മോളിവുഡ് ടൈംസ്

1 month ago 4

മുജീബുര്‍റഹ്മാന്‍ കരിയാടന്‍

വെള്ളിത്തിരയില്‍ കാണുന്നതാണ് സിനിമ. അതിനു പിന്നാമ്പുറം എന്താണെന്ന് സിനിമയ്ക്ക് പുറത്തുള്ളവര്‍ക്ക് അറിയണമെന്നില്ല. ഉദയനാണ് താരമെന്ന റോഷന്‍ ആന്‍ഡ്രൂസ്- മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ വന്ന ചലച്ചിത്രമാണ് സിനിമയ്ക്ക് പിന്നിലെ ചില കഥകള്‍ അതിശക്തമായി മലയാളിക്ക് കാണിച്ചു കൊടുത്തത്. ജോഫിന്‍ ടി ചാക്കോ സംവിധാനം നിര്‍വഹിച്ച അനശ്വര രാജന്‍ ചിത്രം രേഖാചിത്രവും വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷവും സിനിമയ്ക്കുള്ളിലേക്കിറങ്ങിയ സിനിമകളാണ്.

ആദ്യ മലയാള സിനിമയായ വിഗതകുമാരന്റേയും അതിന്റെ സംവിധായകനും മലയാള സിനിമയുടെ പിതാവുമായ ജെ സി ഡാനിയേലിന്റേയും കഥ പറഞ്ഞ സെല്ലുലോയ്ഡ്, നടി ശോഭയുടെ ജീവിതം പ്രമേയമാക്കിയ കെ ജി ജോര്‍ജ്ജ് സംവിധാനം നിര്‍വഹിച്ച മമ്മൂട്ടി- ഭരത്‌ഗോപി ചിത്രം ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, നടി ശ്രീവിദ്യയുടെ ജീവിതവുമായി ബന്ധപ്പെട്ട് രഞ്ജിത്ത് സംവിധാനം നിര്‍വഹിച്ച പൃഥ്വിരാജും അനൂപ് മേനോനും പ്രിയാമണിയും അഭിനയിച്ച തിരക്കഥ, അഭിനയ മോഹവുമായി നടക്കുന്ന സ്‌കൂള്‍ അധ്യാപകന്റെ കഥ പറഞ്ഞ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം നിര്‍വഹിച്ച മമ്മൂട്ടി ചിത്രം ബെസ്റ്റ് ആക്ടര്‍, വിനീത് ശ്രീനിവാസന്‍ നായകനായ ലിയോ തദേവൂസിന്റെ ഒരു സിനിമാക്കാരന്‍, ഉദയനാണ് താരത്തിലെ നടന്‍ സരോജ് കുമാറിനെ വികസിപ്പിച്ച് ആക്ഷേപഹാസ്യത്തിന്റെ അങ്ങേത്തലയ്ക്കല്‍ ശ്രീനിവാസന്‍ കൊണ്ടെത്തിച്ച സജിന്‍ രാഘവന്‍ സംവിധാനം നിര്‍വഹിച്ച പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍, ജയരാജ് സംവിധാനം നിര്‍വഹിച്ച ജയറാം, പത്മപ്രിയ, ശാരദാ സിനിമ നായിക തുടങ്ങിയവയൊക്കെ സിനിമ പ്രമേയമായി മലയാളത്തില്‍ വന്ന ചലച്ചിത്രങ്ങളാണ്.

സിനിമയെന്നത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം കയ്യെത്താ ദൂരത്തെ വെള്ളിവെളിച്ചമായതിനാല്‍ അതുമായി ബന്ധപ്പെട്ട് പറയുന്ന ചലച്ചിത്രങ്ങളും കഥകളുമെല്ലാം വേഗത്തില്‍ സ്വീകരിക്കപ്പെടുകയാണ് പതിവ്. ഇത്തരത്തില്‍ മലയാള ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ടാണ് പേരു സൂചിപ്പിക്കുന്നതുപോലെ അഭിനവ് സുന്ദര്‍ നായക് സംവിധാനം നിര്‍വഹിച്ച നസ്ലിന്‍ ഗഫൂര്‍ ചിത്രം മോളിവുഡ് ടൈംസും പ്രേക്ഷകരെ തേടിയെത്തുന്നത്.

