മോഹക്കപ്പിൽ വീണ്ടും ബഗാന്റെ മുത്തം; ഐഎസ്എൽ കിരീടം മോഹൻ ബഗാന്, ഫൈനലിൽ ബെംഗളൂരു എഫ്‍സിയെ തോൽപ്പിച്ചു (2–1)

9 months ago 9

ഓൺലൈൻ ഡെസ്‌ക്

Published: April 12 , 2025 08:29 PM IST Updated: April 12, 2025 10:28 PM IST

2 minute Read

PTI04_12_2025_000508A
ഗോൾനേട്ടം ആഘോഷിക്കുന്ന മോഹൻ ബഗാൻ താരങ്ങൾ (പിടിഐ ചിത്രം)

കൊൽക്കത്ത∙ കേരള ബ്ലാസ്റ്റേഴ്സ് വർഷങ്ങളായി മോഹിച്ചിട്ടും ഇതുവരെ ലഭിക്കാത്ത ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) കിരീടം അഞ്ചാം തവണയും കൊൽക്കത്ത വമ്പൻമാരായ മോഹൻ ബഗാന്റെ ഷോകേസിലേക്ക്! മോഹൻ ബഗാന്റെ തട്ടകത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കരുത്തരായ ബെംഗളൂരു എഫ്‍സിയെ 2–1ന് തകർത്താണ് അവർ തുടർച്ചയായ ഐഎസ്എൽ കിരീടം തിരിച്ചുപിടിച്ചത്. ആദ്യം ഗോളടിച്ച് മുന്നിൽക്കയറിയ ബെംഗളൂരു എഫ്‍സിയെ, പിന്നിൽനിന്നും തിരിച്ചടിച്ച് വീഴ്ത്തിയാണ് ഈ കിരീടനേട്ടമെന്നത് അതിന്റെ മധുരം വർധിപ്പിക്കുന്നു.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതിനാൽ, എക്സ്ട്രാ ടൈം കൂടി അനുവദിച്ചാണ് വിജയികളെ കണ്ടെത്തിയത്. മോഹൻ ബഗാനായി ജേസൺ കുമ്മിങ്സ് (72, പെനൽറ്റി), ജെയ്മി മക്‌ലാരൻ (96–ാം മിനിറ്റ്) എന്നിവരാണ് ലക്ഷ്യം കണ്ടത്. ബെംഗളൂരു എഫ്‍സിയുടെ ആശ്വാസഗോൾ 49–ാം മിനിറ്റിൽ ബഗാൻ താരം ആൽബർട്ടോ റോഡ്രിഗസ് വഴങ്ങിയ സെൽഫ് ഗോളാണ്.

ഇതോടെ, ലീഗ് വിന്നേഴ്‌സ് ഷീൽഡിനൊപ്പം ഐഎസ്എൽ കിരീടവും മോഹൻ ബഗാൻ സ്വന്തമാക്കി. ഐഎസ്എൽ ചരിത്രത്തിൽ ഇതുവരെ ഒരു ടീമും ലീഗ് വിന്നേഴ്‌സ് ഷീൽഡും ഐഎസ്എൽ കിരീടവും ഒരുമിച്ചു നേടിയിട്ടില്ല. മോഹൻ ബഗാൻ സൂപ്പർ ജയന്റ്് എന്ന പേരു സ്വീകരിച്ച ശേഷം ടീമിന്റെ ആദ്യ കിരീടമാണിടത്. 2014ൽ പ്രഥമ സീസണിലും 2016ലും അത്‌ലറ്റിക്കോ ഡി കൊൽക്കത്ത എന്ന പേരിലും 2019–20ൽ എടികെ എന്ന പേരിലും 2022–23ൽ എടികെ മോഹൻ ബഗാൻ എന്ന പേരിലുമാണ് ടീം കിരീടം ചൂടിയത്.

