
വിരാട് കോഹ്ലിയും അനുഷ്കയും | ഫോട്ടോ: Instagram
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്താനെതിരെ ഇന്ത്യ നടത്തുന്ന സൈനികനീക്കങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടി അനുഷ്ക ശർമയും വിരാട് കോലിയും. യഥാർത്ഥ 'ഹീറോകൾ' എന്നാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിൽ അനുഷ്ക ശർമ്മ ഇന്ത്യൻ സായുധ സേനയെ വിശേഷിപ്പിച്ചത്. രാജ്യത്തെ ശക്തമായി സംരക്ഷിക്കുന്നതിന് കോലി സായുധ സേനയ്ക്ക് നന്ദി പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് രാജ്യത്തെ സംരക്ഷിക്കുന്നതിൽ ഇന്ത്യൻ പ്രതിരോധ സേനയുടെ പ്രയത്നങ്ങളെ അഭിനന്ദിച്ചുകൊണ്ട് നടി അനുഷ്ക ശർമ്മ കുറിപ്പ് പങ്കുവെച്ചത്. സേനയ്ക്ക് നന്ദി പറഞ്ഞ അനുഷ്ക അവരെ യഥാർത്ഥ 'ഹീറോകൾ' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
"ഈ സമയങ്ങളിൽ യഥാർത്ഥ വീരന്മാരെപ്പോലെ നമ്മെ സംരക്ഷിക്കുന്നതിന് നമ്മുടെ ഇന്ത്യൻ സായുധ സേനയോട് എന്നും കടപ്പെട്ടിരിക്കുന്നു. അവരും അവരുടെ കുടുംബങ്ങളും ചെയ്ത ത്യാഗങ്ങൾക്ക് ഹൃദയംഗമമായ നന്ദി. ജയ് ഹിന്ദ്." പോസ്റ്റിൽ ഇന്ത്യൻ പതാകയുടെ ഇമോജിയും അവർ ചേർത്തു. കൂപ്പുകൈയുടെയും ഹൃദയത്തിന്റെയും ഇമോജിയോടൊപ്പം 'ജയ് ഹിന്ദ്' എന്നാണ് കോലി കമന്റ് ചെയ്തത്.
കോഹ്ലിയും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സമാനമായ ഒരു പോസ്റ്റ് പങ്കുവെച്ചു. "ഈ ദുഷ്കരമായ സമയങ്ങളിൽ നമ്മുടെ രാജ്യത്തെ ശക്തമായി സംരക്ഷിക്കുന്നതിന് നമ്മുടെ സായുധ സേനയോടൊപ്പം ഞങ്ങൾ നിലകൊള്ളുന്നു, അവരെ അഭിവാദ്യം ചെയ്യുന്നു. നമ്മുടെ വീരന്മാരുടെ അചഞ്ചലമായ ധീരതയ്ക്ക് ഞങ്ങൾ എന്നേക്കും കടപ്പെട്ടിരിക്കുന്നു. നമ്മുടെ മഹത്തായ രാഷ്ട്രത്തിനുവേണ്ടി അവരും അവരുടെ കുടുംബങ്ങളും ചെയ്യുന്ന ത്യാഗങ്ങൾക്ക് ഹൃദയംഗമമായ നന്ദിയും." കോലി കുറിച്ചതിങ്ങനെ.
ഒരു വിദേശ പൗരൻ ഉൾപ്പെടെ, വിനോദസഞ്ചാരികളായ 26 പേരുടെ ജീവൻ അപഹരിച്ച ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ ആക്രമണം നടത്തിയത്. ബുധനാഴ്ച പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഒൻപത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്.
വ്യാഴാഴ്ച രാത്രി, ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ നിരവധി അതിർത്തി പ്രദേശങ്ങൾ ലക്ഷ്യമാക്കി പാകിസ്ഥാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ ഒരു പരമ്പര നടത്തിക്കൊണ്ട് തിരിച്ചടിക്ക് ശ്രമിച്ചു. എന്നാൽ എല്ലാ കടന്നുകയറ്റ ഭീഷണികളും ഇന്ത്യൻ പ്രതിരോധ സേന വിജയകരമായി തടയുകയും, വലിയ തോതിലുള്ള നാശനഷ്ടങ്ങളും ജീവഹാനിയും ഒഴിവാക്കുകയും ചെയ്തു.
Content Highlights: Anushka Sharma, Virat Kohli Praise Indian Armed Forces Following Operation Sindoor
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·