ പറഞ്ഞാല്‍ ആരു കേള്‍ക്കാനാണ്? പ്രൊഡ്യൂസര്‍മാര്‍ പറയുകയും ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ അത് കേള്‍ക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം ഉണ്ടാവണം. പക്ഷേ, സംവിധായകനും മയക്കുമരുന്നു ഗ്യാങ്ങിന്റെ ഭാഗമാണെങ്കില്‍ ഒന്നും നടക്കില്ല. ഈ ലൊക്കേഷനില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് അതുകൊണ്ട് പടം മാറ്റിവയ്ക്കുകയാണ് എന്നു തീരുമാനമെടുക്കാന്‍ പ്രൊഡ്യൂസര്‍മാരുടെ അസോസിയേഷനു പറ്റണം. ശക്തിയില്ലാത്തതു കൊണ്ടാണ് അത് പറ്റാത്തത്. നമ്മുടെ സമൂഹത്തിനും വരാനിരിക്കുന്ന തലമുറയ്ക്കും ഒക്കെ വലിയ ദ്രോഹമല്ലേ ഈ മയക്കുമരുന്ന് ചെയ്യുന്നത്. അതിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കാന്‍ എല്ലാവരും ഉണ്ടാവണം. എങ്കില്‍ മാത്രമേ എന്തെങ്കിലും ഫലമുണ്ടാകൂ. ഒരാള്‍ മാത്രം വിചാരിച്ചതുകൊണ്ടു കാര്യമില്ല.
സിനിമാനിര്‍മാണത്തിലേക്ക് തിരിച്ചുവരാന്‍ പരിപാടിയുണ്ടോ.
മലയാളത്തില്‍ മാത്രമല്ല, മറ്റു ഭാഷകളിലും തീയറ്ററില്‍ വിജയിക്കുന്ന സിനിമകളുടെ എണ്ണം കുത്തനെ കുറഞ്ഞു. 90 ശതമാനം സിനിമകളും തിയേറ്റര്‍ കളക്ഷനില്‍ പരാജയപ്പെടുന്നു. ഒരുകാലത്ത് വലിയ സഹായമായിരുന്ന സാറ്റലൈറ്റ് റൈറ്റ്‌സ്, ഓവര്‍സീസ് മാര്‍ക്കറ്റ് തുടങ്ങിയവ ദുര്‍ബലമായി. റിലീസിന് ശേഷം മാത്രം പടങ്ങള്‍ക്ക് സാറ്റലൈറ്റ് ആകുന്ന സാഹചര്യവും വന്നു. അതായത്,. റിസ്‌ക് ഫാക്ടറും കോസ്റ്റ് ഫാക്ടറും കൂടിക്കൊണ്ടിരിക്കുന്നു.
നിക്ഷേപവും മുടക്കുമുതല്‍ തിരിച്ചുകിട്ടാനുള്ള സാധ്യതയുമൊക്കെ നോക്കി 'സെയ്ഫ്' എന്ന് തോന്നുന്ന പടങ്ങള്‍ മാത്രം ചെയ്യണം എന്നാണ് ആഗ്രഹം. സിനിമയില്‍ റിസ്‌ക് പൂര്‍ണമായും ഇല്ലാതാക്കാന്‍ പറ്റില്ല. പക്ഷേ അത് കാല്‍ക്കുലേറ്റഡ് ആയിരിക്കണം, നമുക്ക് വിശ്വാസമുള്ള പ്രോജക്ട് ആയിരിക്കണം. ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമകള്‍ ഇപ്പോഴും നല്ല കളക്ഷന്‍ നേടുന്നുണ്ട്. അതിനാല്‍ ജനങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള നിലവാരമുള്ള പ്രോജക്ടുകള്‍, ന്യായമായ ബജറ്റില്‍ ചെയ്യാന്‍ പറ്റുന്നവ ഒത്തുവന്നാല്‍ തീര്‍ച്ചയായും ചെയ്യും.
വെബ് സീരീസുകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പല ചര്‍ച്ചകളും നടക്കുന്നുണ്ട്. പ്രധാനപ്പെട്ട പ്ലാറ്റ്‌ഫോമുകളൊക്കെ മലയാളത്തിലെ വെബ് സീരീസുകള്‍ക്ക് അത്ര പ്രിഫറന്‍സ് കൊടുക്കുന്നില്ല. ഇന്ത്യയിലും തെലുങ്കിലും തമിഴിലും കാണിക്കുന്ന അത്രയും മുന്‍ഗണന മലയാളത്തിന് കിട്ടുന്നില്ല. ചില കമ്പനികള്‍ വളരെ ചെറിയ ബജറ്റുകള്‍ ആണ് നിര്‍ദ്ദേശിക്കുന്നത്, അതില്‍ നിലവാരമുള്ള പ്രോഡക്ട് ഉണ്ടാക്കാനാവില്ല. ഈയിടെയായി് മലയാളം സീരീസുകള്‍ക്കുള്ള ബജറ്റുകള്‍ കുറച്ചിരിക്കുകയാണെന്നും കേള്‍ക്കുന്നുണ്ട്.
മുമ്പ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ശെങ്കോലിന്റെ ചരിത്രവും പ്രാധാന്യവും വിശദീകരിക്കുന്ന ഡോക്യുമെന്ററി നിര്‍മിച്ചു. പ്രിയദര്‍ശന്‍ സംവിധാനവും സന്തോഷ് ശിവന്‍ ഛായാഗ്രഹണവും നിര്‍വഹിച്ച ചിത്രം രാജ്യം മുഴുവന്‍ സംപ്രേഷണം ചെയ്തിരുന്നു. ഇപ്പോള്‍ രാമക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ച് 'അപ്‌നേ രാം' എന്ന പേരില്‍ 45 മിനിറ്റ് ദൈര്‍ഘ്യവും അഞ്ച് എപ്പിസോഡുകളുമുള്ള വെബ് സീരീസ് തയ്യാറാക്കി. വൈകാതെ സംപ്രേഷണം ചെയ്യും. പ്രിയദര്‍ശനാണ് സംവിധായകന്‍, രാം മന്ദിര്‍ ട്രസ്റ്റാണ് നിര്‍മാതാക്കള്‍. ഞാനാണ് അതിന്റെ ലൈന്‍ പ്രൊഡക്ഷന്‍ കൈകാര്യം ചെയ്യുന്നത്.
Content Highlights: 7 arts vijayakumar, mohanlal, empuran, prithviraj, drug, malayalam movie
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·