പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് തീയേറ്ററില്‍ എത്തിയിരിക്കുന്നു. ഫാമിലി ഫണ്‍ ചിത്രമായ 'ഹൃദയപൂര്‍വ്വ'ത്തെ മലയാളി പ്രേക്ഷകര്‍ ഹൃദയത്തില്‍ ചേര്‍ത്തുകഴിഞ്ഞു. മോഹന്‍ലാല്‍- ശ്രീനിവാസന്‍ കോമ്പിനേഷനെ ഓര്‍മിപ്പിക്കുംവിധം മോഹന്‍ലാലിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന സംഗീത് പ്രതാപ്, ഇതുവരെ കണ്ട സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായ കഥാപശ്ചാത്തലം, പുതുതലമുറയുടെ വന്‍നിര... അങ്ങനെ മാറ്റങ്ങള്‍ ഏറെയുണ്ട് 'ഹൃദയപൂര്‍വ്വ'ത്തിന്. ചിത്രത്തെക്കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് മാതൃഭൂമി ഡോട്ട്‌കോമുമായി സംസാരിക്കുന്നു.
സന്ദീപ് ബാലകൃഷ്ണന്‍ - ജെറി കോമ്പിനേഷനാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. എങ്ങനെയാണ് സംഗീത് പ്രതാപിലേക്ക് എത്തുന്നത്.
വളരെ പ്രോമിസിങ് ആയ നടനാണ് സംഗീത് പ്രതാപ്. 'പ്രേമലു'വിലെ അമല്‍ ഡേവിസിനെ ഞാനും ശ്രദ്ധിച്ചിരുന്നു. ആ സിനിമ കണ്ടപ്പോള്‍ എനിക്ക് സംഗീത് പ്രതാപിന്റെ പെര്‍ഫോമന്‍സ് വളരെ ഇഷ്ടമായി. ഒട്ടും ആര്‍ട്ടിഫിഷ്യല്‍ അല്ലാതെ ക്യാമറക്ക് മുന്നില്‍ ബിഹേവ് ചെയ്യുന്ന ഒരു നടന്‍. ജെറി എന്ന കഥാപാത്രത്തിന് രൂപം കൊടുത്തപ്പോള്‍ അത് സംഗീത് പ്രതാപ് ചെയ്താല്‍ നന്നാവും എന്ന് തോന്നി. മോഹന്‍ലാല്‍ വളരെ അനായാസ അഭിനയത്തിന്റെ ഏറ്റവും ഹൈറ്റില്‍ നില്‍ക്കുന്ന ഒരാളാണ്. അതോടൊപ്പം തന്നെ ഒരു ഇന്‍ഹിബിഷനും ഇല്ലാതെ അഭിനയിക്കാന്‍ പറ്റുന്ന സംഗീത് കൂടി ഉണ്ടായാല്‍ നന്ന് എന്ന് തോന്നുകയും ആ കോംബോ അതിഗംഭീരമായി വര്‍ക്ക് ഔട്ട് ആവുകയും ചെയ്തിട്ടുണ്ട്.
ചിത്രത്തിലെ ഒരു മുഴുനീള കഥാപാത്രമായ ഒരു മെയില്‍ നഴ്‌സ് ആയിട്ടാണ് സംഗീത് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സന്ദീപ് ബാലകൃഷ്ണന്‍ എന്ന മോഹലാലിന്റെ കഥാപാത്രവും ജെറി എന്ന സംഗീതിന്റെ കഥാപാത്രവും തമ്മിലുള്ള പ്രായവ്യത്യാസം തന്നെ ഒരു തമാശയാണ്. ലാലിന്റെ കൂടെ അഭിനയിക്കാന്‍ സംഗീതിന് ഷൂട്ടിങ്ങിന്റെ തുടക്ക ദിവസങ്ങളില്‍ ചെറിയ അങ്കലാപ്പ് ഉണ്ടായിരുന്നു. പക്ഷേ, ലാല്‍ അവനെ വളരെ പെട്ടന്ന് തന്നെ എന്ത് തമാശയും പറയാവുന്ന സ്വാതന്ത്ര്യമുള്ള സുഹൃത്താക്കി മാറ്റി.
