മോസ്കോയിൽ അമേരിക്കൻ സൈനിക വിമാനം ലാൻഡ് ചെയ്തു; വിശദാംശങ്ങൾ വെളിപ്പെടുത്താതെ റഷ്യ

3 weeks ago 4

മോസ്കോയിലെ വ്നുക്കോവോ വിമാനത്താവളത്തിൽ യുഎസ് സൈനിക വിമാനം ഇറങ്ങിയതായി റിപ്പോർട്ടുകൾ. യുഎസ് രജിസ്ട്രേഷൻ നമ്പറുള്ള സി-17 ഗ്ലോബ്മാസ്റ്റർ വിമാനമാണ് ചൊവ്വാഴ്ച മോസ്കോയിലെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ വിമാനത്തിന്റെ വരവിനെയോ യാത്രയുടെ ഉദ്ദേശ്യത്തെയോ കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് റഷ്യൻ പ്രസിഡന്റിന്റെ വസതിയായ ക്രെംലിൻ അറിയിച്ചു.

സൈനികർ, ആയുധങ്ങൾ, മറ്റ് യുദ്ധോപകരണങ്ങൾ എന്നിവ ദീർഘദൂരങ്ങളിലേക്ക് എത്തിക്കുന്നതിനായി യുഎസ് വ്യോമസേന വ്യാപകമായി ഉപയോഗിക്കുന്ന ഭീമൻ ചരക്കുവിമാനമാണ് സി-17 ഗ്ലോബ്മാസ്റ്റർ. അതിനാൽ തന്നെ വിമാനത്തിന്റെ മോസ്കോ സന്ദർശനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുകയാണ്.

ഫ്ലൈറ്റ്റഡാർ24 പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ലാത്വിയൻ തലസ്ഥാനമായ റിഗയിൽ നിന്നാണ് വിമാനം മോസ്കോയിലേക്ക് പുറപ്പെട്ടത്. ആഗസ്റ്റ് 23-ന് അമേരിക്കയിലെ വാഷിങ്ടണിന് സമീപമുള്ള ക്യാംപ് സ്പ്രിങ്സ് വ്യോമതാവളത്തിൽ നിന്നാണ് വിമാനം റിഗയിലെത്തിയത്. അതിന് മുമ്പ് മേരിലാൻഡിലെ യുഎസ് വ്യോമസേനയുടെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ നിന്നാണ് യാത്ര ആരംഭിച്ചത്.

അമേരിക്കൻ പ്രസിഡന്റിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക യാത്രകൾക്കും പ്രത്യേക ദൗത്യങ്ങൾക്കുമായി ഉപയോഗിക്കുന്ന പ്രധാന സൈനിക കേന്ദ്രങ്ങളിലൊന്നാണ് ജോയിന്റ് ബേസ് ആൻഡ്രൂസ്. അതിനാൽ വിമാനത്തിന്റെ യാത്രാമാർഗവും മോസ്കോയിലെ ലാൻഡിംഗും വിവിധ അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.

വിമാനത്തിൽ ആരാണ് ഉണ്ടായിരുന്നതെന്നോ എന്താണ് കൊണ്ടുവന്നതെന്നോ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണത്തിനായി അന്താരാഷ്ട്ര മാധ്യമങ്ങളും നിരീക്ഷകരും കാത്തിരിക്കുകയാണ്.

Read Entire Article