'മോഷ്ടിക്കപ്പെട്ട' പടത്തിന്റെ ഓർമകളിൽ ജീവിച്ച കബീർ, ബോളിവുഡ് ചിത്രമൊരുക്കിയ മലയാളിയുടെ ഭാഗ്യദോഷം

7 months ago 6

സ്റ്റോറന്റിന്റെ തിരക്കൊഴിഞ്ഞ മൂലയിലിരുന്ന് നാലു പതിറ്റാണ്ട് കാലത്തെ സിനിമാജീവിതത്തിന്റെ കയ്പും മധുരവും ഇടകലര്‍ന്ന ഓര്‍മ്മകള്‍ പങ്കുവെക്കുന്നതിനിടെ, ഒരു നിമിഷം മൗനിയാകുന്നു കബീര്‍ റാവുത്തര്‍. മുഖം കൈകളിലൂന്നി മുന്നോട്ടു ചാഞ്ഞിരുന്ന് എന്റെ കണ്ണുകളില്‍ ഉറ്റു നോക്കി അദ്ദേഹം പതുക്കെ ചോദിക്കുന്നു: "നിർഭാഗ്യവാനായ ഈ സംവിധായകനെ തേടി വരാന്‍ നിങ്ങളെ പ്രേരിപ്പിച്ചത് ആരാണ്?''

സ്വപ്നങ്ങളിലെ സിനിമയ്ക്ക് വേണ്ടി കൗമാരയൗവനങ്ങൾ നിരുപാധികം സമര്‍പ്പിച്ച്‌, ഒടുവില്‍ വാണിജ്യസിനിമയുടെ പുറമ്പോക്കില്‍ ചെന്നൊടുങ്ങാന്‍ വിധിക്കപ്പെട്ട ഒരു കലാകാരന്റെ നൊമ്പരപ്പെടുത്തുന്ന ചോദ്യം. മറുപടി പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എനിക്ക് : "മുഹമ്മദ്‌ റഫി. റഫി സാഹിബിന്റെ പ്രണയാര്‍ദ്രമായ ഒരു ഗസല്‍ ആണ് താങ്കളുടെ മുന്നില്‍ എന്നെ കൊണ്ടുവന്നെത്തിച്ചത്.... ''

നിദാ ഫാസ്‌ലി എഴുതി മാനസ് മുഖര്‍ജി ഈണമിട്ട ആ ഗാനം "ലുബ്ന" എന്ന സിനിമയിലേതായിരുന്നു. പ്രിയദര്‍ശനും മണിരത്നവുമൊക്കെ വിന്ധ്യനപ്പുറത്തു ചെന്ന് ബോളിവുഡില്‍ കൊടിനാട്ടുന്നതിനു വര്‍ഷങ്ങള്‍ മുന്‍പ്, കിളിമാനൂര്‍ക്കാരനായ കബീര്‍ റാവുത്തര്‍ എന്ന മലയാളി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ഹിന്ദി ചിത്രം. "മേരി നിഗാഹ് നേ യെ കൈസാ ഖ്വാബ് ദേഖാ ഹേ, സമീന്‍ പേ ചല്‍താ ഹുവാ മെഹ്താബ് ദേഖാ ഹേ....'' ഫാസ്‌ലിയുടെ കാവ്യഭംഗി തുളുമ്പുന്ന വരികള്‍. നിശാസുന്ദരിയെപ്പോലെ ഒഴുകിപ്പോകുന്ന പൗർണ്ണമിച്ചന്ദ്രനു പിന്നാലെ അടങ്ങാത്ത പ്രണയദാഹവുമായി അലഞ്ഞ വികാരജീവിയായ ആ കാമുകന്‍ സത്യത്തില്‍ കബീര്‍ റാവുത്തര്‍ തന്നെയായിരുന്നില്ലേ? "സിനിമ എന്റെ നിത്യകാമുകിയാണ്. തിരിച്ചടികള്‍ക്കും പരാജയങ്ങള്‍ക്കും ഒന്നും തകര്‍ക്കാന്‍ കഴിയാത്തതാണ് ആ പ്രണയബന്ധം. ‌ സിനിമയില്ലാതെ എനിക്കൊരു ജീവിതമില്ല..'' റാവുത്തര്‍ പറഞ്ഞു.