ഉദയനാണ് താരവും ബെസ്റ്റ് ആക്ടറും പത്മശ്രീ ഭരത് ഡോ. സരോജ് കുമാറുമൊക്കെ പെട്ടെന്ന് പ്രേക്ഷകരിലേക്ക് കണക്ടാവുന്ന സംഗതികളാണെങ്കില്‍ മോളിവുഡ് ടൈംസ് സിനിമയ്ക്ക് പിന്നിലെങ്കിലും പൊതുവെ പുറമേ കാണുന്ന സിനിമയുടേയും സിനിമാക്കാരുടേയും മുഖമല്ല കാണിക്കുന്നത്. വെള്ളിവെളിച്ചത്തിന്റെ നടുവിലും നിഴലോ ഇരുട്ടോ കണ്ടെത്തി അതിനകത്തൊളിച്ചിരിക്കുന്ന ഒരു സിനിമാ ലോകമാണ് ഈ ചിത്രത്തില്‍ വെളിച്ചത്തിലേക്ക് വരുന്നത്. സിനിമയുടെ പിന്നാമ്പുറക്കഥകളെന്നാല്‍ ചിത്രീകരണ സമയത്തെ കാര്യങ്ങളാണെന്നാണ് ഭൂരിപക്ഷം പേരും കരുതിവെച്ചിരിക്കുന്ന്. എന്നാല്‍ വേറേയും പിന്നാമ്പുറങ്ങള്‍ സിനിമാ ലോകത്തിനുണ്ടെന്ന് കാണിച്ചു തരികയാണ് മോളിവുഡ് ടൈംസ്.

നസ്ലിന്‍ ഗഫൂറും സംഗീത് പ്രതാപുമുള്ളതിനാല്‍ പ്രേമലു പോലൊരു വൈബാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ അതുണ്ടാവില്ല. എന്നാല്‍ സിനിമയേയും സിനിമാ ലോകത്തേയും ഗൗരവത്തോടെയാണ് കാണുന്നതെങ്കില്‍, സംശയിക്കുകയേ വേണ്ട, ഇത് നിങ്ങള്‍ക്കുള്ള ചലച്ചിത്രമാണ്. സിനിമയുടെ പിന്നാമ്പുറങ്ങളും അതിന്റെ രഹസ്യങ്ങളുമെല്ലാം അറിയാന്‍ താത്പര്യമുള്ളവരെ മാത്രമല്ല, ഒരു സിനിമയ്ക്ക് പിന്നിലൂടെ എന്തൊക്കെ ഓടിത്തിമര്‍ത്തതിന് ശേഷമാണ് അത് പ്രേക്ഷകര്‍ക്കു മുമ്പിലേക്ക് തിയേറ്ററിലെത്തുന്നതെന്നും ഈ ചിത്രം കാണിച്ചു തരും.

കഥ മോഷ്ടിച്ചാല്‍ അത് കേവലം ചതി മാത്രമാണ്. എന്നാല്‍ ഒരാളുടെ കഴിവോ കാഴ്ചപ്പാടോ മുഴുവനായി മോഷ്ടിക്കുമ്പോള്‍ അതയാളെ നശിപ്പിക്കലാണ്. അതുതന്നെയാണ് മോളിവുഡ് ടൈംസ്. സിനിമാ രംഗത്തെ സാങ്കേതികമോ ആ ലോകത്തിനകത്തെ പ്രചുര പ്രചാരത്തിലുള്ള രീതികളോ ഒക്കെ ഈ സിനിമ കാണിക്കുന്നതിനാല്‍ ചില ഭാഗങ്ങള്‍ എളുപ്പത്തില്‍ വഴങ്ങിയേക്കില്ലെങ്കിലും പ്രേക്ഷകന് ഇഷ്ടപ്പെടാതെ പോകില്ല.