∙ ഗോളുകൾ വന്ന വഴി

ബെംഗളൂരു എഫ്‍സി ഒന്നാം ഗോൾ: മത്സരത്തിന്റെ രണ്ടാം പകുതി ആരംഭിച്ച് മിനിറ്റുകൾ പിന്നിടുമ്പോഴാണ് സെൽഫ് ഗോളിന്റെ രൂപത്തിൽ ബെംഗളൂരുവിന്റെ ഭാഗ്യം എത്തിയത്. മോഹൻ ബഗാൻ ബോക്സ് ലക്ഷ്യമിട്ട് ബെംഗളൂരു നടത്തിയ നീക്കമാണ് അപ്രതീക്ഷിത വഴിയിലൂടെയാണെങ്കിലും ലക്ഷ്യത്തിലെത്തിയത്. വിലതുവിങ്ങിൽ റയാൻ വില്യംസിലൂടെ ബെംഗളൂരുവിന്റെ മുന്നേറ്റം. ബോക്സിനു സമാന്തരമായി എത്തിയ ഉടൻ വില്യംസ് പന്ത് മോഹൻ ബഗാൻ ബോക്സിലേക്ക് മറിച്ചു. അപകടമൊഴിവാക്കാനായി ബോക്സിനുള്ളിൽ പന്തിലേക്ക് കാലുനീട്ടിയ ആൽബർട്ടോ റോഡ്രിഗസിനു പിഴച്ചു. ഉന്നം തെറ്റിയ പന്ത് ഗോൾകീപ്പറിനെയും കാഴ്ചക്കാരനാക്കി ബുള്ളറ്റ് വേഗത്തിൽ ബഗാന്റെ തന്നെ ബോക്സിനുള്ളിലേക്ക്. സ്കോർ 1–0.

മോഹൻ ബഗാൻ ഒന്നാം ഗോൾ: 72–ാം മിനിറ്റിൽ മോഹൻ ബഗാൻ തിരിച്ചടിച്ചു. ഇത്തവണ ബഗാന് അനുകൂലമായി ലഭിച്ച പെനൽറ്റിയാണ് അവർക്ക് സമനില ഗോളിനു വഴിയൊരുക്കിയത്. ഇടതുവിങ്ങിലൂടെ ബഗാൻ താരങ്ങൾ നടത്തിയ മുന്നേറ്റത്തിനൊടുവിൽ ജെയ്‌മി മക്‌ലാരൻ പന്ത് ബോക്സിനുള്ളിൽ ജേസൺ കുമ്മിങ്സിനെ ലക്ഷ്യമിട്ട് മറിച്ചുനൽകി. പന്തിലേക്ക് പറന്നെത്തിയ കുമ്മിങ്സിനെ തടയാനെത്തിയ സന, ഇതിനിടെ പന്ത് കൈകൊണ്ട് സ്പർശിച്ചതിന് റഫറി ബഗാന് അനുകൂലമായി പെനൽറ്റി അനുവദിച്ചു. കിക്കെടുത്ത കുമ്മിങ്സ്, ബെംഗളൂരുവിന്റെ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു. സ്കോർ 1–1.

മോഹൻ ബഗാൻ രണ്ടാം ഗോൾ: അധിക സമയത്തേക്കു നീണ്ട കലാശപ്പോരാട്ടത്തിന്റെ സമ്മർദ്ദത്തിനിടെ, 96–ാം മിനിറ്റിൽ മോഹൻ ബഗാന് ലീഡ്. ആദ്യ ഗോളിനു വഴിയൊരുക്കിയ ജെയ്മി മക്‌ലാരൻ ഇത്തവണ ഗോളടിച്ച് ബഗാന്റെ രക്ഷകനായി. ഇടതുവിങ്ങിൽനിന്ന് ബോക്സിനു നടുവിൽ ലഭിച്ച പന്ത് വരുതിയിലാക്കി, തടയാനെത്തിയ ബെംഗളൂരു എഫ്‍സി താരത്തെ ഒറ്റ ടച്ചിൽ വെട്ടിയൊഴിഞ്ഞ് മക്‌ലരാന്റെ വലംകാൽ ഷോട്ട് നേരെ വലയിൽ. സ്കോർ 2–1.

English Summary:

Mohun Bagan Super Giant vs Bengaluru FC, ISL 2024-25 Final - Live Updates

Read Entire Article