അച്ഛനും രണ്ട് മക്കളും ഒരുമിച്ച സിനിമ എന്ന അപൂര്‍വത കൂടിയുണ്ട് 'ഹൃദയപൂര്‍വ്വ'ത്തിന്.
മക്കള്‍ എന്നതിനപ്പുറത്ത് പുതിയ തലമുറയിലെ രണ്ട് ചെറുപ്പക്കാരായ സംവിധായകരായിട്ടാണ് സിനിമാ കാര്യങ്ങളില്‍ അഖിലിനേയും അനൂപിനേയും കാണാറുള്ളത്. അഖിലാണ് ഇങ്ങനെ ഒരാശയം എന്നോട് പറയുന്നത്. മോഹന്‍ലാലിന്റെ അഭിനയസാധ്യതകള്‍ നന്നായി ഉപയോഗിക്കാന്‍ പറ്റുന്ന ഒരു കഥയാണെന്ന് അപ്പോള്‍ തന്നെ എനിക്ക് തോന്നി. അനൂപ് സ്വന്തം പടത്തിന്റെ ജോലികള്‍ മാറ്റിവെച്ച് അസോസിയേറ്റ് ഡയറക്ടറായും വന്നു. അഖില്‍ മോഹന്‍ലാലിന്റെ ചിത്രങ്ങളില്‍ മുമ്പും വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും അനൂപ് ഇതാദ്യമായാണ് ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമാവുന്നത്. അച്ഛനും മക്കളുമാണെങ്കിലും പുതുതലമുറയിലെ രണ്ട് യുവ സംവിധായകരോട് സംസാരിക്കുമ്പോള്‍ തന്നെ തലമുറകള്‍ തമ്മിലുള്ള അകലം കുറയുന്നു എന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് വളരെ ജെന്യൂവിന്‍ ആയിട്ട് തന്നെ അവരോട് ആശയങ്ങള്‍ കൈമാറാനും അവരുമായി സംവദിക്കാനും സിനിമയുടെ കഥകള്‍ ചര്‍ച്ചചെയ്യാനുമൊക്കെ പറ്റും. എന്റെ ഒരു ഫ്രണ്ട്‌സ് സര്‍ക്കിളില്‍ നിന്നാണ് അവരെന്നോട് സംസാരിക്കാറുള്ളത്. പിന്നെ അച്ഛനായത് കൊണ്ട് അവര്‍ക്ക് കുറച്ച് കൂടുതല്‍ സ്വാതന്ത്ര്യം ഉണ്ട്. ഞാന്‍ എന്തെങ്കിലും പറയുന്നത് തെറ്റാണെങ്കില്‍ അത് തെറ്റാണെന്ന് പറയാന്‍ അവര്‍ക്ക് മടിയില്ല. യാതൊരു മുഖംമൂടിയും ഇല്ലാതെ ഞങ്ങള്‍ക്ക് പരസ്പരം തുറന്ന് സംസാരിക്കാന്‍ സാധിക്കും. അവരുടെ കഥകള്‍ അവർ ഞാനുമായും എന്റേത് ഞാന്‍ അവരോടും ചര്‍ച്ച ചെയ്യാറുണ്ട്.