കുറച്ചു ആഴ്ചകളേ തിയറ്ററുകളില്‍ ഓടിയുള്ളൂവെങ്കിലും നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു ലുബ്ന എന്ന് റാവുത്തര്‍ ഓര്‍ക്കുന്നു. "ആ പടവുമായി ബന്ധപ്പെട്ട ഏറ്റവും തിളക്കമാര്‍ന്ന ഓര്‍മ്മ മുഹമ്മദ്‌ റഫിയുടെ മുഖമാണ്. എല്ലാ വേദനകളും നിരാശകളും സൗമ്യമായ ആ പുഞ്ചിരിയില്‍ അലിഞ്ഞ് അപ്രത്യക്ഷമാകുന്ന ഇന്ദ്രജാലം കണ്ടു വിസ്മയിച്ചിട്ടുണ്ട് കബീര്‍ റാവുത്തര്‍. "മമ്മുക്ക എന്ന് ഞാന്‍ വിളിക്കുന്ന നിര്‍മാതാവ് മുഹമ്മദ്‌ ബാപ്പുവിന്റെയും എന്റെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു റഫി സാഹിബ് ഞങ്ങളുടെ പടത്തില്‍ പാടണം എന്നത്. ഇന്ന് ആ സിനിമയുടെ സ്മരണകളില്‍ നിന്ന് എന്റെ മനസ്സില്‍ അവശേഷിക്കുന്നതും റഫിയുടെ ശബ്ദസൗകുമാര്യം തന്നെ .'' സിനിമയ്ക്ക് വേണ്ടി റഫി റെക്കോര്‍ഡ്‌ ചെയ്ത അവസാന ഗാനങ്ങളില്‍ ഒന്നായിരുന്നു അത്. ലുബ്ന റിലീസ് ആകുന്നതിനു മൂന്നു വർഷം മുന്‍പ് റഫി മരണത്തിനു കീഴടങ്ങി -- 1980 ജൂലൈ 31 ന്.

ഫേമസ് സ്റ്റുഡിയോവില്‍ റെക്കോര്‍ഡിങ്ങിനെത്തിയ റഫി സാഹിബിന്റെ രൂപം മറക്കാനാവില്ല. "മേരി നിഗാഹ് നേ എന്ന പാട്ട് റഫി സാഹിബ് പാടിക്കേട്ടപ്പോൾ എന്തോ എവിടെയോ ഒരു അപൂർണ്ണത. ഇതിലും ഗംഭീരമായി അദ്ദേഹത്തിന് പാടാൻ കഴിയുമല്ലോ എന്ന് ആരോ ഉള്ളിലിരുന്ന് മന്ത്രിച്ച പോലെ. മാനസിനെ വിളിച്ച്‌ ഞാന്‍ കാര്യം പറഞ്ഞു. സംഭവം സത്യമാണ്. പക്ഷെ റഫിയോടു ഒരിക്കല്‍ കൂടി പാടാന്‍ പറയാന്‍ മാനസിന് ധൈര്യമില്ല. സംഗീതസംവിധായകന്റെ സ്വാതന്ത്ര്യമാണ് അതെന്നു ഞാന്‍. ഞങ്ങള്‍ തമ്മില്‍ കണ്‍സോളില്‍ വച്ചുള്ള സംവാദം റെക്കോര്‍ഡിംഗ് മുറിയുടെ ചില്ലു ജനാലയിലൂടെ ശ്രദ്ധിച്ച റഫി സാഹിബ് കാര്യം എന്തെന്ന് വിളിച്ചു ചോദിച്ചു. അപ്പോഴും മാനസിന് തുറന്നു പറയാന്‍ മടി. ഒടുവില്‍ ഞാന്‍ തന്നെ ചെറിയൊരു സങ്കോചത്തോടെ വിഷയം അവതരിപ്പിച്ചപ്പോള്‍, ഒരു പൊട്ടിച്ചിരിയായിരുന്നു റഫിയുടെ മറുപടി. "ഓ ഇതാണോ കാര്യം? എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല?'' റഫിയുടെ ചോദ്യം. മാനസിനെ കൊണ്ട് വീണ്ടും പാട്ട് പാടിച്ചു കേള്‍ക്കുക മാത്രമല്ല, അതിമനോഹരമായി അത് രണ്ടാമതും പാടി റെക്കോര്‍ഡ്‌ ചെയ്യുകയും ചെയ്തു, അദ്ദേഹം. അതായിരുന്നു റഫി. ആ ഹൃദയനൈര്‍മല്യം ഹിന്ദി സിനിമാ ലോകത്ത് മറ്റാരിലും കണ്ടിട്ടില്ല..''

