മുജീബുര്‍റഹ്മാന്‍ കരിയാടന്‍
ഭരതനാട്യം അവസാനിപ്പിച്ചിടത്തു നിന്നാണ് മോഹനിയാട്ടം ആരംഭിക്കുന്നത്. വാരികകളില്‍ തുടര്‍ നോവലിന്റെ ആദ്യ ഭാഗങ്ങള്‍ പറയുന്നതുപോലെ മോഹനിയാട്ടത്തിന്റെ തുടക്കം ഭരതനാട്യത്തിന്റെ 'കഥ ഇതുവരെ' പറഞ്ഞുകൊണ്ടായിരുന്നു.
രസകരമായ ചില അത്ഭുതങ്ങള്‍ ഒതുക്കിവെച്ച് പുറത്തുവന്ന ഭരതനാട്യം പ്രേക്ഷകരെ മനോഹരമായി കൗതുകപ്പെടുത്തിയ ചിത്രമായിരുന്നു. ആ കൗതുകം മനസ്സില്‍വെച്ചായിരിക്കും പ്രേക്ഷകര്‍ മോഹിനിയാട്ടത്തെ സമീപിക്കുക.
ഭരതനാട്യം ലളിതമായി പറഞ്ഞൊരു ചിത്രമായിരുന്നുവെങ്കില്‍ മോഹിനിയാട്ടം അത്ര ലളിതമല്ല; ഒരല്‍പം സങ്കീര്‍ണതയും ഡാര്‍ക്കുമൊക്കെയുണ്ടെങ്കിലും രണ്ടാം പകുതിയില്‍ പ്രേക്ഷകര്‍ക്ക് ആര്‍ത്താര്‍ത്തു ചിരിക്കാനുള്ള വക നല്‍കുന്നുണ്ട്. സിനിമയില്‍ അഭിറാം രാധാകൃഷ്്ണന്റെ സുഭാഷെന്ന കഥാപാത്രം പറയുന്നതുപോലെ രണ്ടാം പകുതി തൂക്കിക്കൊണ്ടു പോയെന്നതായിരുന്നു സത്യം.
ഭരതനൊഴികെ മറ്റാര്‍ക്കും നാട്യമില്ലാത്തൊരു ചിത്രമായിരുന്നു ഭരതനാട്യമെന്ന് പൊതുവെ പറയാം. നാട്യം മറച്ചുപിടിച്ച ഭരതന് പ്രത്യേക സന്ദര്‍ഭത്തില്‍ സത്യം പറയേണ്ടി വരികയും പിന്നീടുണ്ടാകുന്ന രസകരമായ നിമിഷങ്ങളുമാണ് ഭരതനാട്യം പറഞ്ഞുവെച്ചത്. എന്നാല്‍ മോഹിനിയാട്ടത്തില്‍ ഭരതന്റെ 'സംഘം' മുഴുവന്‍ നാട്യക്കാരാവുകയാണ്.
ഭരതനാട്യം ഭരതന്റെ നാട്യമായതിനാല്‍ മോഹിനിയാട്ടം മോഹിനിയുടെ ആട്ടമാവാനേ തരുമുള്ളു എന്ന ചിന്തയിലായിരിക്കും പ്രേക്ഷകര്‍ സിനിമ കാണുക. സംഭവം മോഹിനിയുടെ ആട്ടമാണെങ്കിലും അത് 'മോഹിനീശ്വരി ദേവിയുടെ ആട്ട'മായിരുന്നുവെന്ന് മാത്രം.
