കഴിഞ്ഞ 45 വര്‍ഷമായി മലയാളികളെ 'തെറ്റിദ്ധരിപ്പിക്കുന്ന' നടനാണ് മോഹന്‍ലാല്‍. മറ്റൊന്നുമല്ല, അഭിനയം അനായാസം ചെയ്യാന്‍ കഴിയുന്ന ജോലിയാണെന്ന് തന്റെ സ്വാഭാവിക അഭിനയത്തിലൂടെ അയാള്‍ നമ്മളെ വിശ്വസിപ്പിച്ചു. സ്‌ക്രീനില്‍ മോഹന്‍ലാല്‍ ഉയര്‍ത്തിയ വിസ്മയങ്ങള്‍ ഒഴുകി തീരാത്തൊരു നദിപോലെ ഇന്നും യാത്ര തുടരുകയാണ്. ഒരു മനുഷ്യായുസിന്റെ വിവിധ വൈകാരിക മൂഹൂര്‍ത്തങ്ങള്‍ അങ്ങേയറ്റം തന്മയത്വത്തോടെ അയാള്‍ സ്‌ക്രീനില്‍ അവതരിപ്പിച്ചു. പക്ഷേ, മോഹന്‍ലാല്‍ പ്രണയം അവതരിപ്പിക്കുമ്പോള്‍ അതിന്റെ ഭംഗി അല്പം കൂടുതലാണ്. അപരിചിതരായ മനുഷ്യര്‍ക്കിടയില്‍ ഉണരുന്ന തീവ്രാനുരാഗം അയാളോളം മനോഹരമായി കാണിച്ചു തന്ന മറ്റൊരുനടനുണ്ടോയെന്ന് സംശയിച്ചു പോകും.
പ്രണയത്തിന്റെ ആനന്ദം, കുസൃതി, വിരഹം, നിരാശ, നഷ്ടം, അങ്ങനെയെല്ലാം അയാളില്‍ ഭദ്രമായിരുന്നു. ലാലിന്റെ പ്രണയഭാവങ്ങളില്ലാതെ മലയാളികളുടെ പ്രണയ സങ്കല്‍പം അപൂര്‍ണമാകും വിധം നിരവധി കഥാപാത്രങ്ങള്‍ മോഹന്‍ലാലിന് സ്വന്തമാണ്. നിസ്സഹായനായ കാമുകന്‍ മുതല്‍ കരുത്തുറ്റ വേഷങ്ങള്‍വരെ അത് നീളും. ഓരോ കഥാപാത്രത്തിന്റെ പ്രണയവും അതിന്റെ വ്യത്യസ്തതയോടെ, അത്രമേല്‍ ആഴത്തില്‍ എത്തിക്കാന്‍ ലാലിന് സാധിച്ചിട്ടുണ്ട്.
കുട്ടികാലം മുതല്‍ തന്റെ പൈതൃകത്തിന്റെ പേരില്‍ അഹങ്കരിച്ച ഒരു ഫ്യൂഡല്‍ തെമ്മാടിയായിരുന്നു മംഗലശ്ശേരി നീലകണ്ഠന്‍. പ്രാണനെപ്പോലെ കൂടെയുണ്ടായിരുന്ന കല തന്റെ മുഖത്തേക്ക് ഭാനുമതി വലിച്ചെറിഞ്ഞ നിമിഷം നീലന്‍ ആദ്യമായി തോറ്റു. ഭാനുമതിയോട് നൃത്തം ചെയ്യാന്‍ ആജ്ഞാപിച്ച ആ പഴയ നീലനില്‍നിന്നും അവളെ വിവാഹം ചെയ്യാനുള്ള യോഗ്യത തനിക്കില്ലായെന്ന് പറഞ്ഞ വ്യക്തിയായി അയാള്‍ മാറി.
'പുണ്യമാണ് നീ, കോടി പുണ്യം. മുറിവില്‍ തേന്‍ പുരട്ടുന്ന നിന്റെ സാമീപ്യം വേണ്ടായെന്ന് വെക്കാന്‍ തോന്നിയത് നിന്നോടുള്ള ഇഷ്ട കൂടുതല്‍ കൊണ്ടാണ് പെണ്ണെ, ഇനി ഒന്നിനും മരണത്തിന് പോലും നിന്നെ ഞാന്‍ വിട്ടുകൊടുക്കില്ല', എന്ന സംഭാഷണത്തില്‍ മോഹന്‍ലാലിന്റെ കണ്ണുകളില്‍ വിരിഞ്ഞ ഭാനമതിയോടുള്ള ബഹുമാനം, ആരാധന, ഭാനുമതിയില്ലാതെ നീലകണ്ഠന് പൂര്‍ണതയില്ലാത്ത പോലെ, ലാലിനല്ലാതെ നീലന്റെ പ്രണയത്തെ പൂര്‍ണമാക്കാന്‍ മറ്റാര്‍ക്കും കഴിയില്ലായിരുന്നു.
