21 September 2025, 01:39 PM IST

മൊഹ്സിൻ നഖ്വി പാക് ക്യാമ്പിൽ | Photo - x.com
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരായ മത്സരത്തിനുമുന്നേ വാര്‍ത്താസമ്മേളനം റദ്ദാക്കിയ പാകിസ്താന്റെ നടപടിയില്‍ മറുപടിയുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് മേധാവി മൊഹ്‌സിന്‍ നഖ്‌വി. നിര്‍ബന്ധിത വാര്‍ത്താസമ്മേളനം ഒഴിവാക്കിയതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടറുടെ ചോദ്യത്തിന്, 'നമുക്ക് ഉടന്‍ സംസാരിക്കാം' എന്ന് നഖ്‌വി മറുപടി നല്‍കി. വാര്‍ത്താസമ്മേളം റദ്ദാക്കിയതിനു പിന്നിലെ കാരണം പാകിസ്താന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
പാക് താരങ്ങള്‍ പരിശീലനം നടത്തുന്നതിനിടെ ഗ്രൗണ്ടില്‍ നഖ്‌വിയുടെ സാന്നിധ്യമുണ്ടായിരുന്നു. ടീം മുഖ്യ പരിശീലകന്‍ മൈക്ക് ഹസെനുമായി ചര്‍ച്ചകള്‍ നടത്തുന്നത് കാണാമായിരുന്നെങ്കിലും വിശദാംശങ്ങള്‍ ലഭ്യമല്ല. ശനിയാഴ്ചയാണ് പാകിസ്താന്‍ വാര്‍ത്താസമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ദുബായിലെ ഐസിസി അക്കാദമിയില്‍ വൈകീട്ട് ആറുമുതല്‍ മൂന്നുമണിക്കൂര്‍ പരിശീലനം നടത്താനും തീരുമാനിച്ചിരുന്നു. വാര്‍ത്താസമ്മേളനം റദ്ദാക്കിയെങ്കിലും, നിശ്ചയിച്ച പരിശീലനവുമായി പാകിസ്താന്‍ മുന്നോട്ടുപോയി.
ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം. ഹസ്തദാന വിവാദത്തില്‍ പാകിസ്താന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ആന്‍ഡി പൈക്രോഫ്റ്റ് തന്നെയാണ് ഈ മത്സരവും നിയന്ത്രിക്കുന്നത്. ഗ്രൂപ്പ് ഘട്ട മത്സരത്തിലെ ഹസ്തദാന വിവാദത്തിന്‍റെ കേന്ദ്രബിന്ദുവായി പൈക്രോഫ്റ്റിനെയാണ് പാകിസ്താന്‍ ചൂണ്ടിക്കാട്ടിയിരുന്നത്. മത്സരത്തില്‍ ഇന്ത്യയോട് ഏഴ് വിക്കറ്റിന്റെ പരാജയമേറ്റുവാങ്ങിയതിനു പിന്നാലെ, പൈക്രോഫ്റ്റിനെ ഉടനടി നീക്കണമെന്ന് പിസിബി ആവശ്യപ്പെട്ടെങ്കിലും ഐസിസി അംഗീകരിച്ചിരുന്നില്ല. ടോസിനിടെ ഹസ്തദാനം ചെയ്യരുതെന്ന് ക്യാപ്റ്റന്‍മാരായ സൂര്യകുമാര്‍ യാദവിനോടും സല്‍മാന്‍ ആഗയോടും പൈക്രോഫ്റ്റ് നിര്‍ദേശിച്ചതാണ് പാകിസ്താനെ ചൊടിപ്പിച്ചത്.
Content Highlights: Naqvi's Surprise Visit to Pakistan Training Sparks Speculation Before India Match








English (US) ·