മോഹന്‍ലാലിന്റെ സ്‌ത്രൈണഭാവം: ആ പരസ്യചിത്രത്തിന് സംഗീതം നല്‍കിയത് ബിജിബാല്‍, പാടിയത് സംഗീത

5 months ago 6

mohanlal bijipal sangeetha sreekanth

ബിജിബാൽ, പരസ്യചിത്രത്തിൽ മോഹൻലാൽ, സംഗീത ശ്രീകാന്ത് | ഫോട്ടോ: മാതൃഭൂമി

വെള്ളിത്തിരയെ ത്രസിപ്പിച്ച മംഗലശ്ശേരി നീലകണ്ഠന്റെയും ഇന്ദുചൂഡന്റെയും ജഗന്നാഥന്റെയും മുഖം... മലയാളിയുടെ പുരുഷസൗന്ദര്യസങ്കല്പത്തോട് ഏറെ അടുത്തുനിൽക്കുന്ന താരരൂപം... മോഹൻലാൽ! ഒപ്പംതന്നെ, പുരുഷനിലെ സ്ത്രൈണതയെ ഇത്രമേൽ അഴകോടെ വെളിപ്പെടുത്താൻ മോഹൻലാലിനോളം, കമൽഹാസനോളം സാധ്യമായവർ മറ്റാരുണ്ട്? മോഹൻലാൽ എന്ന നടന്റെ അത്തരം സാധ്യതകളെ പൂർണമായും ഉപയോഗിച്ച് പ്രകാശ് വർമ ഒരുക്കിയ പരസ്യചിത്രം വാർത്തകളിലും സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലും കത്തിപ്പടരുമ്പോൾ ആ സ്ത്രൈണഭാവങ്ങൾക്ക് സംഗീതം നൽകിയ ബിജിബാലും ശബ്ദംനൽകിയ ഗായിക സംഗീത ശ്രീകാന്തും ഏറെ സന്തോഷത്തിലാണ്. കാരവാനിന്റെ ഏകാന്തതയിൽ വജ്രാഭരണങ്ങളണിഞ്ഞ് സ്വന്തം അഴക് ആസ്വദിക്കുന്ന നടന് അകമ്പടിയായി ‘സുന്ദരൻ ലോകസുന്ദരൻ ത്രിലോകസുന്ദരൻ...’ എന്ന പദം ഒഴുകിയെത്തുന്നത് സംഗീതയുടെ സ്വരഭംഗിയിലാണ്.

‘‘പ്രകാശ് വർമയെ നേരത്തേ പരിചയമുണ്ട്. പക്ഷേ, ആദ്യമായിട്ടാണ് ഒരു പ്രോജക്ടിൽ ഒന്നിക്കുന്നത്. ഷൂട്ട് കഴിഞ്ഞ്‌, എഡിറ്റുചെയ്ത വിഷ്വലുകൾ അദ്ദേഹം കാണിച്ചു. കുറച്ച് നിർദേശങ്ങളും തന്നു. അതിനുചേരുന്ന ക്ലാസിക്കൽപദം ചെയ്യാൻപറ്റുമോ എന്ന് ചോദിച്ചു. ബിജിയുടെ സ്വാതന്ത്ര്യംപോലെ നന്നായി മനസ്സിലാക്കി ചെയ്താൽമതിയെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ‘അളിവേണിയെന്തുചെയ്‌വൂ’ എന്ന സ്വാതിതിരുനാൾ കൃതിയിലെ പദമെടുത്ത് സംഗീതയെക്കൊണ്ട് പാടിച്ചു. വീഡിയോ നേരത്തേതന്നെ എടുത്തത് ശരിക്കും പ്രചോദനമായി. ദൃശ്യങ്ങളുമായി ചേർന്നുപോകുന്ന രീതിയിൽ സംഗീതം ചിട്ടപ്പെടുത്താൻ സാധിച്ചു. മോഹൻലാൽ സാറിന്റെ ശാസ്ത്രീയനൃത്തം മുൻപ്‌ പല സിനിമയിലും നമ്മൾ കണ്ടിട്ടുണ്ട്. വർഷങ്ങൾ കഴിഞ്ഞ് വീണ്ടും അദ്ദേഹത്തിന്റെ ലാസ്യഭാവങ്ങൾ കാണുമ്പോൾ വളരെ രസമായിരുന്നു. അദ്ദേഹത്തിന്റെയുള്ളിലെ സ്ത്രൈണതയെ എക്സ്പ്ലോർ ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു. എല്ലാ പുരുഷനിലും ഒരു സ്ത്രീയുടെ അംശമുണ്ടെന്ന് പറയുന്നതുപോലെ ആഭരണം കാണുമ്പോൾ ആ ഭാവങ്ങൾ കൂടുതൽ പ്രകടമാവുന്നു. ഒരു പുരുഷൻ സ്ത്രൈണത കൈവരിക്കുമ്പോൾ ഉണ്ടാകുന്ന ഭാവം സംഗീതത്തിലും പ്രതിഫലിക്കണം. അതിന് തീർത്തും യോജിച്ച സ്ത്രീശബ്ദവും വേണമെന്നുതോന്നി. അങ്ങനെയാണ് സംഗീതയിലെത്തുന്നത്. സംഗീതസംവിധാനം വളരെ ഇഷ്ടപ്പെട്ട് ചെയ്യുന്നതാണ്. അത് ഏറ്റവും ഭംഗിയായി ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം. പ്രകാശ് സാറിനും വളരെയധികം ഇഷ്ടപ്പെട്ടെന്ന് പറഞ്ഞിരുന്നു. ജയരാജ് സംവിധാനം ചെയ്ത പെരുങ്കളിയാട്ടം എന്ന സിനിമയാണ് ഇനി റിലീസാവാനുള്ളത്’’ -ബിജിബാൽ പറഞ്ഞു.