പൗരുഷത്തിന്റെ പരുക്കന്‍ കഥാപാത്രങ്ങള്‍ നിരവധി ഉണ്ടെങ്കിലും ആറാംതമ്പുരാനിലെ ജഗന്നാഥനും, സ്ഫടികത്തിലെ ആടുതോമയും മോഹന്‍ലാലിന്റെ കള്‍ട്ട് കഥാപാത്രങ്ങളായി വര്‍ഷങ്ങള്‍ക്കിപ്പുറവും നിലകൊള്ളുന്നു. 'ഉപ്പ് കല്ലില്‍നിന്ന കൂട്ടുകാരന് വെള്ളം കൊടുത്ത എന്റെ തുളസിയെ വഞ്ചിക്കാന്‍ എനിക്കാകില്ലയെന്ന്', കണ്ണുകള്‍ താഴ്ത്തി പറഞ്ഞ, തന്റെ സ്‌നേഹം മറച്ചുവെക്കാന്‍ കഷ്ടപ്പെടുന്ന ആട് തോമ. അയാള്‍ ആഗ്രഹിച്ച ഇമോഷണല്‍ ആക്‌സെപ്റ്റന്‍സ് തുളസി നല്‍കിയപ്പോള്‍ കുട്ടികളെ പോലെയുള്ള അയാളുടെ സന്തോഷം അവതരിപ്പിക്കാന്‍ മോഹന്‍ലാലിനല്ലാതെ ആര്‍ക്ക് സാധിക്കും?
തുടക്കത്തില്‍ ഉണ്ണിമായയുമായി രസകരമായ വാക്ക്‌പോരുകളില്‍ ഏര്‍പ്പെട്ട ജഗന്നാഥനില്‍ പിന്നീട് വരുന്ന ഒരു മാറ്റമുണ്ട്. 'മുന്‍പ് ഉണ്ടായിട്ടില്ലാത്ത ഒരു ഫീല്‍... I americium successful emotion Nayan' എന്ന് ഉണ്ണിമായയെ കുറിച്ച് തന്റെ സുഹൃത്തിനോട് പറയുന്ന രംഗമൊക്കെ അത്രമേല്‍ തന്മയത്വത്തോടെയാണ് ലാല്‍ ചെയ്തിരിക്കുന്നത്.
നഷ്ടപ്രണയത്തിന്റെ അനേകം ലാല്‍ ഭാവങ്ങള്‍ കണ്ട് നമ്മള്‍ വിതുമ്പുകയും അയാള്‍ക്ക് വേണ്ടി വേദനിക്കുകയും ചെയ്തിട്ടുണ്ട്. നമുക്ക് ഒരിക്കലും ഒന്നിക്കാന്‍ കഴിയില്ലായെന്ന് ദേവിയോട് പറഞ്ഞ് സ്‌കൂള്‍ വരാന്തയിലൂടെ നടന്നകലുന്ന സേതുമാധവന്‍. വിധി തോല്‍പിച്ച മകന്‍ മാത്രമായിരുന്നില്ല കിരീടത്തിലെ സേതു, കാമുകന്‍ കൂടിയായിരുന്നു.
കമലദളത്തിലേക്ക് വരുമ്പോള്‍ മറ്റൊരു മോഹന്‍ലാലിനെയാണ് നമ്മള്‍ കാണുന്നത്. സംഭാഷണ രീതിയിലും ശരീരഭാഷയിലുമൊക്കെ പൂര്‍ണമായും അയാള്‍ നന്ദഗോപാല്‍ മാഷാണ്. ഈ ആയുസ്സും മനസ്സും ശരീരവും അവള്‍ക്കുള്ളതാണെന്ന് പറയുന്ന, ഓരോ ശ്വാസത്തിലും സുമയുടെ ഓര്‍മകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന വ്യക്തി. ക്ലൈമാക്‌സ് രംഗത്തില്‍ പാര്‍വതിയുടെ കഥാപാത്രത്തെ സങ്കല്പിച്ചു കൊണ്ട് അവള്‍ക്കൊപ്പം മറ്റൊരു ലോകത്തേക്ക് യാത്രയാകുന്ന ദൃശ്യം, മോഹന്‍ലാലിന് മാത്രം കഴിയുന്ന ഒരു ലാല്‍ മാജിക്.
