മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനം; അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് 'കണ്ണപ്പ' ടീം

8 months ago 10

ഗംഭീരവിജയം നേടിയ 'എമ്പുരാന്‍', 'തുടരും' സിനിമകളിലൂടെ തുടര്‍ച്ചയായി 200 കോടി കളക്ഷന്‍ നേടി മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വിസ്മയിപ്പിച്ചിരിക്കുകയാണ്. അടുത്തതായി വിഷ്ണു മഞ്ചു നായകനായെത്തുന്ന പാന്‍- ഇന്ത്യന്‍ ചിത്രം 'കണ്ണപ്പ'യാണ് അദ്ദേഹത്തിന്റേതായി ഇറങ്ങാനൊരുങ്ങുന്ന ചിത്രം. അതേസമയം മോഹന്‍ലാല്‍ ബുധനാഴ്ച തന്റെ 65-ാം ജന്മദിനം ആഘോഷിക്കുകയാണ്. പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ആക്കം കൂട്ടിക്കൊണ്ട്, ജൂണ്‍ 27-ന് ലോകമെമ്പാടും ഗംഭീരമായ റിലീസിനായി ഒരുങ്ങുന്ന 'കണ്ണപ്പ'യെ കുറിച്ചുള്ള ഒരു പ്രധാന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ശക്തവും തീവ്രവുമായ, ഏവരേയും അതിശയിപ്പിക്കുന്ന മോഹന്‍ലാലിന്റെ ദൃശ്യങ്ങളാണ് ചിത്രത്തിലേതായി 'കണ്ണപ്പ'യുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ദൃഢനിശ്ചയത്തോടെ, ഏവരേയും ആകര്‍ഷിക്കുന്ന അസാമാന്യ സ്‌ക്രീന്‍ പ്രസന്‍സോടെ നടന്നുവരുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ ഏവരിലും രോമാഞ്ചമുണ്ടാക്കും. മാസ്മരികമായ പശ്ചാത്തല സംഗീതത്തോടെ എത്തിയിരിക്കുന്ന ഈ ഹ്രസ്വവീഡിയോ ഏവരിലും ആകാംക്ഷ ഉണര്‍ത്തിയിരിക്കുകകയാണ്.

ഒരു ഇതിഹാസ കഥാപാത്രമായ കിരാത എന്ന വേഷമാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിവിധ ഭാഷകളിലെ ആരാധകര്‍ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. വിഷ്ണു മഞ്ചു നായകനായെത്തുന്ന 'കണ്ണപ്പ' എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ്കുമാര്‍, മോഹന്‍കുമാര്‍, ശരത്കുമാര്‍, കാജള്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിര ഒരുമിക്കുകയാണ്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ജൂണ്‍ 27-നാണ് റിലീസിനെത്തുന്നത്.

ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന മോഹന്‍ലാല്‍ എല്ലാ വേഷങ്ങളിലും, ഭാഷകളിലും, തലമുറകളുടെ ഇഷ്ടതാരമായി നിരന്തരം സ്വയം പുതുക്കിയിട്ടുണ്ട്. 'കണ്ണപ്പ'യില്‍, നിഗൂഢതയും ശക്തിയും കലര്‍ന്ന വേഷം ഏറ്റെടുത്തിരിക്കുന്ന അദ്ദേഹത്തിന്റെ രംഗങ്ങള്‍ ലോകം മുഴുവന്‍ ചര്‍ച്ചയാകുന്നതും ഏവരേയും സ്വാധീനിക്കുന്നതുമായിരിക്കുമെന്നാണ് സിനിമാവൃത്തങ്ങളില്‍നിന്നുള്ള സൂചന.

ഇന്ത്യന്‍ പുരാണങ്ങളുടെയും ഭക്തിയുടെയും പശ്ചാത്തലത്തില്‍, ശിവനോടുള്ള അചഞ്ചലമായ സ്‌നേഹവും ഭക്തിയുടെ അനശ്വര പ്രതീകമാക്കി മാറ്റിയ ഇതിഹാസഭക്തന്റെ യാത്രയുമാണ് 'കണ്ണപ്പ' പറയുന്നത്. കാലാതീതമായ വിശ്വാസത്തിനും വീരോചിതമായ ത്യാഗത്തിനും ഊന്നല്‍ നല്‍കി വിഷ്ണു മഞ്ചുവാണ് ചിത്രം നിര്‍മിക്കുകയും പ്രധാന വേഷത്തില്‍ അഭിനയിക്കുകയും ചെയ്യുന്നത്.

മോഹന്‍ലാലും വിഷ്ണു മഞ്ചുവും ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ 'കണ്ണപ്പ' ഇതിനകം ഏറെ ചര്‍ച്ചാവിഷയമാണ്. മേയ് എട്ടുമുതല്‍, അമേരിക്കയില്‍നിന്ന് 'കണ്ണപ്പ മൂവ്‌മെന്റ്' തുടങ്ങാനിരിക്കുകയാണ്. ജൂണ്‍ 27-ന് റിലീസാകുന്ന ചിത്രത്തിന്റെ ആഗോള പ്രമോഷനുകള്‍ക്ക് ഇതോടെ തുടക്കം കുറിക്കും. വിഷ്ണു മഞ്ചുവും സംഘവും ഇന്ത്യയ്‌ക്കൊപ്പം അമേരിക്കയിലുടനീളം 'കണ്ണപ്പ'യ്ക്കായി വലിയ റിലീസ് ആസൂത്രണം ചെയ്യുന്നതിനാല്‍ തന്നെ ഈ അന്താരാഷ്ട്ര സംരംഭം ചിത്രത്തെ ഏവരിലേക്കും എത്തിക്കുന്നതിനായാണ് വിഭാവനം ചെയ്തിരിക്കുന്നത്.

'കണ്ണപ്പ'യുടെ പോസ്റ്ററുകളും ടീസറും പാട്ടുകളും ഇതിനകം ഏറെ തരംഗമായി മാറിയിട്ടുണ്ട്. എവിഎ എന്റര്‍ടെയ്ന്‍മെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളില്‍ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'കണ്ണപ്പ'.

ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം: സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍: ആന്റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ചിന്ന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിനയ് മഹേശ്വര്‍, ആര്‍. വിജയ് കുമാര്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: Mohanlal`s aggravated scenes successful Vishnu Manchu upcoming Pan-India movie `Kannappa` revealed

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article