Published: October 03, 2025 05:42 PM IST
1 minute Read
മുംബൈ∙ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാന്‍ മൊഹ്സിൻ നഖ്‍വിയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മദൻ ലാൽ. മൊഹ്സിൻ നഖ്‌വിയ്ക്ക് ക്രിക്കറ്റിനെക്കുറിച്ച് ധാരണയില്ലെന്നാണു മദൻ ലാലിന്റെ ആരോപണം. ഏഷ്യാകപ്പിലെ വിജയികൾക്കുള്ള ട്രോഫി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ തന്റെ കയ്യിൽനിന്നു തന്നെ വാങ്ങണമെന്ന കടുംപിടിത്തം നഖ്‍വി തുടരുന്നതിനിടെയാണ് മദൻ ലാലിന്റെ വിമർശനം.
‘‘ഏഷ്യാകപ്പിൽ ഇങ്ങനെയൊന്നും സംഭവിക്കരുതായിരുന്നു. ആരാധകരുടെ മുന്നിൽവച്ച് വിജയിച്ച ടീമിലെ താരങ്ങൾ ട്രോഫി ഉയർത്തുന്നതാണു ശരിയായ കാര്യം. മൊഹ്സിന്‍ നഖ്‌വിയ്ക്ക് ക്രിക്കറ്റിനെക്കുറിച്ചു യാതൊരു ധാരണയുമില്ല. എങ്ങനെ ഒരു മത്സരം കളിക്കണമെന്നോ, എങ്ങനെ പെരുമാറണമെന്നോ അറിയില്ല. ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട ഒരുപാട് ആളുകൾ അന്ന് അവിടെയുണ്ടായിരുന്നു. അതിൽ ആരെങ്കിലും ട്രോഫി സമ്മാനിക്കണമെന്ന് അദ്ദേഹത്തിനു പറയാമായിരുന്നു. ചെയ്തില്ല.’’
‘‘പിസിബി തലവൻ അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ രാജ്യത്തിന്റെയും വില കളഞ്ഞു. ട്രോഫി വാങ്ങാൻ സൂര്യകുമാർ യാദവ് എന്തിന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ഓഫിസിൽ പോകണം? ഇന്ത്യ വിജയിച്ചു, ട്രോഫിയുമായി ഗ്രൗണ്ടിൽ ആഘോഷിക്കാൻ അവരെ അനുവദിക്കണമായിരുന്നു. മൊഹ്‍സിൻ നഖ്‍വിക്ക് ഒരു വിവരവുമില്ല. അദ്ദേഹത്തിന്റെ രാജ്യത്ത് എല്ലാം തീരുമാനിക്കുന്നത് സൈന്യമാണ്.’’– മദൻ ലാൽ ഒരു മാധ്യമത്തിലെ ചർച്ചയിൽ പ്രതികരിച്ചു.
പാക്കിസ്ഥാനിലെ മന്ത്രിയായ മൊഹ്സിൻ നഖ്‍വിയിൽനിന്ന് ഏഷ്യാകപ്പ് ട്രോഫി വാങ്ങില്ലെന്നാണ് ഇന്ത്യൻ ടീമിന്റെ നിലപാട്. ഫൈനലിനു ശേഷം ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിൽ തുടർന്നെങ്കിലും, മൊഹ്സിൻ നഖ്‍വി ട്രോഫിയുമായി സ്റ്റേഡിയം വിടുകയായിരുന്നു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ വൻ വിമർശനമുയർന്നതോടെ ട്രോഫി നൽകാമെന്ന് മൊഹ്സിൻ നഖ്‍വി സമ്മതിച്ചിരുന്നു. എന്നാൽ എസിസിയുടെ ഓഫിസിലെത്തി, ചെയർമാന്റെ കയ്യിൽനിന്നു തന്നെ സ്വീകരിക്കണമെന്നാണ് നഖ്‍വിയുടെ നിലപാട്.
English Summary:








English (US) ·