മോഹന്‍ലാല്‍ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടനും പ്രണയത്തിന്റെ മറക്കാന്‍ കഴിയാത്തൊരു മുഖം സമ്മാനിച്ചാണ് അരങ്ങൊഴിഞ്ഞത്. സുഭദ്ര സ്‌നേഹിച്ചതും ആരാധിച്ചതും തന്നെയല്ല അരങ്ങില്‍ കണ്ട അര്‍ജുനനെ ആണെന്ന് പറയുന്ന നിമിഷം മുതല്‍ അയാള്‍ക്ക് അയാളെ തന്നെ നഷ്ടപ്പെട്ടു തുടങ്ങുകയാണ്. പവിത്രം, പക്ഷേ എന്നിങ്ങനെ പല ചിത്രങ്ങളിലും വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ കമിതാക്കള്‍ വീണ്ടും കണ്ടുമുട്ടുന്ന രംഗമുണ്ട്. എന്റെ കൂടെ എവിടേക്കെങ്കിലും വരുമോയെന്ന് നിസ്സഹായനായി ചോദിക്കുന്ന പവിത്രത്തിലെ ചേട്ടച്ഛന്‍, തന്റെ കാമുകിയെ വീണ്ടും ഉപേക്ഷിക്കേണ്ടി വന്ന പക്ഷേയിലെ ബാലചന്ദ്രന്‍. ഒരേ നൂല്‍പ്പാലത്തില്‍ സഞ്ചരിച്ച പ്രണയരംഗങ്ങളെ വ്യത്യസ്തമാക്കാന്‍ കഴിഞ്ഞ നടനാണ് മോഹന്‍ലാല്‍.
അല്പം നാടകീയത കലര്‍ന്ന പ്രണയമാണ് 'ഉണ്ണികളേ ഒരു കഥപറയാം' സിനിമയിലേത്. അതില്‍ തീരെ അതിഭാവുകത്വമില്ലാതെ തന്റെ കണ്ണുകളിലൂടെ സന്തോഷവും വേര്‍പിരിയേണ്ടി വന്ന വേദനയും ലാല്‍ അസാധ്യമാക്കി. മറ്റു ചില ചിത്രങ്ങളിലെ പ്രണയം നോക്കിയാല്‍ തുടക്കത്തില്‍ വളരെ കുസൃതി കാണിച്ചു നടക്കുന്ന അല്പം ഹൈപ്പര്‍ ആക്റ്റീവ് ആയിട്ടുള്ള കഥാപാത്രങ്ങള്‍, രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ സാഹചര്യങ്ങള്‍ മാറിയിട്ടുണ്ടാകും. ചിത്രത്തിലും, മിന്നാരത്തിലും, വന്ദനത്തിലുമൊക്കെ അത് കാണാന്‍ സാധിക്കും. വിനു എന്നെ ഉപേക്ഷിച്ചു പോകുമോയെന്ന് ചോദിക്കുന്ന സാവിത്രിയെ നോക്കിയുള്ള ആ ചെറിയ ചിരി, ഇപ്പോഴും ആള്‍ക്കാര്‍ എടുത്ത പറയുന്ന വന്ദനത്തിലെ ' Still I emotion You' എന്നു പറയുമ്പോഴുള്ള ഭാവം...
'ചിത്ര'ത്തിലെ ഫ്‌ലാഷ്ബാക്ക് രംഗത്തില്‍ നിനക്ക് അവളെ ഇഷ്ടമാണന്നാണല്ലോ അവള്‍ പറഞ്ഞതെന്ന് ചോദിക്കുമ്പോഴുള്ള ആശ്ചര്യം നിറഞ്ഞ സന്തോഷം, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ നായികക്ക് തന്നോട് പ്രണയമുണ്ടെന്ന് മനസ്സിലാകുമ്പോഴുള്ള മുഖത്ത് വിരിയുന്ന ചിരി, ഗാന്ധര്‍വ്വത്തില്‍ പള്ളിയില്‍ വെച്ച് നായികക്ക് തന്നോടുള്ള സ്‌നേഹം തിരിച്ചറിഞ്ഞുകൊണ്ടുള്ള എക്‌സ്പ്രഷന്‍... അങ്ങനെ വിവരിക്കാന്‍ പോലും കഴിയാത്ത പ്രണയത്തിന്റെ എത്രയോ ഭാവങ്ങള്‍ ലാലിന് സ്വന്തമാണ്.