വേറെയുമുണ്ടായിരുന്നു ലുബ്നയില്‍ ശ്രദ്ധേയ ഗാനങ്ങള്‍. ശാദി മുബാറക് ഹോ എന്ന ഗാനം ലതാജിയും മുബാറക് ബാദ് ബിസ്മില്ലാ എന്ന ഗാനം ആശ ഭോസ്ലെയും പാടി . ഹിന്ദി സിനിമയില്‍ ചുവടുറപ്പിച്ചു തുടങ്ങുകയായിരുന്ന യേശുദാസിനും സ്വന്തം പടത്തില്‍ അവസരം നല്‍കാന്‍ റാവുത്തര്‍ മറന്നില്ല.-- യൂ ഭീ ഹോതാ ഹേ എന്ന പാട്ടാണ് ദാസ്‌ പാടിയത്. ഗാനരചയിതാക്കളായി നിദാ ഫാസ്ലിക്ക് പുറമേ രാവുത്തരുടെ സുഹൃത്ത് ഐഷ് കന്‍വാലും ഉണ്ടായിരുന്നു. സിനിമാജീവിതം മാനസിന് ഭാഗ്യം കൊണ്ടുവന്നില്ലെങ്കിലും അദ്ദേഹത്തിന്റെ രണ്ടു മക്കളും സംഗീതലോകത്ത് ഉന്നതങ്ങൾ കീഴടക്കി: ഷാനും സാഗരികയും.

റഫിയുമായി റാവുത്തരുടെ സൗഹൃദം തുടങ്ങുന്നത് ലുബ്നയ്ക്കും വര്‍ഷങ്ങള്‍ മുന്‍പാണ്-- ഇറങ്ങാതെ പോയ ബോംബെ ലോക്കല്‍ ട്രെയിന്‍ എന്ന ചിത്രത്തിന്റെ നിര്‍മാണവേളയില്‍‍. "ഖാദര്‍ എന്നൊരു മലയാളി ആയിരുന്നു ആ പടത്തിന്റെ നിര്‍മാതാവ്. സംവിധാന ചുമതല എന്നെ ഏല്‍പ്പിക്കുമ്പോള്‍ ഒരൊറ്റ ഉപാധിയെ ഉണ്ടായിരുന്നുള്ളൂ അദ്ദേഹത്തിന്. പാട്ടുകള്‍ മുഹമ്മദ്‌ റഫി പാടണം. റഫിയുമായി അടുപ്പമുള്ള മമ്മുക്ക (മുഹമ്മദ്‌ ബാപ്പു )വഴി കാര്യം സാധിക്കാം എന്നായിരുന്നു എന്റെ ചിന്ത. മമ്മുക്കയെ ചെന്ന് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: റഫിയെ കൊണ്ട് നമുക്ക് പാടിക്കാം. പക്ഷെ ഒരു ഉറപ്പു വേണം. ആലപ്പുഴക്കാരനായ എന്റെ സുഹൃത്ത് ഇസ്മയിലിനെ സംഗീത സംവിധാന ചുമതല ഏല്‍പ്പിക്കണം. മറ്റൊരു സുഹൃത്തായ ശ്രീകാന്തിനെ ഗാന രചനയും. രണ്ടിനും ഞാന്‍ സമ്മതം മൂളി. ജിതിന്‍ശ്യാം എന്ന പേരില്‍ ആ പടത്തിന് സംഗീതം പകര്‍ന്നത് ഇസ്മയിലാണ്. റഫി പാടുകയും ചെയ്തു. എന്ത് ചെയ്യാം, പടം വെളിച്ചം കണ്ടില്ല.'' മുംബൈയിലെ ചേരിപ്രദേശമായ ധാരാവിയില്‍ ഏറെക്കുറെ പൂര്‍ണമായും ചിത്രീകരിച്ച പടം എന്നൊരു പ്രത്യേകത കൂടിയുണ്ട് ബോംബെ ലോക്കല്‍ ട്രെയിനിന്‌. അന്നതൊരു 'വിപ്ലവ'മായിരുന്നു.