വൈക്കം ഡേവിഡിന്റെ അപസര്‍പ്പക നോവലുകളിലും അവിടുന്ന് അവിചാരിതമായി എത്തുന്ന മനോജ് നൈറ്റ് ശ്യാമളന്‍ ചിത്രങ്ങളിലും ആകൃഷ്ടമായ ബാല്യകാലത്തിലൂടെയാണ് നായകന്‍ വിനീത് മാധവന്റെ കുട്ടിക്കാലം സഞ്ചരിക്കുന്നത്. അപസര്‍പ്പക നോവലുകള്‍ അവന്റെ സ്വപ്നത്തെ പിടിച്ചടക്കുകയും മനോജ് നൈറ്റ് ശ്യാമളന്റെ സിക്‌സ്ത് സെന്‍സെന്ന സിനിമ അവന്റെ ബാല്യസ്വപ്‌നങ്ങളെ കവര്‍ന്നെടുക്കുകയും ചെയ്യുന്നു. മയ്യഴിയില്‍ ജനിച്ച് പെന്‍സില്‍വാനിയയില്‍ വളര്‍ന്ന മനോജിന് ഹാന്റിക്യാം അത്ര പ്രയാസകരമല്ലാത്ത വസ്തുവാണെങ്കിലും കേരളത്തിലെ ഗ്രാമത്തില്‍ ജീവിക്കുന്ന വിനീത് മാധവന് അതൊരു വിദൂര സ്വപ്‌നം മാത്രമായിരുന്നു. പതിനേഴ് വയസ്സിനിടയില്‍ 45 ഹൃസ്വസിനികള്‍ മനോജ് നൈറ്റ ശ്യാമളനെടുത്തപ്പോള്‍ വിനീത് മാധവന് തന്റെ ആദ്യ സ്വപ്‌ന ഹൃസ്വചിത്രത്തിലെത്താന്‍ വയസ്സ് ഇരുപത് കഴിയേണ്ടി വന്നിരുന്നു. മനോജിന്റേയും സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റേയും ആരാധകനായ വിനീത് മാധവന്റെ നിറഞ്ഞ സ്വപ്‌നം 'മലയാളത്തിലെ ആദ്യത്തെ' എന്നുപേരെടുക്കാവുന്ന രീതിയിലൊരു സിനിമയെടുക്കാനാണ്. അതിനവന്‍ വലിയ രീതിയില്‍ പ്രയത്‌നിക്കുന്നുമുണ്ട്.

വിധിയില്‍ വിശ്വസിക്കാത്ത വിനീതിനു പക്ഷേ, ജീവിതത്തിലെല്ലായിടത്തും വിധി വില്ലനാവുന്നുണ്ട്. വിധിയെ അവന്‍ യാദൃശ്ചികത എന്നാണ് വിളിക്കുന്നതെങ്കിലും!

mollywood times og


നസ്ലിന്‍ എന്ന നടനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയൊന്നും ഉയര്‍ത്തുന്നില്ല വിനീത് മാധവനെന്ന കഥാപാത്രം. പതിവ് രൂപത്തില്‍ നിന്നും ചെറിയൊരു മാറ്റം വരുത്തി എന്നതാണ് വിനീത് മാധവനിലെ എടുത്തുപറയത്തക്ക വ്യത്യാസം. എന്നാല്‍, തന്റെ കഥാപാത്രത്തെ നെസ്ലിന്‍ ഏറ്റവും ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. നെസ്ലിനും സംഗീതും തമ്മിലുള്ള കോംബിനേഷന്‍ രംഗങ്ങള്‍ പ്രേക്ഷക പ്രതീക്ഷയെ പൊളിച്ചെഴുതുന്നുണ്ട്. നസ്ലിന്റെ മുന്‍തലമുറക്കാരനായ ഷറഫുദ്ദീനുമായുള്ള കോംബിനേഷന്‍ രംഗങ്ങള്‍ക്ക് പ്രത്യേക ഭംഗിയുണ്ടെന്ന് പറയാതെ വയ്യ. വളരെ സ്വാഭാവികമായി ഭാവങ്ങള്‍ സമ്മാനിക്കുന്ന ഷറഫുദ്ദീന്റെ കയ്യില്‍ സച്ചിന്‍ ഡേവിഡ് ഭദ്രമാണ്. വ്യത്യസ്ത അഭിനയ രീതികളിലുള്ള ഷറഫുദ്ദീന്റേയും നസ്ലിന്റേയും ചേര്‍ന്നു നില്‍പ്പ് ഭംഗിയാക്കുന്നത് അവരുടെ വ്യത്യസ്തതകള്‍ തന്നെയാണ്. ഇവരോടൊപ്പം എടുത്തു പറയേണ്ടുന്ന കഥാപാത്രമാണ് അപ്പുണ്ണി ശശിയുടെ നിര്‍മാതാവ് ഫയാസ് വോക്‌സ്. ചലച്ചിത്ര മേഖലയിലെ അറിയാ ഭാവങ്ങള്‍ മുഴുവന്‍ ഫയാസ് വോക്‌സിലേക്ക് ഒതുക്കിവെച്ചിട്ടുണ്ട് അണിയറ പ്രവര്‍ത്തകര്‍.

