
നടി ശാരദ | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ | മാതൃഭൂമി
1945 ജൂൺ 25-ന് ആന്ധ്രയിലെ തെനാലിയിൽ ജനിച്ച സരസ്വതീദേവിയാണ് ശാരദയായി മാറിയത്. ആദ്യ സിനിമ തെലുഗിൽ ‘കന്യാശുൽക്കം’. അന്ന് പത്തു വയസ്സുമാത്രം പ്രായം. ഉദയ സ്റ്റുഡിയോ ഉടമയായിരുന്ന കുഞ്ചാക്കോ ആണ് മലയാള സിനിമയ്ക്ക് ശാരദയെ പരിചയപ്പെടുത്തുന്നത്. സത്യനും പ്രേംനസീറും അഭിനയിച്ച് 1965-ൽ പുറത്തിറങ്ങിയ ‘ഇണപ്രാവുകൾ’ ആയിരുന്നു ചിത്രം. മലയാള സിനിമയിലെത്തുമ്പോൾ ശാരദയുടെ പ്രായം പത്തൊൻപത്. എ. വിൻസെന്റിന്റെ സംവിധാനത്തിൽ 1968-ൽ പുറത്തിറങ്ങിയ ‘തുലാഭാരം’ ആണ് അഭിനേത്രി എന്ന നിലയിൽ ശാരദയെ ഉയരങ്ങളിലെത്തിച്ചത്. തുലാഭാരത്തിലൂടെ മലയാള സിനിമയ്ക്ക് ആദ്യമായി മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടിക്കൊടുത്തു. 1972-ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനംചെയ്ത ‘സ്വയംവര’ത്തിലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം വീണ്ടും ശാരദയിലൂടെ കേരളക്കരയിലെത്തി, ശേഷം ചരിത്രം. തെലുഗുദേശം പാർട്ടിയിലൂടെ അവർ രാഷ്ട്രീയത്തിലും പ്രവേശിച്ചു. സ്വന്തം മണ്ഡലമായ തെനാലിയിൽനിന്ന് ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. സിനിമയും രാഷ്ട്രീയവും ജിവിതത്തിൽ കുറെ വിലപ്പെട്ട പാഠങ്ങൾ നൽകിയെന്ന് ശാരദ പറയുന്നു.
മാതൃഭൂമി പ്രതിനിധി പ്രശാന്ത് കാനത്തൂരിന് നൽകിയ അഭിമുഖത്തിൽനിന്ന്
എട്ടു പതിറ്റാണ്ടു പൂർത്തിയായ ജീവിതം. കടന്നുപോയ വഴികളെക്കുറിച്ച് ഓർക്കുമ്പോൾ എന്തു തോന്നുന്നു
ജീവിതം നൂറുശതമാനം സംതൃപ്തമാണെന്നേ ഞാൻ പറയൂ. സിനിമയെ ഒരു ജോലിയായി മാത്രമാണ് കണ്ടത്. എന്നെ ഏൽപ്പിച്ച ജോലി ഞാൻ കൃത്യതയോടെയും ആത്മാർപ്പണത്തോടെയും ചെയ്തു. മറ്റേതുതരം ജോലി പോലെയാണിതും. സിനിമയിൽ അല്പം താരത്തിളക്കം കൂടുമെന്നുമാത്രം. ഇത്രയും വർഷത്തിനിടയിൽ വ്യത്യസ്തതയാർന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കാനായി. പല നാടുകളും പലതരം ലൊക്കേഷനുകളും സന്ദർശിച്ചു. പലതരം അനുഭവങ്ങൾ മുന്നിൽക്കണ്ടു. പല സ്വഭാവമുള്ളവരെ കണ്ടു. കണ്ടതിൽനിന്നും മനസ്സിലാക്കിയതിൽനിന്നും വേണ്ടതുമാത്രം ഉൾക്കൊള്ളുകയും അല്ലാത്തവ നിരാകരിക്കുകയുംചെയ്തു. ഇന്നു കാണുന്നതുപോലുള്ള വിപുലമായ സൗകര്യങ്ങൾ ഞങ്ങളുടെ കാലത്ത് സിനിമയിൽ ഉണ്ടായിരുന്നില്ല. പക്ഷേ, അക്കാലത്ത് സിനിമക്കാർ ഒരു കുടുംബമായിരുന്നു. മരത്തണലിൽ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കും. വീടുകളിൽനിന്നു ഭക്ഷണം കൊണ്ടുവന്ന് പങ്കുവെച്ചു കഴിക്കും. അന്ന് നടിമാർക്ക് വസ്ത്രം മാറാനൊന്നും വലിയ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. തുണികൾ കൊണ്ടു മറച്ച കർട്ടൻ മറയാക്കിയാണ് അതൊക്കെ നിർവഹിച്ചത്. അന്ന് അതൊന്നും പ്രയാസമായി തോന്നിയിട്ടേയില്ല. സന്തോഷത്തോടെയും സംതൃപ്തിയോടെയും എല്ലാം ചെയ്തു. സിനിമയിൽ പുത്തൻ സൗകര്യങ്ങൾ വരുമ്പോഴും സ്നേഹവും കൂട്ടായ്മയും നിലനിർത്താൻ ശ്രമിക്കണം. ഒറ്റയ്ക്കുള്ളതല്ലല്ലോ സിനിമ. ഒട്ടേറെപ്പേരുടെ അധ്വാനത്തിന്റെ ആകത്തുകയാണല്ലോ. അതു മനസ്സിലാക്കണം.