"ഭാഗ്യദോഷം എന്റെ ജീവിതത്തില്‍ ഉടനീളം നിഴല്‍ പോലെ ഒപ്പമുണ്ടായിരുന്നു. ഇന്ന് അതുമായി പൊരുത്തപ്പെടാന്‍ പഠിച്ചിരിക്കുന്നു ഞാന്‍,'' കബീര്‍ റാവുത്തരുടെ വാക്കുകള്‍. കിളിമാനൂര്‍ ആര്‍ ആര്‍ വി ഹൈസ്കൂളിലും തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ റാവുത്തര്‍ക്ക് കുട്ടിക്കാലത്ത് തുടങ്ങിയതാണ്‌ സിനിമയോടുള്ള അഭിനിവേശം. സിനിമാസ്വപ്നങ്ങള്‍ റാവുത്തരെ 1967-ല്‍ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിക്കുന്നു. പില്‍ക്കാലത്ത്‌ ഇന്ത്യന്‍ സിനിമയിലെ ദീപ്ത സാന്നിധ്യങ്ങളായി മാറിയ പലരും അവിടെ റാവുത്തരുടെ സമകാലീനരായി ഉണ്ടായിരുന്നു: ജോണ്‍ എബ്രഹാമും ശത്രുഘന്‍ സിൻഹയും നസീറുദ്ദിന്‍ ഷായും കെ.ജി. ജോര്‍ജും രാമചന്ദ്ര ബാബുവും ജയഭാദുരിയും ഡാനിയും നടന്‍ രവിമേനോനും അനില്‍ ധവാനും നവീന്‍ നിശ്ചലും ജി.എസ്. പണിക്കരും ഉള്‍പ്പെടെ. "എന്റെ ഡിപ്ലോമ ചിത്രത്തില്‍ രവിമേനോന്‍ ആയിരുന്നു നായകന്‍. എം.ടിയുടെ നിര്‍മാല്യത്തിലെ ഉണ്ണി നമ്പൂതിരിയുടെ റോള്‍ രവിയ്ക്ക് നേടിക്കൊടുത്തത് ആ ഹ്രസ്വചിത്രത്തിലെ പ്രകടനമാണ്. വിവരം അറിയിച്ചു കൊണ്ട് നാട്ടില്‍ നിന്ന് കത്ത് വന്നപ്പോള്‍ രവിയ്ക്കുണ്ടായ അങ്കലാപ്പ് ഞാന്‍ മറക്കില്ല. ഹിന്ദി സിനിമയില്‍ ചെറിയ റോളുകളില്‍ മുഖം കാണിച്ചു തുടങ്ങിയിരുന്ന രവിയ്ക്ക് മലയാളത്തില്‍ അഭിനയിക്കാന്‍ വലിയ താല്പര്യമില്ല അന്ന്. രവിയുടെ മനസ്സ് മാറ്റി നാട്ടിലേക്ക് വണ്ടി കയറ്റിവിടാന്‍ അന്ന് ഏറെ പ്രയാസപ്പെടേണ്ടിവന്നു....''