തൃശൂര്‍ ജില്ലയിലെ ചാലക്കുടിക്കാരന്‍ ഭരതന്‍ കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് പോയി ആരുമറിയാതെ വിവാഹം കഴിച്ചതും പ്രത്യേക സന്ദര്‍ഭത്തില്‍ അത് പറയേണ്ടി വന്നതും അച്ഛന്റെ രണ്ടാം ഭാര്യയേയും മക്കളേയും തേടി ഭരതന്റെ മകന്‍ ശശി തലശ്ശേരിയില്‍ തീവണ്ടിയിറങ്ങി ശ്രീകണ്ഠാപുരത്തേക്ക് പോയി രണ്ടാനമ്മയേയും മകനേയും കൂട്ടിക്കൊണ്ടുവരുന്നതും വീടിനു മുകളില്‍ താമസിക്കുന്നതുമൊക്കെ രസകരമായി ഭരതനാട്യം അവതരിപ്പിച്ചു. ഭരതനായി വന്ന സായികുമാറിന്റെ വീല്‍ ചെയറിലിരുന്നുള്ള ഭാവമാറ്റങ്ങള്‍ തന്നെ ഈ സിനിമയ്ക്ക വലിയ മുതല്‍ക്കൂട്ടായിരുന്നു. അതിനോടൊപ്പം സൈജു കുറുപ്പിന്റെ അമ്പലക്കമ്മിറ്റിക്കാരനും വീട്ടിലെ കാര്യങ്ങള്‍ നോക്കുന്ന മകനുമൊക്കെയായ ശശിയും കലാരഞ്ജിനിയുടെയും ശ്രീജ രവിയുടെയും അമ്മയും കൂടി ചേരുമ്പോള്‍ സംഗതി മികച്ച രീതിയിലാണ് മുമ്പോട്ടു പോയത്. അതോടൊപ്പം ഒരു ഭാഗത്ത് ചാലക്കുടി പ്രാദേശിക മലയാളവും മറു ഭാഗത്ത് കണ്ണൂര്‍- തലശ്ശേരി പ്രാദേശിക മലയാളവും കൂടി ചേര്‍ത്തു പറഞ്ഞിരുന്നു ഭരതനാട്യം. ഒപ്പം ഒരു നായര്‍ കുടുംബത്തിനകത്തെ രസകരമായ കാഴ്ചപ്പാടുകളും കൂടിയായിരുന്നു ആ ചിത്രം.
![]()
ആദ്യ ചിത്രത്തെ പോലെ ക്ഷേത്രത്തെ ചുറ്റിപ്പറ്റി തന്നെയാണ് മോഹിനിയാട്ടത്തിന്റേയും കഥ സഞ്ചരിക്കുന്നത്. പഴയ കഥയുടെ തുടര്‍ച്ചയായി പുതിയ കഥാപാത്രങ്ങളെ കൂടി ചേര്‍ത്തുകൊണ്ടുള്ള തിരക്കഥയില്‍ പശ്ചാതലം ചാലക്കുടിയില്‍ നിന്ന് ശ്രീകണ്ഠാപുരത്തേക്ക് പറിച്ചു നട്ടിട്ടുണ്ട്. സുരാജ് വെഞ്ഞാറമ്മൂടിന്റെ ഗോവിന്ദനാണ് മോഹിനിയാട്ടത്തിലെ കേന്ദ്രം. അയാളെ ചുറ്റിയാണ് സിനിമ വികസിക്കുന്നത്. അനുഭവങ്ങളും ജീവിതവും പുതിയ പാഠങ്ങള്‍ പഠിപ്പിച്ചതു കൊണ്ടായിരിക്കണം സൈജു കുറുപ്പിന്റെ ശശി അത്ര നിഷ്‌കളങ്കനല്ല ഈ സിനിമയില്‍.
കഥാപാത്രങ്ങളെന്ന പോലെ ലൊക്കേഷനും ഈ ചിത്രത്തിലെ പ്രധാന ഘടകമാണ്. വലിയ ക്ഷേത്രം, അവിടുത്തെ ആചാരങ്ങള്‍, അയല്‍വീടുകള്‍ തുടങ്ങി കഥയോടൊപ്പം നില്‍ക്കുന്ന പല ഘടകങ്ങള്‍ ഭരതനാട്യത്തിലേതെന്ന പോലെ മോഹിനിയാട്ടത്തിലുമുണ്ട്.
വിനയ് ഫോര്‍ട്ടിന്റെ പൊലീസ് ഓഫിസര്‍ മറ്റു ചില ചിത്രങ്ങളില്‍ കണ്ടതുപോലെ ബുദ്ധിമാനാണെങ്കിലും ആളൊരു ഫാന്റസി ടൈപ്പാണ്. സുരാജിനെ പോലെ വിനയ് ഫോര്‍ട്ടും മോഹിനിയാട്ടത്തെ കൂടെ കൊണ്ടുപോകുന്നുണ്ട്. അതോടൊപ്പം ജഗദീഷിന്റെ ഇറച്ചിവെട്ടുകാരനും കഥാപാത്രത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഭരതനാട്യം കണ്ട പരിചയത്തില്‍ പതിവ് രീതിയില്‍ മോഹിനിയാട്ടം കാണാന്‍ ശ്രമിക്കേണ്ടതില്ല. ഇത് വേറൊരു തരത്തിലും തലത്തിലുമാണ് പറയാന്‍ ശ്രമിക്കുന്നത്.