കിലുക്കത്തിലെ ജോജിയുടെ പ്രണയവും ക്ളൈമാക്സ് സീനില്‍ കൂലി എന്ന് വിളി കേള്‍ക്കുമ്പോഴുള്ള ലാലിന്റെ ചിരിയും ഊട്ടിയിലെ മഞ്ഞ് വീഴുന്നൊരു കാഴ്ചപോലെ മനോഹരമായിരുന്നു. 'സുഖമോ ദേവി' സിനിമയുടെ ആത്മാവ് എന്ന് തന്നെ മോഹന്‍ലാലിന്റെ സണ്ണിയെ വിശേഷിപ്പിക്കാം. നഗരം മുഴുവന്‍ പാറി നടക്കുന്ന ത്രസിപ്പിക്കുന്ന ഒരു വേഷം. അയാളുടെ പ്രണയവും അയാളുടെ കഥാപാത്രം പോലെ ആര്‍ജ്ജവമുള്ളതായിരുന്നു. ക്ളൈമാസ്‌കില്‍ ഒരു ഡയലോഗിലൂടെ ആ പ്രണയത്തിന്റെ ആഴം നമുക്ക് കിട്ടും. 'താരാ സണ്ണിച്ചന്‍ ഇവിടെയുണ്ട് മോളെ'.
പേരിലുള്ള സാമ്യം പ്രകടനത്തില്‍ വരാതെയിരുന്ന പ്രണയമാണ് 'മണിച്ചിത്രത്താഴി'ലെ ഡോ. സണ്ണിയുടേത്. 'മണിച്ചിത്രത്താഴി'ല്‍ ക്ലൈമാക്‌സ് രംഗത്തില്‍ ശ്രീദേവിയോട് തന്റെ അമ്മയെ ഇങ്ങോട്ട് വിടുമെന്ന് അറിയിച്ച് തന്റെ ഇഷ്ടം പറയാതെ പറയുന്ന ആ സീനിലൊക്കെ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോകുമാകില്ല. ഒരു സീനില്‍ വന്ന് അത്ഭുതപ്പെടുത്തിയ കഥാപാത്രമായിരുന്നു 'സമ്മര്‍ ഇന്‍ ബെത്‌ലഹേമി'ലെ നിരഞ്ജന്‍. തനിക്കൊരു ജീവിതമുണ്ടെങ്കില്‍ അത് അഭിരാമിക്കൊപ്പമായിരുന്നേനെ എന്ന് അയാള്‍ പറയുന്നുണ്ട്, പക്ഷെ അങ്ങനെയൊരു ജീവിതം അയാള്‍ക്കുണ്ടാകില്ല എന്ന ധാരണയോടെ ഡെന്നിസുമായി അവളോട് ഒന്നിക്കാന്‍ പറയുന്നു. തന്റെ ഉള്ളിലെ നന്മയെല്ലാം അവള്‍ക്ക് നല്‍കി തൂക്ക് കയറിലേക്ക് നടന്ന് അടുക്കുന്ന വ്യക്തി. നിരഞ്ജന്റെ സ്‌നേഹത്തിന്റെ ആഴം നമ്മളിലേക്ക് എത്തിക്കാന്‍ അയാള്‍ക്ക് ഒറ്റസീന്‍ മതിയായിരുന്നു.
നിര്‍ണയത്തില്‍ തന്റെ സ്‌നേഹം ഡോ. റായ് തുറന്ന് പറയുന്ന രംഗവും ഒരു പ്രത്യേകഭംഗിയിലാണ് ലാല്‍ അഭിനയിച്ചിരിക്കുന്നത്. ഡയലോഗ് ഡെലിവെറിയിലും മുഖഭാവത്തിലുമെല്ലാം ഒരു പുതുമ തോന്നും. താന്‍ ആനിയെ കൊന്നട്ടില്ലെന്ന് കോടതിയില്‍ കരഞ്ഞ് പറയുന്ന സീനും എടുത്ത് പറയേണ്ടതാണ്. പ്രണയത്തിന്റെ ഒരു utmost possessive വശമാണ് അഹത്തില്‍ കണ്ടത്. സൂക്ഷ്മാഭിനയത്തിന്റെ ഒരു പാഠപുസ്തകമാണ് അതിലെ ലാലിന്റെ പ്രകടനം.