സംവിധാനത്തില്‍ ഡിപ്ലോമയുമായി 1970 ല്‍ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്തു വന്ന റാവുത്തര്‍ ഉറ്റ സുഹൃത്തും നടനുമായ അനില്‍ ധവാന്റെ സഹായത്തോടെ ഗംഗ എന്ന ഹിന്ദി പടത്തിന്റെ അസോഷ്യേറ്റ് ആയി സിനിമാ ജീവിതത്തിനു തുടക്കം കുറിക്കുന്നു. അനില്‍ ധവാന്‍ അന്ന് ഹിന്ദി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലമാണ്. രഹന സുല്‍ത്താനോടൊപ്പം അനില്‍ അഭിനയിച്ച ചേതന എന്ന പടം തിയേറ്ററുകളില്‍ തകര്‍ത്തോടുന്നു. ജഗ്ദേവ് ബാംബ്രി ആയിരുന്നു ഗംഗയുടെ സംവിധായകന്‍. സുനില്‍ ദത്തിന്റെ അനിയന്‍ സോംദത്തിനെ നായകനാക്കി അവതരിപ്പിച്ച ആ ചിത്രത്തില്‍ നായികയും ഒരു പുതുമുഖമായിരുന്നു- പില്‍ക്കാലത്ത് ഹാജി മസ്താന്റെ ഭാര്യയായി തീര്‍ന്ന സോന.

ബാന്ദ്ര റോഡിലെ ഒരു ഗസ്റ്റ് ഹൗസിലെ നാല് പേര്‍ താമസിക്കുന്ന കുടുസ്സുമുറിയില്‍ പട്ടിണിയും പരിവട്ടവുമായി സിനിമ സ്വപ്നം കണ്ടു കിടന്ന നാളുകളില്‍ റാവുത്തരെ കാണാന്‍ കെ.ജി. ജോര്‍ജ് എത്തുന്നു. ആദ്യ ചിത്രമായ സ്വപ്നാടനത്തിന്റെ ജോലികളുമായി മുംബൈയിലാണ് അന്ന് ജോര്‍ജ്. "ഒഴിഞ്ഞ വയറുമായി കൂര്‍ക്കം വലിച്ചുറങ്ങുന്ന എന്നെ ജോര്‍ജ് കുലുക്കിയുണര്‍ത്തുകയായിരുന്നു.'' റാവുത്തര്‍ ഓര്‍ക്കുന്നു. "മുഖം കഴുകി വാ. പുറത്തൊരാള്‍ കാത്തു നില്‍ക്കുന്നു'' - ജോര്‍ജ് പറഞ്ഞു. ചെന്ന് നോക്കിയപ്പോള്‍, അംബാസഡര്‍ കാറിന്റെ ബോണറ്റില്‍ ചാരി തൂവെള്ള സഫാരി സൂട്ടണിഞ്ഞ ഒരാള്‍. മുഹമ്മദ്‌ ബാപ്പു ആയിരുന്നു അത് - സ്വപ്നാടനത്തിന്റെ നിര്‍മാതാവ്. ബാപ്പു ഒരു പുതിയ പടം നിര്‍മിക്കുന്നു. ആ പടത്തിന്റെ സംവിധായകനായി ജോര്‍ജ് എന്റെ പേരാണ് നിര്‍ദേശിച്ചതെന്നു പിന്നീടറിഞ്ഞു. "എന്റെ ഗതികേടിനെ കുറിച്ച് കേട്ടറിഞ്ഞാവണം, യാത്ര പറയുമ്പോള്‍ നൂറു രൂപയുടെ അഞ്ചു പിടയ്ക്കുന്ന നോട്ടുകള്‍ അദ്ദേഹം കീശയില്‍ തിരുകി. അത്രയും വലിയ തുക ഒരുമിച്ചു കണ്ടിട്ട് ഏറെ നാളായിരുന്നു..''