ആവേശത്തിലെ കുട്ടിക്കൂട്ട മുഴുനീളത്തില്‍ നിന്നും മോളിവുഡ് ടൈംസിലെ നസ്ലിനോടൊപ്പമുള്ള മുഴുനീള കഥാപാത്രത്തിലേക്കെത്തുമ്പോള്‍ റോഷന്‍ ഷാനവാസ് തന്നേയും അടയാളപ്പെടുത്തിവെക്കുന്നുണ്ട്. റോഷന്റെ കഥാപാത്രം ഇന്ത്യന്‍ സാഹചര്യത്തിലെ ചില രാഷ്ട്രീയ പൊരുത്തക്കേടുകള്‍ കൂടി പറയാതെ പറയുന്നുണ്ട്. ജാതിയും മതവുമൊന്നുമില്ലാതെ കഴിവ് മാത്രം പരിഗണിക്കപ്പെടുന്നതാണ് സിനിമാ മേഖലയെന്ന് അയാള്‍ കരുതുന്നിടത്തും അതങ്ങനെ തന്നെയാണോ എന്ന് അയാള്‍ തിരിച്ചറിയുന്നിടത്തും മോളിവുഡ് ടൈംസ് അതിന്റെ രാഷ്ട്രീയം കൂടി വ്യക്തമാക്കുന്നുണ്ട്.

ചില സംഭാഷണങ്ങള്‍ക്കിടയിലെ വാക്കുകളില്‍ സെന്‍സര്‍ ബോര്‍ഡിന്റെ 'മ്യൂട്ട്' വരുന്നുണ്ടെങ്കിലും കഥാപാത്രത്തിന്റെ ചുണ്ടനക്കത്തില്‍ അതേതാണ് വാക്കെന്ന് പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകും. എന്നാല്‍ പല തവണ ആവര്‍ത്തിക്കുന്ന മലയാളത്തിലെ ചില പച്ചത്തെറി, അശ്ലീല പ്രയോഗങ്ങളിലൊന്നും 'മ്യൂട്ടിഫിക്കേഷന്‍' വന്നിട്ടുമില്ല.

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം നിര്‍വഹിച്ച മോളിവുഡ് ടൈംസ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം നല്‍കിയ അതേ കൗതുകം തന്നെ നിലനിര്‍ത്തുന്നുണ്ട്. എഡിറ്റര്‍ കൂടിയായ അഭിനവ് ആദ്യ ചിത്രമെന്ന പോലെ ഈ സിനിമയുടേയും എഡിറ്റര്‍മാരിലൊരാളാണ്. സംവിധായകന്‍ മാത്രമായല്ല എഡിറ്ററായി കൂടിയുള്ള കാഴ്ചപ്പാട് സിനിമയുടെ ദൃശ്യങ്ങള്‍ക്ക് സഹായകരമാകുന്നുണ്ട്. നിധിന്‍ രാജ് അരോളാണ് മോളിവുഡ് ടൈംസില്‍ സംവിധായകനോടൊപ്പം എഡിറ്ററായി പ്രവര്‍ത്തിച്ചിരിക്കുന്നത്. നേരത്തെ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിലും അദ്ദേഹം തന്നെയായിരുന്നു സംവിധായകനോടൊപ്പം എഡിറ്ററായി പ്രവര്‍ത്തിച്ചത്.