പ്രതീക്ഷയോടെ രാഷ്ട്രീയത്തിലേക്കു കടന്നു. പിന്നീട് അതുപേക്ഷിക്കാൻ കാരണം
സിനിമയാണ് എന്നെ പോറ്റി വളർത്തിയത്. പ്രേക്ഷകരാണ് എന്നെ ഞാനാക്കിമാറ്റിയത്. ജനങ്ങൾ ഒപ്പമുണ്ടാകുമെന്ന വിശ്വാസത്തിലാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. രാഷ്ട്രീയപ്രവർത്തനം എനിക്കു സേവനമാണ്. എന്റെ നിലപാടായിരുന്നില്ല മറ്റു പലർക്കും. പലരും സ്വന്തം അജൻഡകൾ പിന്തുടരുന്നവരായിരുന്നു. അവർ രാഷ്ട്രീയത്തെ ബിസിനസ്സായി കണ്ടു.
സിനിമയെയും രാഷ്ട്രീയത്തെയും എങ്ങനെ തുലനം ചെയ്യുന്നു
ശരിക്കും സിനിമയും രാഷ്ട്രീയവും രണ്ടു ധ്രുവങ്ങളാണ്. പക്ഷേ, രണ്ടിലും ഒരു പ്രധാന സാദൃശ്യമുണ്ട്. ജനങ്ങളില്ലെങ്കിൽ സിനിമയില്ല എന്നതു പോലെത്തന്നെ സത്യമാണ് ജനങ്ങളില്ലെങ്കിൽ രാഷ്ട്രീയമില്ല എന്നതും. രണ്ടിലും ഒരുപാടു കാലം നിലനിൽക്കാൻ ചിലർക്കേ സാധ്യമാകൂ. ഞാൻ കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന സ്വഭാവക്കാരിയാണ്. സത്യസന്ധത കൈമോശം വരാതെ സൂക്ഷിക്കുന്നു. അത് പലപ്പോഴും ഗുണത്തെക്കാളേറെ ദോഷവും ചെയ്യും. സിനിമയായാലും രാഷ്ട്രീയമായാലും നമ്മളെ തിരിച്ചറിയാനും ഉൾക്കൊള്ളാനും കഴിവുള്ളവരാണ് പൊതുസമൂഹം എന്ന ബോധ്യം സ്വയം ഉണ്ടാകുന്നത് നല്ലതാണ്.
ഒരുമിച്ച് അഭിനയിച്ചവരിൽ മധു, ഷീല തുടങ്ങിയവരല്ലേ ഇപ്പോഴുള്ളൂ. അവരുമായി അടുപ്പംസൂക്ഷിക്കുന്നുണ്ടോ?
മധുവുമായി നാൽപ്പതു വർഷത്തിലധികമുള്ള സൗഹൃദം ഇന്നും തുടരുന്നു. മലയാള സിനിമയുടെ ചരിത്രമാണ് അദ്ദേഹം. സത്യനും പ്രേംനസീറിനും മധുവിനുമൊക്കെ ഒപ്പം അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. ഇപ്പോഴും മധുവിനെ മാസത്തിൽ ഒരിക്കലെങ്കിലും വിളിച്ചു സംസാരിക്കും. ഷീലയുമായും ജയഭാരതിയുമായും നല്ല സൗഹൃദം പുലർത്തുന്നുണ്ട്. തമിഴിലും തെലുഗിലും ഒന്നിച്ചഭിനയിച്ചവരിൽ ഭൂരിഭാഗം പേരും മരിച്ചു. എംജിആർ, ശിവാജി ഗണേശൻ തുടങ്ങിയവരുമായി മരിക്കുന്നതുവരെ ദൃഢമായ ബന്ധം കാത്തുസൂക്ഷിക്കാനായി.
സിനിമയിൽ നിറവേറ്റാനാവാത്ത ആഗ്രഹങ്ങൾ വല്ലതും ബാക്കിയുണ്ടോ?
