Published: April 13 , 2025 03:44 PM IST
1 minute Read
കൊൽക്കത്ത∙ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് മോഹൻ ബഗാനിൽ ചേർന്നതിനു പിന്നാലെ കന്നി ഐഎസ്എൽ കിരീടം സ്വന്തമാക്കിയ മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ വിഡിയോ മലയാളം ക്യാപ്ഷൻ സഹിതം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ അക്കൗണ്ടിൽ. ‘മോൻ ഹാപ്പി ആണ്’ എന്ന ക്യാപ്ഷനോടെയാണ് സഹൽ കിരീടനേട്ടം ആഘോഷിക്കുന്ന വിഡിയോ ഐഎസ്എൽ പങ്കുവച്ചത്. കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ബെംഗളൂരു എഫ്‍സിയെ എക്സ്ട്രാ ടൈമിൽ 2–1ന് വീഴ്ത്തിയാണ് മോഹൻ ബഗാൻ കിരീടം ചൂടിയത്.
കേരള ബ്ലാസ്റ്റേഴ്സ് വർഷങ്ങളായി മോഹിച്ചിട്ടും ഇതുവരെ ലഭിക്കാത്ത ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) കിരീടമാണ് അഞ്ചാം തവണയും കൊൽക്കത്ത വമ്പൻമാരായ മോഹൻ ബഗാൻ സ്വന്തമാക്കിയത്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്് എന്ന പേരു സ്വീകരിച്ച ശേഷം ടീമിന്റെ ആദ്യ കിരീടമാണിടത്. 2014ൽ പ്രഥമ സീസണിലും 2016ലും അത്‌ലറ്റിക്കോ ഡി കൊൽക്കത്ത എന്ന പേരിലും 2019–20ൽ എടികെ എന്ന പേരിലും 2022–23ൽ എടികെ മോഹൻ ബഗാൻ എന്ന പേരിലുമാണ് ടീം കിരീടം ചൂടിയത്.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതിനാൽ, എക്സ്ട്രാ ടൈം കൂടി അനുവദിച്ചാണ് വിജയികളെ കണ്ടെത്തിയത്. മോഹൻ ബഗാനായി ജേസൺ കുമ്മിങ്സ് (72, പെനൽറ്റി), ജെയ്മി മക്‌ലാരൻ (96–ാം മിനിറ്റ്) എന്നിവരാണ് ലക്ഷ്യം കണ്ടത്. ബെംഗളൂരു എഫ്‍സിയുടെ ആശ്വാസഗോൾ 49–ാം മിനിറ്റിൽ ബഗാൻ താരം ആൽബർട്ടോ റോഡ്രിഗസ് വഴങ്ങിയ സെൽഫ് ഗോളാണ്.
സഹലിനു പുറമേ മലയാളി താരം ആഷിഖ് കുരുണിയനും കിരീടം ചൂടിയ മോഹൻ ബഗാൻ ടീമിൽ അംഗമാണ്. ഇരുവരും ഇന്നലെ പകരക്കാരായി കളത്തിലിറങ്ങുകയും ചെയ്തു.
English Summary:








English (US) ·