Published: May 05 , 2025 08:11 AM IST
1 minute Read
കൊൽക്കത്ത∙ എന്തൊരു പ്രഹരമായിരുന്നു അത്! രാജ്യാന്തര ക്രിക്കറ്റിലെ എണ്ണം പറഞ്ഞ സ്പിന്നർമാരിൽ ഒരാളായ ഇംഗ്ലിഷ് താരം മോയിൻ അലിക്കെതിരെ ഒറ്റ ഓവറിൽ തുടർച്ചയായി അഞ്ച് സിക്സറുകൾ! പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിലെ താരോദയമായ വരുൺ ചക്രവർത്തിക്കെതിരെ നേരിട്ട ആദ്യ പന്തിൽ സിക്സടിച്ച് തുടർച്ചയായി ആറു സിക്സറുകൾ. നാടകീയ പോരാട്ടത്തിനൊടുവിൽ ആന്റി ക്ലൈമാക്സായി ഒറ്റ റണ്ണിന്റെ നേരിയ തോൽവിയും. ഐപിഎലിൽ തുടർ തോൽവികൾക്കും പ്ലേഓഫ് നഷ്ടത്തിനും ശേഷം ആശ്വാസ ജയം തേടിയിറങ്ങിയ മത്സരത്തിലാണ് രാജസ്ഥാനെ കൊൽക്കത്ത വീഴ്ത്തിയത്.
ആദ്യം ബാറ്റു ചെയ്ത് 206 റൺസെടുത്ത കൊൽക്കത്തയ്ക്കെതിരെ ക്യാപ്റ്റൻ റിയാൻ പരാഗിന്റെ (45 പന്തിൽ 95) ഉജ്വല ഇന്നിങ്സിന്റെ കരുത്തിൽ രാജസ്ഥാനും തിരിച്ചടിച്ചു. ജയിക്കാൻ 22 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ 2 സിക്സും ഒരു ഫോറും നേടിയ ശുഭം ദുബെ (14 പന്തിൽ 25 നോട്ടൗട്ട്) ഒരു പന്തിൽ 3 റൺസായി ലക്ഷ്യം ചുരുക്കി. എന്നാൽ അവസാന പന്തിൽ രണ്ടാം റണ്ണിനായുള്ള ശ്രമത്തിനിടെ ജോഫ്ര ആർച്ചർ (12) റണ്ണൗട്ടായതോടെ ജയത്തിന്റെ പടിവാതിൽക്കൽ രാജസ്ഥാൻ വീണു.
ജയത്തോടെ പ്ലേഓഫിനുള്ള നേരിയ സാധ്യത നിലനിർത്തിയ കൊൽക്കത്തയ്ക്ക് അടുത്ത 3 മത്സരങ്ങളും നിർണായകമാണ്. അർധ സെഞ്ചറിയുമായി കൊൽക്കത്തയുടെ ടോപ് സ്കോററായ ആന്ദ്രെ റസലാണ് (25 പന്തിൽ 57 നോട്ടൗട്ട്) പ്ലെയർ ഓഫ് ദ് മാച്ച്.
∙ പരാഗിന്റെ പ്രയത്നം
യുവതാരം വൈഭവ് സൂര്യവംശിയെയും (4) അരങ്ങേറ്റക്കാരൻ കുനാൽ സിങ് റാത്തോറിനെയും (0) ആദ്യ 2 ഓവറിനിടെ നഷ്ടമായ രാജസ്ഥാനെ വിജയത്തിന് അരികിലെത്തിച്ചത് ക്യാപ്റ്റൻ റിയാൻ പരാഗിന്റെ പോരാട്ട വീര്യമാണ്. ഓപ്പണർ യശസ്വി ജയ്സ്വാൾ (21 പന്തിൽ 34) ഏഴാം ഓവറിൽ പുറത്തായെങ്കിലും ടീമിന്റെ പ്രതീക്ഷകൾ ഒറ്റയ്ക്കു ചുമലിലേറ്റി പരാഗ് ആഞ്ഞടിച്ചു.
5ന് 71 എന്ന നിലയിൽ പതറിയ രാജസ്ഥാന് ആറാം വിക്കറ്റിൽ 48 പന്തിൽ 92 റൺസ് നേടിയ പരാഗ്– ഷിമ്രോൺ ഹെറ്റ്മെയർ (23 പന്തിൽ 29) കൂട്ടുകെട്ട് ഉണർവേകി. 27 പന്തിൽ സീസണിലെ കന്നി അർധ സെഞ്ചറി തികച്ച താരം ആകെ 6 ഫോറും 8 സിക്സും പറത്തി. പക്ഷേ അവസാന 3 ഓവറിൽ ജയിക്കാൻ 38 റൺസ് വേണ്ടിയിരിക്കെ, പരാഗിന്റെ പുറത്താകൽ രാജസ്ഥാന്റെ പ്രതീക്ഷകൾക്കു മങ്ങലേൽപിച്ചു.
നേരത്തേ ഓപ്പണർ റഹ്മാനുല്ല ഗുർബാസ് (25 പന്തിൽ 35), ആംഗ്ക്രിഷ് രഘുവംശി (31 പന്തിൽ 44), അജിൻക്യ രഹാനെ (24 പന്തിൽ 30) എന്നിവരുടെ മികവിൽ മുന്നേറിയ കൊൽക്കത്ത 200 കടക്കുമെന്ന് ആരും കരുതിയതല്ല. എന്നാൽ സീസണിൽ ആദ്യമായി അഞ്ചാമനായി ബാറ്റിങ്ങിനിറങ്ങിയ ആന്ദ്രെ റസൽ (57) അവസാന ഓവറുകളിൽ കത്തിക്കയറിയതോടെ സ്കോർ കുതിച്ചുയർന്നു. റസലിനു കൂട്ടായി റിങ്കു സിങ്ങുമെത്തിയതോടെ (6 പന്തിൽ 19 നോട്ടൗട്ട്) അവസാന 5 ഓവറിൽ 85 റൺസാണ് കൊൽക്കത്ത അടിച്ചെടുത്തത്.
English Summary:








English (US) ·