ഗ്രാമത്തില്‍നിന്ന് നഗരത്തിലേക്ക് ചേക്കേറിയ സിനിമാ പശ്ചാത്തലത്തെ കുറിച്ച്
ഇത് നാട്ടിന്‍പുറത്ത് നടക്കുന്ന ഒരു കഥയല്ലാത്തതുകൊണ്ട് തന്നെ കുറച്ച് ഭാഗം കൊച്ചിയിലും ബാക്കി പുണെയിലുമാണ് ചിത്രീകരിച്ചത്. അഖില്‍ ഈ കഥയെ കുറിച്ച് പറയുമ്പോള്‍ മനസ്സില്‍ തെളിഞ്ഞ ഇടമാണ് പുണെ. കാരണം ഒരു മിലിട്ടറി പശ്ചാത്തലമുള്ള സ്ഥലമാണത്. മിലിട്ടറി പശ്ചാത്തലം ഈ സിനിമയുടെ പിറകിലുമുണ്ട്. ലോക്കേഷന്‍ ചെന്ന് നോക്കിയപ്പോള്‍ എനിക്ക് വലിയ ഇഷ്ടമായി. കാരണം നിറയെ മരങ്ങള്‍, പിന്നെ ആ നഗരത്തിന്റെ ഒരു ആംബിയന്‍സ്... അതൊക്കെ വെച്ചുനോക്കുമ്പോള്‍ മുംബൈയേക്കാളും ബെംഗളൂരുവിനേക്കാളും പുണെ തന്നെയാണ് നല്ലത് എന്ന് തോന്നി. കഥാപരിസരം മാറിയെങ്കിലും എന്റെ കഥാപാത്രങ്ങള്‍ എപ്പോഴും ഇടത്തരക്കാരന്റെ മനസ്സുള്ള കഥാപാത്രങ്ങളാണ്. സന്ദീപ് ബാലകൃഷ്ണനും ഉള്ളില്‍ ഒരു ഇടത്തരക്കാരനാണ്. സാമ്പത്തിക പ്രതിസന്ധികളോ കുടുംബ പ്രാരാബ്ദങ്ങളോ ഒന്നും ഈ കഥാപാത്രത്തിന് ഇല്ലെങ്കിലും അതിനേക്കാള്‍ സങ്കീര്‍ണമാണ് സന്ദീപിന്റെ ജീവിതം. ബാലഗോപാലന്റേയും ബാലകൃഷ്ണപ്പണിക്കരുടേയും ഒക്കെ ഒരു സഹോദരനായിട്ട് സന്ദീപ് ബാലകൃഷ്ണനെ കാണാം. മറ്റ് ടെന്‍ഷനുകള്‍ ഒന്നും ഇല്ലാതെ കുടുംബങ്ങള്‍ക്ക് കണ്ട് ആസ്വദിക്കാനുള്ള ഒരു മോഹന്‍ലാല്‍ ചിത്രവുമായി മലയാളികള്‍ക്ക് മുന്നില്‍ വരാന്‍ കഴിഞ്ഞു എന്നത് വലിയ സന്തോഷം. പിന്നെ മോഹന്‍ലാലിന്റെ ആദ്യ സിങ്ക് സൗണ്ട് ചിത്രമാണ് 'ഹൃദയപൂര്‍വ്വം' എന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. മോഹന്‍ലാല്‍ അഭിനയിക്കുമ്പോളുള്ള ഓരോ ശ്വാസഗതിപോലും നമുക്ക് ഈ സിനിമയില്‍ കേള്‍ക്കാം.
'ഹൃദയപൂര്‍വ്വ'ത്തിന്റെ സ്‌ക്രീനിലും അണിയറയിലും പുതിയ തലമുറയുടെ വന്‍നിരയുണ്ട്. ആ ഒരു മാറ്റത്തെക്കുറിച്ച്.