വലിയ ആഗ്രഹങ്ങളും സ്വപ്നങ്ങളുമില്ലാത്ത വ്യക്തിയാണ് ഞാൻ. മോഹൻലാലിന്റെ കൂടെ ഇതുവരെ അഭിനയിക്കാനായില്ലല്ലോ എന്ന് ചിന്തിച്ചിട്ടുണ്ട്. ആകെ ഒരു തവണ മാത്രമേ മോഹൻലാലിനെ നേരിൽ കണ്ടിട്ടുള്ളൂ. സ്നേഹവും ബഹുമാനവുമുള്ള നല്ല വ്യക്തിയാണ് അദ്ദേഹം. മമ്മൂട്ടിയുടെ കൂടെ രാപ്പകൽ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹവും സ്നേഹസമ്പന്നനും നല്ല വ്യക്തിത്വത്തിനുടമയുമാണ്.
മാറുന്ന മലയാള സിനിമയെക്കുറിച്ച് എന്താണ് അഭിപ്രായം
ഞാൻ പറഞ്ഞില്ലേ, സിനിമ എനിക്ക് എന്നും തൊഴിൽമാത്രമായിരുന്നു. അഭിനയിച്ച പല സിനിമകളും ഇതുവരെ കണ്ടിട്ടില്ല എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. 15 വർഷംമുൻപാണ് അവസാനമായി ഒരു മലയാള സിനിമ കണ്ടത്. പേരുപോലും ഓർക്കുന്നില്ല. സിനിമകൾ കാണാനൊന്നും വലിയ താത്‌പര്യം തോന്നാറില്ല. ഒരിക്കലും താരപ്രഭയിൽ ജീവിക്കാൻ ആഗ്രഹിച്ചിട്ടില്ല. ചുറ്റിലും നമ്മളെക്കാൾ എത്രയോ വലിയവരുണ്ട് എന്ന് മനസ്സിലാക്കിയാൽ തീരുന്നതേയുള്ളൂ ഞാനെന്ന ഭാവം. മലയാള സിനിമയിൽ പണ്ടു മുതൽക്കേ നല്ല കഥകളുണ്ട്. ഇപ്പോഴും അതുണ്ടാകുന്നുണ്ടെന്നു കരുതുന്നു. ഞാൻ അഭിനയിച്ചിരുന്ന കാലത്തെ രീതിയല്ല ഇപ്പോൾ. നല്ല നടീനടന്മാർ ഇപ്പോഴും മലയാളത്തിലുണ്ട്. സിനിമാ സെറ്റുകളിൽ അച്ചടക്കമില്ലായ്മയും ലഹരി ഉപയോഗവും ഉണ്ടെന്നുള്ള ആക്ഷേപങ്ങളുണ്ടെങ്കിലും ഇതേക്കുറിച്ച് എനിക്ക് വലിയ അറിവൊന്നുമില്ല. കാലം മാറുമ്പോൾ സ്വാഭാവികമായും പല മാറ്റങ്ങളുണ്ടാകും. ചില നടീനടന്മാരുടെ പെരുമാറ്റദൂഷ്യംകൊണ്ട് എല്ലാവരെയും അടച്ചാക്ഷേപിക്കുന്നതു ശരിയായി തോന്നുന്നില്ല.
ഹേമാ കമ്മിറ്റിയിൽ അംഗമായിരുന്നല്ലോ. മലയാള സിനിമയ്ക്കുള്ളിൽ എന്താണ് സംഭവിക്കുന്നത്?
ഈ ചോദ്യം പ്രതീക്ഷിച്ചതാണ്. പക്ഷേ, ഉത്തരം നൽകാൻ ഇപ്പോൾ താത്‌പര്യമില്ല. ഹേമാ കമ്മിറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ജസ്റ്റിസ് ഹേമയോടു നേരിട്ടു ചോദിക്കുന്നതാണ് ഉചിതം. മറുപടി നൽകാൻ ഉത്തരവാദപ്പെട്ടവർ അവരാണ്. എനിക്ക് ഇക്കാര്യത്തിൽ പ്രതികരിക്കാൻ ആഗ്രഹമില്ല.
കുടുംബം
കുടുംബത്തെക്കുറിച്ച് പൊതുസമൂഹത്തെ അറിയിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. വ്യക്തിപരമായ കാര്യങ്ങളാണത്. മരിച്ചുപോയ എന്റെ സഹോദരന്റെ കുടുംബവുമൊത്ത് ചെന്നൈ മഹാലിംഗപുരത്താണ് താമസം. സഹോദരൻ ഒപ്പമില്ലെങ്കിലും അവന്റെ കുടുംബം എന്റെകൂടി കുടുംബമാണ്.
Content Highlights: Inspiring beingness of Sarada, a renowned Telugu and Malayalam actress
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·