ഭരതനാട്യം ഹാസ്യവും കുടുംബ ബന്ധങ്ങളുമെല്ലാം ചേര്‍ത്തു വരുന്ന സിനിമയാണെങ്കില്‍ മോഹിനിയാട്ടത്തില്‍ ഒരല്‍പം ക്രൈം കൂടിയുണ്ടെന്ന വ്യത്യാസമുണ്ട്. ഭരതനാട്യത്തില്‍ കോസ്റ്റിയൂമിലും ചാലക്കുടിയിലേയും തലശ്ശേരിയിലേയും പ്രാദേശിക മലയാള വകഭേദങ്ങളിലും കാണിച്ച സൂക്ഷ്്മത മോഹിനിയാട്ടത്തില്‍ കാണാനായില്ലെന്ന വിമര്‍ശനമുണ്ട്. ശ്രീജ രവിയുടെ രുഗ്മിണിയമ്മ മാത്രമാണ് പ്രാദേശിക കണ്ണൂര്‍ ശൈലി പിടിച്ചിരിക്കുന്നത്. ശ്രീകണ്ഠാപുരത്തെ മറ്റു കഥാപാത്രങ്ങളും ആ ശൈലിയില്‍ തന്നെയായിരുന്നു സംസാരിക്കേണ്ടിയിരുന്നത്.
ആദ്യ സിനിമയില്‍ നിന്നും രണ്ടാം സിനിമയിലെത്തുമ്പോള്‍ രണ്ടു വര്‍ഷത്തോളമുള്ള ഇടവേള കഥാപാത്രങ്ങളാരും പ്രകടമാക്കുന്നേയില്ല. ഭരതനാട്യം ഇന്നലെ കണ്ടതും മോഹിനിയാട്ടം ഇന്നുകാണുന്നതുമെന്ന പോലുള്ള തുടര്‍ച്ചയാണ് അഭിനേതാക്കളെല്ലാം കാഴ്ചവെക്കുന്നത്.
ഒരു മാസം തികയുന്നതിന് മുമ്പ് മൂന്ന് സിനിമകളുടെ തുടര്‍ ഭാഗങ്ങളാണ് മലയാളത്തില്‍ റിലീസായത്. ജയസൂര്യയുടെ ആടിന്റെ മൂന്നാം ഭാഗം വന്നപ്പോള്‍ വാഴയുടെ രണ്ടാം ഭാഗം വാഴ 2ഉം പിന്നാലെ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടവും തിയേറ്ററുകളിലെത്തി. ആട് 3, വാഴ 2 കൊട്ടിഘോഷിച്ചാണ് റിലീസ് ചെയ്തതെങ്കില്‍ ഭരതനാട്യം പോലെ ശാന്തമായാണ് രണ്ടാം ഭാഗമായ മോഹിനിയാട്ടവും തിയേറ്ററുകളിലെത്തിയത്. സൈജു കുറുപ്പിന്റെ 150-ാമത് സിനിമയെന്ന പ്രത്യേകതയും ഭരതനാട്യം 2: മോഹിനിയാട്ടത്തിനുണ്ട്.
സംവിധായകന്‍ കൃഷ്ണദാസ് മുരളിയോടൊപ്പം വിഷ്ണു ആര്‍ പ്രദീപാണ് സിനിമയുടെ സഹ രചയിതാവ്. ബബ്‌ലു അജുവിന്റെ ക്യാമറ, ഷഫീഖ് വി ബിയുടെ എഡിറ്റിംഗ് എന്നിവ നിലവാരത്തിലുള്ളതായിരുന്നു. തോമസ് തിരുവല്ല ഫിലിംസിന്റേയും സൈജു കുറുപ്പ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റേയും ബാനറില്‍ ലിനി മറിയം ഡേവിഡും അനുപമ ബി നമ്പ്യാരും ചേര്‍ന്നാണ് ഭരതനാട്യം പോലെ മോഹിനിയാട്ടവും നിര്‍മിച്ചത്.





English (US) ·