രണ്ടു വർഷം കഴിഞ്ഞാണ് വീണ്ടും 'മമ്മുക്ക'യെ കാണുന്നത്. അപ്പോഴേക്കും സ്വപ്നാടനം പൂര്‍ത്തിയായി കഴിഞ്ഞിരുന്നു. ജോര്‍ജിന് ഏറെ അംഗീകാരങ്ങള്‍ നേടിക്കൊടുത്തു ആ ചിത്രം. ബോംബെ ലോക്കല്‍ ട്രെയിന്‍ മുടങ്ങിപ്പോയതിന്റെ ദുഖവുമായി അലഞ്ഞു നടന്ന റാവുത്തറെ തന്റെ അടുത്ത ഹിന്ദി പടം സംവിധാനം ചെയ്യാന്‍ ബാപ്പു ക്ഷണിക്കുന്നു. ലുബ്നയുടെ കഥ തുടങ്ങുന്നത് അവിടെ നിന്നാണ്.

ഹിന്ദി സിനിമാലോകത്തെ ചതിക്കുഴികളെ കുറിച്ച് വിലപ്പെട്ട പാഠങ്ങള്‍ പകര്‍ന്നുതന്ന സിനിമയായിരുന്നു ലുബ്ന എന്ന് റാവുത്തര്‍ പറയും. മലയാളികളായ മുഹമ്മദ്‌ ബാപ്പുവും സി.പി. ബീരാന്‍കോയയും ചേര്‍ന്ന് നിര്‍മ്മിച്ച ആ പടം ചിത്രീകരണം പൂര്‍ത്തിയാക്കിയത്‌ എഴുപതുകളുടെ അവസാനം. വെളിച്ചം കണ്ടത് 1983 ലും. ''പുതിയ സംവിധായകന്‍, പുതിയ നിര്‍മാതാക്കള്‍ , താരതമ്യേന തുടക്കക്കാരായ അഭിനേതാക്കള്‍. സ്വാഭാവികമായും പടം വിതരണം ചെയ്യാന്‍ ആരെയും കിട്ടാത്ത അവസ്ഥ വന്നു. ഒരു വര്‍ഷത്തിലേറെക്കാലം നീണ്ട ദുസ്സഹമായ കാത്തിരിപ്പ്. അതിനിടെ ഞങ്ങള്‍ക്ക് ഒരു അബദ്ധം പറ്റി. പൂര്‍ത്തിയായ പടം നാലഞ്ച് സുഹൃത്തുക്കളെ കാണിച്ചു. ബി.ആര്‍. ചോപ്രയുമായി അടുത്ത ബന്ധമുള്ളവരായിരുന്നു അവര്‍. പ്രത്യേക സ്ക്രീനിംഗ് കണ്ട ശേഷം സന്തുഷടരായി ഞങ്ങള്‍ക്ക് കൈതന്നാണ് അവര്‍ തിരിച്ചു പോയത്.'' കബീര്‍ റാവുത്തര്‍ ഓര്‍ക്കുന്നു.

