മോദി സ്റ്റേഡിയത്തിൽ ഐപിഎൽ ഫൈനലിനൊപ്പം ഓപ്പറേഷൻ സിന്ദൂർ വിജയാഘോഷം; വേദിമാറ്റത്തിനു പിന്നിൽ മഴയോ രാഷ്ട്രീയമോ, വിവാദം

7 months ago 7

മുംബൈ∙ ഐപിഎൽ രണ്ടാം ക്വാളിഫയറും ഇന്നത്തെ ഫൈനലും കൊൽക്കത്ത ഈഡൻ ഗാർഡൻസിൽനിന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്കു മാറ്റിയതിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്ന ആരോപണം തള്ളി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. കാലാവസ്ഥയും മറ്റ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് വേദി മാറ്റത്തിനു പിന്നിലെന്ന് രാജീവ് ശുക്ല വ്യക്തമാക്കി. ഐപിഎൽ ഫൈനൽ ആദ്യം നിശ്ചയിച്ചിരുന്നത് കൊൽക്കത്തയിലായിരുന്നെങ്കിലും, പിന്നീട് വേദി അഹമ്മദാബാദിലേക്കു മാറ്റുകയായിരുന്നു.

പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ പ്രഖ്യാപിച്ചതോടെ ഐപിഎൽ മത്സരങ്ങൾ ബിസിസിഐ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇടവേളയ്ക്കു ശേഷം മത്സരങ്ങൾ പുനഃക്രമീകരിച്ചപ്പോഴാണ് പ്ലേഓഫ്, ഫൈനൽ വേദികൾ ബിസിസിഐ മാറ്റിയത്. ആദ്യം ഹൈദരാബാദിലും കൊൽക്കത്തയിലും നിശ്ചയിച്ചിരുന്ന മത്സരങ്ങളാണ് മുല്ലൻപുരിലേക്കും അഹമ്മദാബാദിലേക്കും മാറ്റിയത്.

മാത്രമല്ല, മോദി സ്റ്റേഡിയത്തിൽ ഇന്ന് ബിസിസിഐ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയാഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിലേക്ക് സൈനിക മേധാവികളെ ഉൾപ്പെടെ ക്ഷണിക്കുകയും ചെയ്തു. ഇതോടെ വേദിമാറ്റത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്ന പ്രചാരണം ശക്തമായി.

ബംഗാൾ ഉൾപ്പെടുന്ന മേഖലയിൽ മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനങ്ങളുടെ അടിസ്ഥാനത്തിലാണ് വേദിമാറ്റമെന്നാണ് ബിസിസിഐ വിശദീകരിച്ചത്. എന്നാൽ, ഇന്നു ഫൈനൽ നടക്കുന്ന അതേ വേദിയിൽ കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിങ്സ് – മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിനിടെ മഴയെത്തിയതോടെയാണ് ബിസിസിഐയുടെ വിശദീകരണം പാളിയത്. കനത്ത മഴയെ തുടർന്ന് രണ്ടേകാൽ മണിക്കൂറോളം വൈകിയാണ് മത്സരം തുടങ്ങിയത്.

ഇതോടെയാണ് മഴമൂലമാണ് വേദിമാറ്റമെന്ന ബിസിസിഐയുടെ ന്യായത്തെ ആരാധകർ ചോദ്യം ചെയ്യുന്നത്. മുല്ലൻപുരിൽ നടന്ന എലിമിനേറ്ററും ഒന്നാം ക്വാളിഫയറും മഴയുടെ ഭീഷണിയില്ലാതെ അവസാനിച്ചെങ്കിലും അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ രണ്ടാം ക്വാളിഫയറിനിടെ മഴയെത്തിയത് ചർച്ചയായി.

‘‘വേദിമാറ്റത്തിനു പിന്നിൽ ദയവു ചെയ്ത് രാഷ്ട്രീയം ചികയാൻ പോകരുത്. ആ തീരുമാനത്തിനു പിന്നിൽ യാതൊരു രാഷ്ട്രീയവുമില്ല. പുതുക്കിയ മത്സര ദിനങ്ങളിൽ കൊൽക്കത്തയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ബ്രോഡ്കാസ്റ്റർമാർ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. കനത്ത മഴ പെയ്താൽ മത്സരം നടത്താനാകാതെ വരുമെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് മത്സരം അഹമ്മദാബാദിലേക്ക് മാറ്റിയത്’ – ശുക്ല വിശദീകരിച്ചു.

ഐപിഎൽ പ്ലേഓഫ്, ഫൈനൽ മത്സരങ്ങൾക്കായി ഡൽഹി, ലക്നൗ, ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത, ചണ്ഡിഗഡ്, അഹമ്മദാബാദ് വേദികളാണ് പരിഗണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ ഏറ്റവും കുറവ് മഴസാധ്യതയുള്ള സ്ഥലങ്ങളെന്ന നിലയിലാണ് ചണ്ഡിഗഡും അഹമ്മദാബാദും തിരഞ്ഞെടുത്തത്. ഇതിനു പിന്നിൽ രാഷ്ട്രീയമൊന്നുമില്ല. ഈ സീസണിലെ ഉദ്ഘാടനച്ചടങ്ങ് നടന്നത് കൊൽക്കത്തയിലായിരുന്നല്ലോ’ – ശുക്ല പറഞ്ഞു.

English Summary:

IPL playoffs, last venues alteration not politically motivated: BCCI's Rajeev Shukla

Read Entire Article