2007-ൽ മോഹൻലാൽ നായകനായ ഛോട്ടാമുംബൈയിലെ ‘പൂനിലാമഴ നനയും പാതിരാ കുരുവികളേ’ എന്ന പാട്ടുപാടിക്കൊണ്ട് സിനിമാപിന്നണി ഗാനരംഗത്തെത്തിയ സംഗീതയാണ് പരസ്യചിത്രത്തിലെ ഗാനം ആലപിച്ചത്. മഹേഷിന്റെ പ്രതികാരത്തിലെ ‘തെളിവെയിലഴകും...’, എബിയിലെ ‘പാറിപ്പറക്കൂ കിളി...’, ഒരു മുറൈ വന്ത് പാർത്തായയിലെ ‘അരികിൽ പതിയെ ഇടനെഞ്ചിൽ...’ തുടങ്ങി സംഗീതപാടിയ ഒട്ടേറെ ഗാനങ്ങൾ ശ്രദ്ധേയമാണ്. ശീമാട്ടി, നിറപറ തുടങ്ങി ഒട്ടേറെ ഉത്‌പന്നങ്ങളുടെ ജിംഗിൾസുകളും സംഗീത പാടിയിട്ടുണ്ട്.

‘‘പരസ്യചിത്രം ആളുകൾ സ്വീകരിച്ചു, അത് ചർച്ചചെയ്യപ്പെട്ടു. ഒരുപാട് സന്തോഷമുണ്ട്. ബിജിബാൽ സർ പറഞ്ഞുതന്നതുപോലെ ഞാൻ പാടുകയായിരുന്നു. എനിക്ക് ഒത്തിരി ഇഷ്ടമുള്ള കർണാട്ടിക് സംഗീതപദമാണിത്. സ്വാതികൃതികളിൽ ഭാവത്തിന് പ്രസിദ്ധമാണിത്. വ്യത്യസ്തമായ ആശയമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അത് ഉൾക്കൊണ്ടുകൊണ്ട് ലാൽസാർ അതിമനോഹരമായി പകർന്നാടുകയും ചെയ്തു. മോഹൻലാൽ സാറിനെവെച്ച് പ്രകാശ് വർമ ഒരുക്കുന്ന പരസ്യചിത്രം, അതുതന്നെയാണ് എന്നെയും ആവേശത്തിലാക്കിയത്. ലാലേട്ടന്റെ ഭാവപ്രകടനങ്ങൾ സ്‌ക്രീനിൽ കണ്ടുകൊണ്ട് പാടുകയായിരുന്നു. അപ്പോഴേ ഇത് ചർച്ചയായിമാറുമെന്ന് എനിക്ക് തോന്നിയിരുന്നു. വലിയൊരു പ്രോജക്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. ഈയിടെ റിലീസായ മലയാളചിത്രം ജങ്കാറിലാണ് അവസാനമായി പാടിയത്. തെലുഗു സിനിമയിലും ഒരു പാട്ട് പാടിയിട്ടുണ്ട്. അത് റിലീസിന് ഒരുങ്ങുകയാണ്. കൂടാതെ ബിജിയേട്ടന്റെ സംഗീതത്തിൽ മലയാളത്തിൽ ഒരു പാട്ടുകൂടി പാടിയിട്ടുണ്ട്. അടുത്തിടെ ചെയ്ത സ്വതന്ത്ര സംഗീതസംരംഭമായ ‘മായ ഗോപബാല’ മ്യൂസിക് സിംഫണിക്ക് നല്ല പ്രതികരണങ്ങൾ കിട്ടുന്നുണ്ട്. ഇനിയും ഇത്തരത്തിലുള്ള സംഗീതവീഡിയോകൾ ചെയ്യണമെന്നുണ്ട്. പ്ലാനിങ്ങുകൾ നടക്കുന്നു...’’ സംവിധായകനും നടനുമായ ശ്രീകാന്ത് മുരളിയാണ് സംഗീതയുടെ ഭർത്താവ്. മകൻ മാധവൻ പ്ലസ്ടുവിന് പഠിക്കുന്നു.

Content Highlights: Mohanlal`s captivating advertisement featuring Bijibal euphony and Sangeetha`s vocals is creating a buzz

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article