കാണിച്ചത് ശുദ്ധമണ്ടത്തരമാണെന്ന് അറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ റാവുത്തരും കൂട്ടരും. ഒരാഴ്ച കഴിഞ്ഞു ബി.ആര്‍. ചോപ്ര അദ്ദേഹത്തിന്റെ പുതിയ പടം അനൗൺസ് ചെയ്യുന്നു- നിക്കാഹ്. "ലുബ്നയുടെ അതേ കഥ തന്നെ ആണ് നിക്കാഹിന്റെയും എന്ന കാര്യം ആദ്യം എന്റെ ശ്രദ്ധയില്‍ പെടുത്തിയത് നടി സഹീറയാണ്.,'' -- റാവുത്തര്‍ ഓര്‍ക്കുന്നു. "നിക്കാഹ് തിയറ്ററില്‍ ചെന്ന് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ലുബ്നയുടെ പ്രമേയം വള്ളിപുള്ളി വിടാതെ പകര്‍ത്തി വച്ചിരിക്കുന്നു. ബി.ആര്‍. ചോപ്രയുടെ സുഹൃത്തുക്കളെ വിളിച്ചു പ്രിവ്യു കാണിച്ചപ്പോള്‍ ഞങ്ങള്‍ ഓര്‍ത്തിരുന്നില്ല, കഥ അടിച്ചുമാറ്റപ്പെടുമെന്ന് . ഇനി എന്ത് ചെയ്യും? ഒരു കാര്യം ഉറപ്പായിരുന്നു. ബി.ആര്‍. ചോപ്രയെ പോലെ ഒരു അതികായന്‍ താരതമ്യേന തുടക്കക്കാരനായ എന്റെ കഥ മോഷ്ടിച്ചു എന്ന് പറഞ്ഞാല്‍ ബോളിവുഡില്‍ ആരും വിശ്വസിക്കാന്‍ പോകുന്നില്ല..''

എന്നിട്ടും മുംബൈയിലെ പ്രമുഖ പത്രപ്രവര്‍ത്തകരില്‍ ചിലര്‍ ലുബ്നയുടെ ശില്‍പ്പികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തി എന്നതാണ് അത്ഭുതം. ബ്ലിറ്റ്സ് വാരികയുടെ ഹിന്ദി പതിപ്പില്‍ അതിന്റെ ചീഫ് എഡിറ്റര്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരു ലേഖനപരമ്പര തന്നെ എഴുതി. ലുബ്നയുടെ മോഷണമാണ് നിക്കാഹ് എന്ന് കാര്യകാരണസഹിതം വിശദീകരിച്ചു കൊണ്ടായിരുന്നു എഴുത്ത്. പക്ഷെ ചോപ്രയോ അദ്ദേഹത്തിന്റെ പങ്കാളികളോ ഒരക്ഷരം മിണ്ടിയില്ല.

നിക്കാഹ് സൂപ്പര്‍ഹിറ്റായി. ഗോള്‍ഡന്‍ ജൂബിലിയും പ്ലാറ്റിനം ജൂബിലിയും കടന്നു നിക്കാഹ് മുന്നേറുമ്പോഴും, ലുബ്ന എങ്ങനെ തിയേറ്ററിൽ എത്തിക്കുമെന്നറിയാതെ ഭ്രാന്തു പിടിച്ച അവസ്ഥയിലായിരുന്നു റാവുത്തര്‍‍. ഗത്യന്തരമില്ലാതെ നിര്‍മാതാവ് മുഹമ്മദ്‌ ബാപ്പു തന്നെ പടം വിതരണം ചെയ്യാന്‍ നിര്‍ബന്ധിതനാകുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലുബ്ന തിയറ്ററില്‍ എത്തുന്നത് അങ്ങനെയാണ്. ആദ്യ ഷോ കണ്ട അനുഭവം ഈ ജന്മം മറക്കില്ല, റാവുത്തര്‍. ‌ പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ പിന്‍നിരയില്‍ നിന്ന് ഒരു കമന്റ്. "യേ തോ നിക്കാഹ് കാ കോപ്പി ഹേ..'' -- ഇത് നിക്കാഹിന്റെ കോപ്പി. ഏതു സംവിധായകനും കരച്ചില്‍ വന്നു പോകുമായിരുന്ന സന്ദര്‍ഭം.

അവസാനമായി സംവിധാനം ചെയ്തത് ഒരു മലയാള പടം -- സായികുമാറും പ്രവീണയും അഭിനയിച്ച "ഇങ്ങനെയും ഒരാൾ." കബീർ റാവുത്തറെ കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിൽ തെളിഞ്ഞു വരുന്ന വിശേഷണവും അതുതന്നെ. പ്രിയസുഹൃത്തിന് ആദരാഞ്ജലികൾ...

Content Highlights: The untold communicative of filmmaker Kabir Rawther, his struggles, triumphs

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article