മോഹന്‍ലാലിന്റെ ഫാന്‍ബോയ്, സ്വപ്‌നതുല്യമായ തുടക്കം; 'ഹൃദയപൂര്‍വം' ടി.പി. സോനു

4 months ago 6

mohanlal sonu tp

ഹൃദയപൂർവം സിനിമാ ചിത്രീകരണവേളയിൽ മോഹൻലാലിനൊപ്പം തിരക്കഥാകൃത്തായ ടി.പി. സോനു | Photo: Special Arrangement

കാഞ്ഞിരപ്പള്ളി: സിനിമയിൽ എഴുതിത്തുടങ്ങുന്ന ഒരാൾക്ക് കിട്ടുന്ന ഏറ്റവും വലിയ തുടക്കം. ആ സ്വപ്നം സഫലമാക്കിയതിന്റെ ആഹ്ലാദത്തിലാണ് കാഞ്ഞിരപ്പള്ളിക്കാരനായ എഴുത്തുകാരൻ. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ‘ഹൃദയപൂർവം’ സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് കാഞ്ഞിരപ്പള്ളി മണ്ണാറക്കയം സ്വദേശി തോണിപ്പാറ ടി.പി. സോനുവാണ്. അഖിൽ സത്യന്റേതാണ് കഥ.

നിരവധി പുരസ്‌കാരങ്ങൾ നേടിയ ‘നൈറ്റ് കോൾ’ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് സോനുവിന്റെ സിനിമയിലേക്കുള്ള പ്രവേശനം. പ്രേംനസീർ ഫൗണ്ടേഷനും തിരുവനന്തപുരം ഫിലിം ഫ്രറ്റേണിറ്റിയും ചേർന്ന് നടത്തിയ ഹ്രസ്വചിത്ര മത്സരത്തിൽ മികച്ച ചിത്രം, തിരക്കഥ, സംവിധാനം, നടൻ എന്നീ മേഖലകളിൽ പുരസ്‌കാരം ലഭിച്ചിരുന്നു. ഐഎഫ്എഫ്‌കെയിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കാഞ്ഞിരപ്പള്ളിയിൽ മാധ്യമപ്രവർത്തകനായിട്ടായിരുന്നു തുടക്കം. മണ്ണാറക്കയം തോണിപ്പാറ പ്രേമചന്ദ്രൻ-വിജയമ്മ ദമ്പതിമാരുടെ മകനാണ്. ഭാര്യ: ഗീതു. സഹോദരൻ: സോജു. വ്യാഴാഴ്ച റിലീസായ സിനിമയുടെ വിശേഷം സോനു പങ്കുവെക്കുന്നു.

’ഹൃദയപൂർവം’ സിനിമയുടെ ഭാഗമാകുന്നത്

‘നൈറ്റ് കോൾ’ എന്ന ഹ്രസ്വചിത്രം കണ്ടിട്ടാണ് സത്യൻ വിളിക്കുന്നത്. അദ്ദേഹത്തിന്റെ സിനിമകളുടെ ആരാധകനായ തനിക്ക് വിളിവന്നപ്പോൾതന്നെ സന്തോഷം തോന്നി. അഭിനന്ദിച്ചശേഷം പിന്നീട് കാണാമെന്ന് ഉറപ്പുനൽകി. തൃശ്ശൂരിൽ വെച്ചാണ് ആദ്യമായി കാണുന്നത്. പിന്നീട് ഒരു വർഷം കഴിഞ്ഞാണ് ഈ സിനിമയുടെ ഭാഗമാകുവാൻ വിളിക്കുന്നത്. സത്യനുമായി ഒന്നിച്ചിരുന്നാണ് തിരക്കഥ പൂർത്തിയാക്കിയത്.

ആദ്യസിനിമ മോഹൻലാലിനൊപ്പം

‘ഫാൻ ബോയ്’ എന്ന നിലയിൽ മോഹൻലാലിനൊപ്പം ജോലിചെയ്യാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ട്. ആദ്യം കണ്ടതുമുതൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നിമിഷങ്ങൾ ഒരുപാട് അനുഭവങ്ങൾ നൽകി.

കോളേജ് കാലം മുതൽ സിനിമയിലെത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. 2013-14 കാലഘട്ടത്തിൽ ഷോർട്ട് ഫിലിം മത്സരങ്ങളിൽ പങ്കെടുത്ത് ആദ്യ പത്തിലൊക്കെ എത്തിയിരുന്നു. രണ്ട് വർഷം കണ്ടന്റ് റൈറ്ററായി ജോലിചെയ്തു. രേവതി കലാമന്ദിറിൽ സിനിമ പഠിച്ചു. 2022-ലാണ് ‘നൈറ്റ് കോൾ’ചെയ്യുന്നത്.

ഹൃദയപൂർവം സിനിമ പ്രതീക്ഷ

സത്യൻ അന്തിക്കാട് മോഹൻലാൽ ടീമിൽനിന്ന് എന്താണോ പ്രതീക്ഷിക്കുന്നത് അത് ലഭിക്കുന്ന രീതിയിലുള്ളതാകും ഈ സിനിമ. ടെൻഷനില്ലാതെ വളരെ സന്തോഷമായിട്ട് ആസ്വദിച്ച് കാണാൻ കഴിയുന്ന സിനിമയാകും. സിനിമ പൂർത്തിയാക്കിയ ശേഷം കണ്ടവർ നല്ല അഭിപ്രായമാണ് പറഞ്ഞിരിക്കുന്നത്.

Content Highlights: Sonu TP`script for `Hridayapoorvam` starring Mohanlal marks a imagination debut

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article