
മോഹൻലാൽ, നൂറിൻ ഷെരീഫ് | Photo: Instagram/ Mohanlal, Noorin Shereef
ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനംചെയ്യുന്ന ചിത്രമാണ് ഭ.ഭ.ബ (ഭയം ഭക്തി ബഹുമാനം). ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. ജൂലായ് നാലിന് ചിത്രത്തെ സംബന്ധിച്ച് ഒരുപ്രധാന അപ്‌ഡേറ്റ് ഉണ്ടാകുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. അതിനിടെ മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമാവുമെന്ന് വ്യാപകമായ ചര്‍ച്ചകളുണ്ടായിരുന്നു. ഇക്കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കുകയാണ് നടിയും ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളുമായ നൂറിന്‍ ഷെരീഫ്.
നൂറിന്‍ ഷെരീഫും ഭര്‍ത്താവ് ഫാഹിം സഫറുമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന് വേണ്ടി തങ്ങള്‍ മോഹന്‍ലാലിനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിനയിക്കണമെന്ന ആഗ്രഹത്തിലാണ് ചിത്രത്തിന്റെ അണിയറക്കാരായ തങ്ങള്‍ ഉള്ളതെന്നും നൂറിന്‍ പറഞ്ഞു. നൂറിന്‍ അഭിനയിച്ച മലയാളം ക്രൈം വെബ് സീരീസ് 'കേരള ക്രൈം ഫയല്‍സ് 2'-ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
'വരുമെന്ന ആഗ്രഹത്തില്‍ നമ്മളുമുണ്ട്. നമ്മള്‍ അദ്ദേഹത്തെ സമീപിച്ചിരുന്നു. അദ്ദേഹം ജോയിന്‍ചെയ്യണമെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ഒരുസമയത്ത് നടക്കണമല്ലോ? നമ്മള്‍ക്കും ആഗ്രഹമുണ്ട്. അതിന് വേണ്ടി അണിയറയില്‍ കുറേ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എല്ലാപോയിന്റുകളും ജോയിന്‍ ആവുകയാണെങ്കില്‍ ഉറപ്പായും പുള്ളി നമ്മുടെ പ്രൊജക്ടില്‍ ചെറിയ റോളില്‍ ആഗ്രഹിച്ചതുപോലെ വരുമായിരിക്കും', എന്നായിരുന്നു ഭ.ഭ.ബയുമായി ബന്ധപ്പെട്ട് അവതാരകന്റെ ചോദ്യത്തോട് നൂറിന്റെ മറുപടി.
എഴുത്തുകാരിയെന്ന നിലയില്‍ ഒരുചിത്രത്തിന്റെ ഭാഗമാകുന്നതിന്റെ അനുഭവത്തെക്കുറിച്ചും നൂറിന്‍ മനസുതുറന്നു. 'എഴുതാനും വായിക്കാനും ഇഷ്ടമാണ്, സിനിമ എന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. എപ്പോഴെങ്കിലും സ്വന്തമായി എന്തെങ്കിലും എഴുതി പ്രസിദ്ധീകരിച്ചുവരണം എന്ന് മനസില്‍ എപ്പോഴുമുണ്ടായിരുന്നു. അങ്ങനെ സംസാരിച്ച് സംസാരിച്ച് ഒരുകഥയില്‍ എത്തി, അത് സിനിമയായാല്‍ നന്നായിരിക്കും എന്ന് തോന്നി. ചിത്രത്തിന്റെ കഥപറയാന്‍ പോകുമ്പോള്‍, ഒരു നടി എഴുത്തുകാരി എന്ന നിലയില്‍ സിനിമയുടെ ഭാഗമാവുന്നതില്‍ അഭിമാനമുണ്ടെന്ന് പലരും പറഞ്ഞിരുന്നു. അത് കേള്‍ക്കുമ്പോള്‍ ഒരു സന്തോഷമാണ്. എഴുത്തുകാരി എന്നത് അപ്രതീക്ഷിതമായി വന്നുചേര്‍ന്നതാണ്. പക്ഷേ, അതില്‍ എത്തിയപ്പോള്‍ നന്നായി ഇഷ്ടപ്പെട്ടു. ഞാന്‍ എടുത്തൊരു നല്ല തീരുമാനമാണിതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ പരമാവധി ചെയ്യുക എന്നതാണ് ഇപ്പോള്‍ മനസിലുള്ള കാര്യം', നൂറിന്‍ വ്യക്തമാക്കി.
Content Highlights: Will Mohanlal articulation Dileep`s upcoming movie `Bha.Bha.Ba`? Writer Noorin Shereef hints astatine possibility
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·