Published: April 28 , 2025 03:34 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്തിന് അടുത്ത തിരിച്ചടി. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 54 റൺസിന്റെ തോൽവി വഴങ്ങിയതിനു പിന്നാലെ ഋഷഭ് പന്തിന് ബിസിസിഐ 24 ലക്ഷം രൂപ പിഴ ചുമത്തി. മുംബൈ ഇന്ത്യൻസിനെതിരായ സ്‍ലോ ഓവർ റേറ്റിന്റെ പേരിലാണു നടപടി. ലക്നൗ ടീമിലെ ഇംപാക്ട് പ്ലേയർ അടക്കം മറ്റു താരങ്ങളെല്ലാം ആറു ലക്ഷം രൂപയോ, മാച്ച് ഫീയുടെ 25 ശതമാനമോ പിഴയായി അടയ്ക്കേണ്ടിവരും.
മുംബൈയ്ക്കെതിരായ മത്സരത്തിൽ രണ്ടു പന്തുകൾ നേരിട്ട ഋഷഭ് പന്ത് നാലു റൺസ് മാത്രമെടുത്തു പുറത്തായിരുന്നു. വിൽ ജാക്സിന്റെ പന്തിൽ കരൺ ശർമ ക്യാച്ചെടുത്താണ് ലക്നൗ ക്യാപ്റ്റനെ മടക്കിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ ഏഴു വിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തപ്പോൾ, ലക്നൗ 20 ഓവറിൽ 161 റൺസെടുത്തു പുറത്തായി. പത്തു മത്സരങ്ങളിൽനിന്ന് അഞ്ച് വിജയങ്ങളും അത്ര തന്നെ തോൽവികളുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ലക്നൗ ഉള്ളത്. ലക്നൗവിന് നിലവിൽ 10 പോയിന്റുണ്ട്.
പ്ലേ ഓഫ് ഉറപ്പിക്കാൻ ലക്നൗവിന് ഇനിയുള്ള മത്സരങ്ങളും വിജയിക്കേണ്ടിവരും. പത്തു മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒരു അർധ സെഞ്ചറി നേടാൻ മാത്രമാണ് ഋഷഭ് പന്തിന് ഇതുവരെ സാധിച്ചത്. ആറു തവണ താരം രണ്ടക്കം കടക്കാതെ പുറത്തായി. 27 കോടി രൂപയ്ക്ക് ലക്നൗ വാങ്ങിയ താരം ബാറ്റിങ്ങിൽ ഇതുവരെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടില്ല.
English Summary:








English (US) ·