മോഹൻലാലിനല്ലാതെ മറ്റാർക്കും ചെയ്യാനാവില്ലെന്ന് വേണു നാ​ഗവള്ളി; സൈമൺ മാത്യു- 'സുഖമോ ദേവി'യിലെ സണ്ണി

4 months ago 6

SIMON MATHEW MOHANLAL GEETHA SUKHAMO DEVI

സൈമൺ മാത്യു, സുഖമോ ദേവി സിനിമയിലെ രംഗം | Photo: Special Arrangement

തിരുവനന്തപുരം: ‘പ്രേമിക്കുന്നതിന് രണ്ടു രീതികളുണ്ട്. ഒന്ന് പൂക്കളും കാറ്റും പോലെ. ഗാനവും സംഗീതവും പോലെ. പക്ഷേ, എന്റെ രീതി ഇതാണ്, എന്റെ മാത്രം രീതി’. തുളുമ്പിയ ഗ്ലാസ് ഉയർത്തി സണ്ണി പറഞ്ഞു -‘സകല തൊട്ടിത്തരങ്ങളുമായി പ്രേമിക്കുക. കാമുകന് ചാർമിനാർ സിഗരറ്റിന്റെ ഗന്ധമുണ്ടായിരിക്കുക, ബാറിലിരുന്ന് കൊച്ചുവർത്തമാനം പറയുക...’ ജീവിതം ഒരാഘോഷമാക്കിയ, ചെറുപ്പം ചെറുപ്പത്തിൽത്തന്നെ കളിച്ചുതീർത്ത സണ്ണി. കൂട്ടുകാരുടെയും വീട്ടുകാരുടെയും പ്രിയപ്പെട്ടവൻ. പെട്ടെന്നൊരുനാൾ അവൻ മരണത്തിലേക്ക് ബുള്ളറ്റോടിച്ചുപോയി. നനമിഴികളോടെ മലയാളികൾ ഓർക്കുന്ന ‘സുഖമോ ദേവി’ വെറുമൊരു സിനിമാക്കഥയായിരുന്നില്ല. വേണു നാഗവള്ളി ജീവിതത്തിൽനിന്ന് അടർത്തിയെടുത്ത ഓർമ്മക്കടലാസുകളായിരുന്നു അതിന്റെ തിരക്കഥ.

എന്തൊരു ‘വൈബായിരുന്നു’ ആ കൂട്ടുകാരൻ

അറുപതുകളുടെ അവസാനം കവടിയാർ-ജവഹർ നഗർ റോഡുകളിലൂടെ ഉച്ചത്തിൽ പാട്ടുംപാടി സ്കൂട്ടറിൽ പാഞ്ഞുനടന്നിരുന്ന ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. സൈമൺ മാത്യു. ഇന്നത്തെ ഭാഷയിൽ ‘എന്തൊരു വൈബ്’ എന്നു പറഞ്ഞുപോകുന്ന പ്രസരിപ്പിന്റെ ആൾരൂപം. മനോഹരമായി പാട്ടുപാടും, കവിതയെഴുതും. സംസ്ഥാന ടീമിനുവേണ്ടി കളിച്ച് ഗോൾഡ് മെഡൽ നേടിയ മികച്ച ഫുട്‌ബോളർ, ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിലെ മിടുക്കൻ ടെന്നീസ് താരം, തന്റേടിയും പരോപകാരിയും.

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിലെ മിടുക്കനായ ഈ വിദ്യാർഥി അക്കാലത്ത് കേരള സർവകലാശാലയെയും സംസ്ഥാന ടീമിനെയും പ്രതിനിധീകരിച്ച് കളിച്ചിട്ടുണ്ട്. പക്ഷേ, 1971 നവംബർ 28-ന് തന്റെ 24-ാം വയസ്സിൽ റോഡപകടത്തിൽ ആ ജീവൻ പൊലിഞ്ഞു. കവടിയാർ-വെള്ളയമ്പലം റോഡിലുണ്ടായ സ്കൂട്ടർ അപകടത്തിലായിരുന്നു മരണം.

അന്ന് വൈകീട്ട് നടന്ന ഫുട്‌ബോൾ മാച്ചിൽ ട്രാവൻകൂർ ടൈറ്റാനിയത്തെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങി വിജയിച്ചശേഷമുള്ള മടക്കത്തിനിടെയായിരുന്നു മരണത്തിന്റെ കാളവണ്ടി അയാളെ തിരഞ്ഞിറങ്ങിയത്. സൈമൺ സഞ്ചരിച്ച സ്കൂട്ടർ ഒരു കാളവണ്ടിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ തത്‌സമയം ആ ചെറുപ്പക്കാരൻ മരിച്ചുവീണു.

സൈമൺ മാത്യുവിന്റെ സഹപാഠിയും ആത്മസ്നേഹിതനുമായിരുന്ന വേണു നാഗവള്ളിയെ ആ മരണം ഉലച്ചു. വേണുവിന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്ന സൈമണിന്റെ വേർപാട് വർഷങ്ങളോളം ഉള്ളു നീറ്റിക്കൊണ്ടിരുന്നു. ആദ്യമായൊരു സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ച വേണു നാഗവള്ളി തിരഞ്ഞെടുത്തത് യഥാർഥ ജീവിതത്തിലെ ആ സംഭവങ്ങളായിരുന്നു.

സൈമണെ ഉൾക്കൊണ്ട ലാൽ

വേണു നാഗവള്ളിതന്നെ പറഞ്ഞിട്ടുണ്ട് -‘സൈമണിനെ ദൈവം സൃഷ്ടിച്ച അതേ നിറക്കൂട്ടുകൾ കൊണ്ടാണ് സുഖമോ ദേവിയിലെ സണ്ണിയെ സൃഷ്ടിച്ചത്. മോഹൻലാലിനല്ലാതെ ആ കഥാപാത്രത്തെ ഒരു നടനും ചെയ്യാനുമാവില്ലായിരുന്നു’. പാട്ടും കളിയുമൊക്കെ ചേർന്ന സൈമണിന്റെ എല്ലാ ഹീറോയിസവും ലാലിന്റെ സണ്ണിയിൽ അതേപടി പ്രതിഫലിച്ചു. നന്ദന്റെ വീട്ടിലെ പൂജാമുറിയിലിരുന്ന വീണയെടുത്തു സണ്ണി മീട്ടുന്ന രംഗമൊക്കെ യഥാർഥത്തിൽ ജവഹർ നഗറിലെ വേണുവിന്റെ വീട്ടിൽ നടന്നതായിരുന്നു.

Content Highlights: Story down Mohanlal`s iconic relation arsenic Sunny successful Sukhamo Devi, inspired by Simon Mathew

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article