
ജഗദീഷ്, ശ്വേതാ മേനോൻ, നവ്യാ നായർ | ഫോട്ടോ: വിവേക് ആർ. നായർ, ആർക്കൈവ്സ്, ഷാഫി ഷക്കീർ | മാതൃഭൂമി
കൊച്ചി: ‘‘ആഗ്രഹമുള്ള എല്ലാവരും മത്സരിക്കട്ടെ, സംഘടനയുടെ നേതൃസ്ഥാനങ്ങളിൽ പുതിയ ആളുകൾ വരട്ടെ...’’ -പ്രസിഡന്റ്സ്ഥാനം ഒഴിഞ്ഞുകൊണ്ട് മോഹൻലാൽ പറഞ്ഞ വാക്കുകൾ താരസംഘടനയായ ‘അമ്മ’യിലെ അംഗങ്ങൾ എങ്ങനെ ഉൾക്കൊണ്ടുവെന്നതിന്റെ കൃത്യമായ സാക്ഷ്യപത്രമാണ് സംഘടയുടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ്.
ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വിവാദങ്ങളും സംഘടനയെയെത്തിച്ച സമാനതകളില്ലാത്ത സാഹചര്യങ്ങൾ തുടരുകയാണെന്ന് അടിവരയിടുന്നതാണ് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സ്ഥാനാർഥികളുടെ നീണ്ടപട്ടിക. 17 സ്ഥാനങ്ങളിലേക്കായി 74 പത്രികകളാണ് ലഭിച്ചിരിക്കുന്നത്. സംഘടനയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്റ്സ്ഥാനത്തേക്ക് മത്സരിക്കാൻ ആറുപേർ പത്രികനൽകിയതുൾപ്പെടെ ജംബോ പട്ടിക തന്നെയാണ് എല്ലാ സ്ഥാനങ്ങളിലേക്കും ലഭിച്ചത്.
പ്രസിഡന്റ്സ്ഥാനത്തേക്ക് നാമനിർദേശപത്രിക നൽകിയ ജഗദീഷ്, ശ്വേതാ മേനോൻ, ദേവൻ, ജയൻ ചേർത്തല, രവീന്ദ്രൻ, അനൂപ് ചന്ദ്രൻ എന്നിവരിൽ ജയൻ ചേർത്തല പത്രിക പിൻവലിക്കാനാണ് സാധ്യത. ജഗദീഷും ശ്വേതയും തമ്മിലാകും പ്രധാനമത്സരം നടക്കുകയെന്നും സൂചനയുണ്ട്. രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ തുടങ്ങിയവർ പ്രസിഡന്റ്സ്ഥാനത്തിനുപുറമേ ജനറൽ സെക്രട്ടറി, ട്രഷറർ, വൈസ് പ്രസിഡന്റ്, ജോ. സെക്രട്ടറി സ്ഥാനങ്ങളിലേക്കും പത്രിക നൽകിയിട്ടുണ്ട്. പ്രസിഡന്റ്സ്ഥാനത്തേക്ക് ആറും വൈസ് പ്രസിഡന്റ്സ്ഥാനത്തേക്ക് പത്തും ജനറൽ സെക്രട്ടറിസ്ഥാനത്തേക്ക് അഞ്ചും ജോ. സെക്രട്ടറിസ്ഥാനത്തേക്ക് പതിമൂന്നും ട്രഷറർ സ്ഥാനത്തേക്ക് ഒൻപതും പേരാണ് പത്രികനൽകിയത്.
പത്രിക പിൻവലിക്കാനുള്ള അവസാനതീയതിയായ 31 വരെ സസ്‌പെൻസ് നിലനിൽക്കും. ഓഗസ്റ്റ് 15-നാണ് തിരഞ്ഞെടുപ്പ്.
പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടെയുള്ള പ്രധാന സ്ഥാനങ്ങളിലൊന്നിൽ ഇത്തവണ ഒരു വനിത വരണമെന്ന ചില അംഗങ്ങളുടെ ആഗ്രഹം സാധിച്ചേക്കുമെന്ന സൂചനയുണ്ട്. പ്രസിഡന്റ്സ്ഥാനത്തേക്ക് ശ്വേതാ മേനോനും ജനറൽ സെക്രട്ടറിസ്ഥാനത്തേക്ക് കുക്കു പരമേശ്വരനും പത്രികനൽകി. ജനറൽ സെക്രട്ടറിസ്ഥാനത്തേക്ക് മത്സരിക്കുന്ന ബാബുരാജിന് ശക്തമായ മത്സരം നൽകുന്നതാണ് കുക്കുവിന്റെ സാന്നിധ്യം. നവ്യാ നായരും അൻസിബ ഹസ്സനും കുക്കു പരമേശ്വരനും ഉൾപ്പെടെ അഞ്ചുവീതം വനിതകളാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും ജോ. സെക്രട്ടറിസ്ഥാനത്തേക്കും പത്രികനൽകിയത്. ഇതിൽ അൻസിബ ജോ. സെക്രട്ടറിസ്ഥാനത്തേക്ക് മത്സരിക്കാനാണ് സാധ്യത.
Content Highlights: A grounds fig of nominations person been filed for the upcoming AMMA elections
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·