ഒരു ന്യൂജെന്‍ ടച്ച് 'ഹൃദയപൂര്‍വ്വ'ത്തിന് ഉണ്ട്. ഈ സിനിമയുടെ ആശയം ചെറിയ കഥയുടെ രൂപമായി കഴിഞ്ഞപ്പോഴേക്കും അഖില്‍ അവന്റെ 'സര്‍വ്വംമായ' എന്ന സിനിമയുടെ തിരക്കുകളിലേക്ക് പോയി. അനൂപ് അവന്റെ, തുടങ്ങാന്‍ ആലോചിക്കുന്ന, ഒരു സിനിമയുടെ പണികളിലേക്കും നീങ്ങി. ആദ്യം വിചാരിച്ചത് ഞാന്‍ സ്വയം എഴുതാം എന്നാണ്. അങ്ങനെ ഒറ്റയ്ക്ക് എഴുതുകയാണെങ്കില്‍ പോലും നമുക്ക് ആരോടെങ്കിലും സംസാരിക്കാന്‍ വേണം. മുമ്പാണെങ്കില്‍ ലോഹിതദാസിനൊപ്പവും ശ്രീനിവാസനോടൊപ്പവും ഞാന്‍ കഥ ഡിസ്‌കസ് ചെയ്യാറുണ്ടായിരുന്നു. അവരുടെ കോണ്‍ട്രിബ്യൂഷന്‍സ് ഉപയോഗിക്കാറുണ്ടായിരുന്നു. ആ സാഹചര്യങ്ങള്‍ അടഞ്ഞുപോയപ്പോള്‍ പിന്നെ ഏത് എഴുത്തുകാരന്‍ എന്ന് ഞാന്‍ ആലോചിച്ചു. ആ ആലോചനയിലാണ് 'നൈറ്റ് കോള്‍' എന്ന ഒരു ഷോര്‍ട്ട് ഫിലിം ചെയ്ത ടി.പി. സോനു ചിന്തയിലേക്ക് എത്തുന്നത്. പുതിയ തലമുറയുടെ കഥയാണ്, അപ്പോള്‍ പുതിയ ഒരാളോട് ഒന്ന് സംസാരിച്ച് നോക്കാം എന്ന് കരുതി. ആ ഡോക്യുമെന്ററി കണ്ട് വിളിച്ച് സംസാരിച്ച പരിചയം വെച്ച് അവനെ വിളിച്ചു. ഒരു ചെറിയ കഥയുടെ ആശയം പറയാം, അതില്‍ ഒരു സിനിമയാക്കാന്‍ പറ്റുന്ന ത്രെഡ് ഉണ്ടെങ്കില്‍ നമുക്ക് ബാക്കി സംസാരിക്കാം എന്ന് മാത്രമേ തുടക്കത്തില്‍ പറഞ്ഞുള്ളൂ. കഥ കേട്ടയുടന്‍ അവന്‍ അതില്‍ ഇംപ്രസ്ഡ് ആയി. അവന്‍ വളരെ പോസ്റ്റീവ് വൈബ് ഉള്ള ഒരു പയ്യനാണ്. അങ്ങനെ ഞങ്ങള്‍ ഒന്നിച്ചിരുന്ന് അതിന്റെ തിരക്കഥ വര്‍ക്ക് ചെയ്യുകയും അവനോട് ഡയലോഗ് എഴുതാന്‍ പറയുകയും ഒക്കെ ചെയ്തു. സിനിമയിലേക്ക് തിരക്കഥാകൃത്ത് എന്ന നിലയില്‍ ഒരാളെക്കൂടി അവതരിപ്പിക്കാന്‍ കഴിയുന്നു എന്നതില്‍ സന്തോഷമുണ്ട്.
ക്യാമറാമാനായി അനു മൂത്തേടത്ത് വന്നു. യുവസംഗീത സംവിധായകരില്‍ ഏറ്റവും മിടുക്കനായ ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനം ഏറ്റെടുത്തു. മനു മഞ്ജിത്ത് എഴുതി. സംഗീത് പ്രതാപും മാളവിക മോഹനനും ഉള്‍പ്പടെ പുതിയ അഭിനേതാക്കള്‍ എത്തി. യുവ തലമുറയുടെ ആവേശമായ സിദ് ശ്രീരാം പാട്ടുപാടാന്‍ എത്തി. അങ്ങനെ ഹൃദയപൂര്‍വ്വത്തില്‍ ഭൂരിഭാഗം പുതിയ തലമുറയായി.
'കുറുക്കന്റെ കല്യാണം' മുതല്‍ ഇങ്ങോട്ട് 'ഹൃദയപൂര്‍വ്വം' വരെ പലതലമുറകള്‍ താങ്കളുടെ സിനിമകള്‍ കണ്ടു. ജെന്‍സി കാലത്ത് സിനിമ ചെയ്യുന്നതിന്റെ ആശങ്കയുണ്ടോ.