രാമു സുനിലാണ് മോളിവുഡ് ടൈംസിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. രേഖാചിത്രമെന്ന സിനിമയുടെ കഥ പറയുന്ന സിനിമ എഴുതിയതും രാമു സുനില്‍ തന്നെയാണെന്ന വസ്തുതയും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. രാമു സുനിലിന് സിനിമയെന്നത് കൗതുകവും അത്ഭുതവും മാത്രമല്ല 'ജീവിതം' കൂടിയാണെന്നും ഈ എഴുത്തുകള്‍ തെളിയിക്കുന്നു. രേഖാചിത്രത്തില്‍ കാതോടു കാതോരമെന്ന മമ്മൂട്ടി ചിത്രമാണ് അടിസ്ഥാനമെങ്കില്‍ മോളിവുഡ് ടൈംസിന് ആകാശഗംഗയെന്ന വിനയന്‍ സിനിമയാണ് ത്രെഡാകുന്നത്. ആകാശഗംഗയിലെ ദിവ്യാ ഉണ്ണിയുടെ രംഗങ്ങളെ ഈ സിനിമയിലെ ഭാഗമായി ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല സംവിധായകന്‍ വിനയന്‍ അതേ പേരിലും വേഷത്തിലും ഇതില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്.

നിരവധി താരങ്ങള്‍ കാമിയോ ആണോ കഥാപാത്രമാണോ എന്ന് സംശയിക്കത്തക്ക രീതിയില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം കൂടിയാണ് മോളിവുഡ് ടൈംസ്. നിരവധി സിനിമാ സംവിധായകരേയും താരങ്ങളേയും റഫറന്‍സായും പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

വിശ്വജിത്ത് ഒടുക്കത്തിലിന്റെ ക്യാമറയും ജേക്‌സ് ബിജോയിയുടെ സംഗീതവും മോളിവുഡ് ടൈംസിനെ സിനിമയുടെ അന്തരീക്ഷത്തില്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. 1990കളില്‍ തുടങ്ങി 2015കളില്‍ എത്തിനില്‍ക്കുന്ന ഏകദേശം കാല്‍നൂറ്റാണ്ടു കാലത്തോളം സഞ്ചരിക്കുന്ന ഈ ചിത്രത്തിന്റെ കോസ്റ്റിയൂം ഒരുക്കിയ മഷ്ഹര്‍ ഹംസയേയും എടുത്തുപറയേണ്ടതുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് മോളിവുഡ് ടൈംസ് നിര്‍മിച്ചിരിക്കുന്നത്.

നമുക്കുള്ളത് സ്മാള്‍ വുഡാണെന്നും അത് മോളിവുഡാണെന്നും വിനീത് മാധവന്റെ അച്ഛന്‍ മാധവന്‍ പറഞ്ഞുകൊടുക്കുമ്പോള്‍ ആകാശഗംഗയുടെ പോസ്റ്റര്‍ കാണുന്ന പയ്യന്‍ തനിക്ക് ആ മോളിവുഡ് മതിയെന്ന് തീരുമാനിക്കുന്നിടത്താണ് സിനിമയ്ക്ക് ഈ പേര് നിശ്ചയിച്ചിട്ടുണ്ടാവുക. എന്നാല്‍ പേരിനപ്പുറം സിനിമയുടെ കഥ എല്ലായിടത്തും ഏകദേശം ഇതുതന്നെയായിരിക്കാനാണ് സാധ്യത. അതുകൊണ്ടുതന്നെ മോളിവുഡിന് പകരം ടോളിവുഡെന്നോ കോളിവുഡെന്നോ ബോളിവുഡെന്നോ ഹോളിവുഡെന്നോ ഒക്കെ കൊടുത്താലും വലിയ വ്യത്യാസമൊന്നും വരാനില്ല.

ചില അതിനാടകീയ കൂട്ടിച്ചേര്‍ക്കലുകള്‍ മാറ്റി നിര്‍ത്തിയാല്‍ മികച്ച തിരക്കഥയും അതിനോടു കിടപിടിക്കുന്ന മേക്കിംഗും മോളിവുഡ് ടൈംസിനെ സിനിമാ പ്രേമികള്‍ ഇഷ്ടത്തോടെ സ്വീകരിക്കാനുള്ള കാരണങ്ങളായിരിക്കും.

അശ്വിനി പി

ഓതറിനെ കുറിച്ച്

അശ്വിനി പി

സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കൂ

Read Entire Article