ഒന്നും പറയാതെ തന്നെ പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന പ്രണയമായിരുന്നു നാടോടികാറ്റിലെ ദാസന്റെയും രാധയുടേയും. തനിക്കാരുമില്ല എന്ന് തോന്നിയിടുത്തുനിന്ന് തനിക്ക് വേണ്ടി ചോദിക്കാനും പറയാനും ഒരാളുണ്ടെന്നുള്ള തിരിച്ചറിവിനെ, ആ സന്തോഷത്തെ അത്രമേല്‍ ഭംഗിയായിട്ടാണ് അയാള്‍ സ്‌ക്രീനില്‍ എത്തിച്ചത്. വില്ലന്‍ സിനിമയില്‍ ഭാര്യയുടെ മരണം കണ്മുന്നില്‍ കാണുന്ന മാത്യു മാഞ്ഞൂരാന്‍, മോഹന്‍ലാലിന്റെ അണ്ടര്‍റേറ്റഡ് പെര്‍ഫോമെന്‍സില്‍ ഒന്നാണ്. 'നിന്നോളം ഞാന്‍ ആരെയും സ്‌നേഹിച്ചട്ടില്ല', എന്ന് മെല്ലെ അവളുടെ കാതുകളില്‍ ചൊല്ലി അവളുടെ ഹൃദയം നിലക്കുന്നത് കണ്ണീരോടെ നോക്കി നിന്ന ആ രംഗം, ആ കണ്ണുകള്‍ മാത്രം മതി ആ പ്രണയത്തിന്റെ ആഴമറിയാന്‍.
360 സിനിമകള്‍ എത്തി നില്‍ക്കുമ്പോഴും അയാള്‍ അവതരിപ്പിച്ച ഓരോ പ്രണയത്തിനും ഓരോ നിറവും ധ്വനിയുമാണ് അനുഭവപ്പെടുന്നത്. 'പ്രണയം' സിനിമയില്‍ നമ്മള്‍ കണ്ടത് അതുവരെ കാണാത്ത ഒരു ലാലിനെയാണ്. ഭാര്യയെ അകമഴിഞ്ഞ് മനസ്സിലാക്കുന്ന ഭര്‍ത്താവ്. അയാളുടെ പ്രണയത്തിന് വല്ലാത്തൊരു തീഷ്ണത തോന്നും. ആ കഥാപാത്രത്തിനോട് ബഹുമാനവും ആദരവും തോന്നുന്ന രീതിയിലാണ് അയാളുടെ പ്രണയത്തെ ലാല്‍ അനശ്വരമാക്കിയത്. 'തന്മാത്ര'യിലേക്ക് വരുമ്പോള്‍ രണ്ടറ്റങ്ങളില്‍ നില്‍ക്കുന്ന പ്രണയമാണ്. ഒരു സാധാരണ മിഡില്‍ ക്ലാസ് ഫാമിലിയിലെ ഭര്‍ത്താവ്, അയാളുടെ നിഷ്‌കളങ്കമായ സ്‌നേഹം, പിന്നീട് നഷ്ടപെട്ട ഓര്‍മകളിലും പ്രണയത്തിന്റെ ഒരു അംശം ബാക്കി വെക്കുന്ന രമേശന്‍ നായരേയും ലാല്‍ സ്‌ക്രീനില്‍ ഗംഭീരമാക്കി. ദൃശ്യത്തിലും, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ പോലെയുള്ള സിനിമകളില്‍ ഭാര്യ- ഭര്‍തൃ ബന്ധത്തിന്റെ മറ്റൊരു രസകരമായ പ്രണയമാണ് ലാല്‍ അവതരിപ്പിച്ചത്. അയാള്‍ക്ക് മാത്രം സാധിക്കുന്ന അനായാസത അതില്‍ വ്യക്തമാണ്.
