
ഇഷാന്ത രത്നായകെ, ശ്രീലങ്കയുടെ ഡെപ്യൂട്ടി സ്പീക്കർ ഡോ. റിസ്‌വി സാലിഹ്, സ്പീക്കർ ഡോ. ജഗത് വിക്രമരത്നെ, പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യ എന്നിവർക്കൊപ്പം മോഹൻലാൽ | ഫോട്ടോ: Facebook
മലയാളികളുടെ പ്രിയനടൻ മോഹൻലാലിനെ ആദരിച്ച് ശ്രീലങ്കൻ പാർലമെന്റ്. ഡെപ്യൂട്ടി സ്പീക്കർ ഡോ. റിസ്‌വി സാലിഹിന്റെ ക്ഷണപ്രകാരമാണ് മോഹൻലാൽ പാർലമെന്റിലെത്തിയത്. മഹേഷ് നാരായണൻ സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് താരം ശ്രീലങ്കയിലെത്തിയത്. ശ്രീലങ്കൻ പാർലമെന്റ് തനിക്കുതന്ന ആദരവിൽ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചു.
പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടെയാണ് മോഹൻലാൽ സഭയിൽ ആദരിക്കപ്പെട്ടത്. ഗാലറിയിലാണ് അദ്ദേഹം ഇരുന്നത്. ഡെപ്യൂട്ടി സ്പീക്കർ ഡോ. റിസ്‌വി സാലിഹ് മോഹൻലാലിനെ സഭാംഗങ്ങൾക്ക് പരിചയപ്പെടുത്തി. തന്റെ പേരുവിളിക്കുമ്പോൾ താരം ഗാലറിയിൽനിന്ന് ബഹുമാനത്തോടെ എഴുന്നേൽക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യ, സ്പീക്കർ ഡോ. ജഗത് വിക്രമരത്നെ, ഡെപ്യൂട്ടി സ്പീക്കർ ഡോ. റിസ്‌വി സാലിഹ് എന്നിവരെ മോഹൻലാൽ സന്ദർശിച്ചു. ശ്രീലങ്കൻ പാർലമെന്റ് സെക്രട്ടറി ജനറൽ കുശാനി റൊഹനദീരയും കൂടിക്കാഴ്ചയിൽ ഇവർക്കൊപ്പമുണ്ടായിരുന്നു.
ശ്രീലങ്കൻ പാർലമെന്റിൽ ലഭിച്ച ഹൃദ്യമായ സ്വീകരണത്തിൽ അതിയായി അഭിമാനിക്കുന്നുവെന്ന് മോഹൻലാൽ പ്രതികരിച്ചു. പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യയെയും, സ്പീക്കർ ഡോ. ജഗത് വിക്രമരത്നയെയും, ഡെപ്യൂട്ടി സ്പീക്കർ ഡോ. റിസ്‌വി സാലിഹിനെയും, പ്രിയ സുഹൃത്ത് ഇഷാന്ത രത്നായകയെയും കാണാൻ സാധിച്ചത് ഒരു യഥാർത്ഥ ഭാഗ്യമായിരുന്നു. ഈ ശ്രീലങ്കൻ സന്ദർശനത്തെ അവിസ്മരണീയമാക്കിയതിന് ഏറെ നന്ദിയുണ്ടെന്നും മോഹൻലാൽ കുറിച്ചു. സന്ദർശനത്തിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തു.
മമ്മൂട്ടിയും മുഖ്യവേഷത്തിലെത്തുന്ന സിനിമയുടെ എട്ടാമത്തെ ഷെഡ്യൂളിനുവേണ്ടിയാണ് മോഹൻലാൽ ശ്രീലങ്കയിലെത്തിയത്. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ ദർശന രാജേന്ദ്രൻ തുടങ്ങിയവർ ഒരുമിക്കുന്ന രംഗങ്ങളാണ് എട്ടാമത്തെ ഷെഡ്യൂളിൽ ചിത്രീകരിക്കുക. നയൻതാര, സെറിൻ ഷിഹാബ്, രേവതി എന്നിവരും സിനിമയുടെ ഭാഗമായുണ്ട്.
മനുഷ് നന്ദനാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമാണം. സി.ആർ.സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. രാജേഷ് കൃഷ്ണയും സി.വി.സാരഥിയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
Content Highlights: Mohanlal was honored by the Sri Lankan Parliament during a caller sojourn for a movie shoot





English (US) ·