തലുമറകള്‍ മാറുന്നതൊന്നും ഞാനറിയുന്നേയില്ല. ഇതുപോലെ പറയുമ്പോള്‍ അല്ലെങ്കില്‍ ചോദിക്കുമ്പോളാണ് ഞാന്‍ അതിനെ കുറിച്ച് ചിന്തിക്കുന്നത്. 'ഞാന്‍ കുറുക്കന്റെ കല്യാണം' തുടങ്ങിയിടത്ത് നില്‍ക്കുകയല്ലല്ലോ ഞാന്‍ ചെയ്യുന്നത്. ഞാനീ കേരളത്തില്‍ തന്നെ ജീവിക്കുകയും എല്ലാ പുതിയ സിനിമക്കാരുടേയും സൃഷ്ടികള്‍ കാണുകയും അവരുടെ കൂടെ തന്നെ സഞ്ചരിക്കുകയും ചെയ്യുന്നതുകൊണ്ട് ഈ പറയുന്ന മാറ്റം ഞാന്‍ അറിയുന്നില്ല. കാലത്തിനും തലമുറകള്‍ക്കും ഉണ്ടാവുന്ന മാറ്റം പോലെ തന്നെ ഞാനും മാറിക്കൊണ്ടിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ആദ്യ സിനിമ എടുത്തപോലെയല്ല ഞാന്‍ 'ഹൃദയപൂര്‍വ്വം' എടുക്കുന്നത്. അതില്‍ ഈ പുതിയ തലമുറയുടെ എല്ലാ ഫീലിങ്സുമുണ്ട്.

സാങ്കേതികമായി ഉണ്ടാവുന്ന മാറ്റങ്ങള്‍ പോലെ തന്നെ പ്രേക്ഷകരുടെ അഭിരുചിയിലും മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. അത് സ്വാഭാവികമാണ് കാരണം ആളുകള്‍ക്ക് അധികം ക്ഷമ ഇല്ലാതായി. നീട്ടി വലിച്ച് ഒരു കാര്യം പറയേണ്ട കാര്യമില്ല, വളരെ ക്രിസ്പ് ആയിട്ട് പറഞ്ഞാല്‍ മതി. ഇതൊക്കെ നമ്മള്‍ തന്നെ അറിയാതെ പഠിച്ചുവരുന്ന പാഠങ്ങളാണ്. ഒരു ജനറേഷന്‍ ഗ്യാപ്പ് എന്നെ സംബന്ധിച്ചിടത്തോളം ഫീല്‍ ചെയ്തിട്ടില്ല. അത്തരം ആശങ്കളുമില്ല. സംവിധാനം തുടങ്ങിയ സ്ഥലത്ത് നിന്നിട്ട് ഞാന്‍ ഒരു സീനിയര്‍മാനാണെന്ന് പറഞ്ഞ് പുതിയ തലമുറയെ ദൂരെ നിന്ന് നോക്കിക്കാണുമ്പോഴാണ് ആ ഒരു ടെന്‍ഷന്‍ ഉണ്ടാവുക എന്ന് തോന്നുന്നു.
ശ്രീനിവാസന്റെ അസാന്നിധ്യം
'ടി.പി. ബാലഗോപാലന്‍ എംഎ'യില്‍ തുടങ്ങിയതാണ് ഞങ്ങളുടെ കൂട്ടുകെട്ട്. ഒരു നീണ്ടകാലമാണ് ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്തത്. ശ്രീനിവാസന്‍ എന്ന സുഹൃത്ത് ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും ഇത്രയും നല്ല സിനിമകള്‍ എനിക്ക് ചെയ്യാന്‍ കഴിയില്ലായിരുന്നു. ഒപ്പം പ്രവര്‍ത്തിച്ചപ്പോള്‍ മാത്രമല്ല ശ്രീനിയൊടൊപ്പം തിരക്കഥ ചര്‍ച്ചയ്ക്ക് ഇരുന്നപ്പോള്‍ ഞാന്‍ പഠിച്ച പാഠങ്ങള്‍ മറ്റ് എഴുത്തുകാരുടെ കഥകള്‍ സിനിമയാക്കിയപ്പോളും എന്നെ സഹായിച്ചിട്ടുണ്ട്. മുളന്തുരുത്തിയില്‍ ഷൂട്ടിങ് നടക്കുമ്പോള്‍ ഒരു ദിവസം ശ്രീനിവാസന്‍ ലൊക്കേഷനില്‍ വന്നിരുന്നു. മോഹന്‍ലാല്‍ എന്നെയും ശ്രീനിവാസനേയും ചേര്‍ത്തുപിടിച്ചു. മോഹന്‍ലാലിന്റെ കണ്ണ് നിറയുന്നത് ഞാന്‍ കണ്ടു.
Content Highlights: Sathyan Anthikad interrogation Hridayapoorvam malayalam movie, mohanlal sangeeth prathap malavika mohan
ABOUT THE AUTHOR
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·