തേന്മാവിന്‍ കൊമ്പത്ത്, മായാമയൂരം, യോദ്ധ അങ്ങനെ എണ്ണിയാല്‍ തീരാത്ത ലാലിന്റെ പ്രണയഭാവങ്ങള്‍ വിരിഞ്ഞ ചിത്രങ്ങള്‍ ഇനിയുമിനിയുമുണ്ട്. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍ എന്നീ ക്ലാസ്സിക്ക് ചിത്രങ്ങളിലെ കഥാപാത്രങ്ങളെ കുറിച്ച് പറയാതെ മോഹന്‍ലാലിന്റെ മാത്രമല്ല മലയാളത്തിലെ കാമുകകഥാപാത്രങ്ങള്‍ക്ക് തന്നെ പൂര്‍ണതയുണ്ടാകില്ല. സോഫിയെ പ്രണയാര്‍ദ്രമായി നോക്കുന്ന, അവളെ മുന്തിരിത്തോപ്പുകള്‍ പരിചയപ്പെടുത്തുന്ന, ഒടുവില്‍ അവളെ ചേര്‍ത്ത് നിര്‍ത്തി യാത്രയാകുന്ന സോളമന്‍, ഓരോ നോട്ടത്തിലും ലാല്‍ നമ്മളെ പ്രണയത്തിലാഴ്ത്തുകയായിരുന്നു. ക്ലാരയോടും രാധയോടും രണ്ട് രീതിയിലുള്ള കാമുകനായിരുന്നു മണ്ണാറത്തൊടിയിലെ ജയകൃഷ്ണന്‍. ക്ലാരയെ സ്റ്റേഷനില്‍ യാത്ര അയച്ച് രാധയെ നോക്കി നില്‍ക്കുമ്പോള്‍ അയാളുടെ മനസ്സില്‍ എന്തായിരിന്നിരിക്കാം? പിടി തരാത്ത ഒരു പ്രണയമാണ് അയാളുടേത്. ലാലിന്റെ അഭിനയവും പലപ്പോഴും അങ്ങനെയാണ്, എങ്ങനെ അയാള്‍ക്ക് അത് സാധിക്കുന്നുവെന്ന് പ്രേക്ഷകര്‍ അത്ഭുതപ്പെടും. അതിന്റെ ഉത്തരം ലാലിന് പോലും പറയാന്‍ കഴിയില്ല. ആക്ഷനും കട്ടിനും ഇടയിലുള്ള എന്തോ ഒന്ന്.
ആ ബെഞ്ച്മാര്‍ക്ക് പലപ്പോഴും മോഹന്‍ലാലിന് തന്നെ വിനയാകാറുമുണ്ട്. പഴയെ ലാലേട്ടനെ മിസ് ചെയ്യുന്നു എന്നൊക്കെ പ്രേക്ഷകര്‍ പറയുന്നതും അതുകൊണ്ടാണ്. മോശം സിനിമകള്‍ക്ക് വിമര്‍ശനങ്ങള്‍ വന്ന ശേഷം ഒരു നല്ല ചിത്രവും പ്രകടനവും വരുന്നതോടെ എല്ലാ തലമുറയും അയാളുടെ സിനിമ ആഘോഷിക്കുന്നതും നമുക്ക് കാണാം. അവസാനമെത്തിയ തുടരും അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. മലയാളികള്‍ അയാളുടെ മികച്ച വേഷവും പ്രകടനവും കാണാന്‍ എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്നുള്ളതും ആ ചിത്രത്തിന്റെ വിജയത്തിലൂടെ നമുക്ക് അറിയാന്‍ സാധിക്കും. അയാള്‍ അനായാസം അവതരിപ്പിച്ച അനേകം ഭാവങ്ങളില്‍ ഒന്ന് മാത്രമാണ് പ്രണയം.
ആ ചരിഞ്ഞ തോളില്‍, ആ കുസൃതി നിറയുന്ന കള്ള ചിരിയില്‍, ഇനിയുമൊരുപാട് വിസ്മയിപ്പിക്കാന്‍ ബാക്കിയുള്ള ആ കണ്ണുകളില്‍ പ്രണയവും വിരഹവുമെല്ലാം ഇനിയും നിറഞ്ഞൊഴുകട്ടെ... നല്ല ചിത്രങ്ങളിലൂടെ മോഹന്‍ലാല്‍ മലയാളികളുടെ മനസ്സില്‍ യാത്ര തുടരട്ടെ...
Content Highlights: Explore Mohanlal`s iconic romanticist roles, showcasing his unparalleled endowment and affectional depth
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·