‘യഥാർഥ ട്രോഫി ഞങ്ങൾക്ക്’: ഹാർദിക്കിനെ അനുകരിച്ചും കാർത്തിക്കിനെ പരിഹസിച്ചും പാക്ക് താരത്തിന്റെ പോസ്റ്റ്; വിമർശനം

2 months ago 2

ഓൺലൈൻ ഡെസ്‌ക്

Published: November 10, 2025 07:39 PM IST Updated: November 10, 2025 08:25 PM IST

1 minute Read

 Instagram)
2024 ട്വന്റി20 ലോകകപ്പ് ട്രോഫിയുമായി ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന ഹാർദിക് പാണ്ഡ്യ (ഇടത്), ഹോങ്കോങ് സിക്സസ് ക്രിക്കറ്റ് ടൂർണമെന്റ് ട്രോഫിയുമായി പാക്കിസ്ഥാൻ താരം മുഹമ്മദ് ഷഹ്സാദ്. (ചിത്രങ്ങൾ: Instagram)

മോങ് കോക് (ഹോങ്കോങ്) ∙ ഹോങ്കോങ് സിക്സസ് ക്രിക്കറ്റ് ടൂർണമെന്റ് ചാംപ്യന്മാരായതിനു പിന്നാലെ പാക്കിസ്ഥാൻ താരം പങ്കുവച്ച പോസ്റ്റിനെതിരെ വ്യാപക വിമർശനം. ഫൈനലിൽ കുവൈത്തിനെ തോൽപ്പിച്ച് കിരീടം നേടിയതിനു ശേഷം മുഹമ്മദ് ഷഹ്സാദ് പങ്കുവച്ച പോസ്റ്റാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയെ അനുകരിച്ച് പോസ് ചെയ്ത ചിത്രത്തിനോടൊപ്പമുള്ള കുറിപ്പിൽ ഹോങ്കോങ് സിക്സസിൽ ഇന്ത്യൻ‌ ടീമിനെ നയിച്ച ദിനേഷ് കാർത്തിക്കിനെ പരിഹസിക്കുന്നുമുണ്ട്. ഇതോടെ ഷഹ്സാദിനെ പരിഹസിച്ചു വിമർശിച്ചും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ നിറഞ്ഞു.

2024ലെ ട്വന്റി20 ലോകകപ്പ് കിരീടം നേടിയതിന് ശേഷം ഹാർദിക് പാണ്ഡ്യ നടത്തിയ ട്രോഫി ആഘോഷം അനുകരിച്ചായിരുന്നു മുഹമ്മദ് ഷഹ്സാദിന്റെയും ചിത്രം. ചാംപ്യൻസ് ട്രോഫി വിജയത്തിനു ശേഷവും ഹാർദിക് ഇതേ രീതിയിൽ ചിത്രത്തിനു പോസ് ചെയ്തിരുന്നു. പിച്ചിൽ ട്രോഫി വച്ചതിനു ശേഷം രണ്ടു കയ്യും മലർത്തി ക്യാമറയ്ക്കു നേരേ നോക്കുന്ന രീതിയിലാണ് പോസ്. ഇരു താരങ്ങളുടെയും ചിത്രങ്ങളോടെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ എക്സ് ഹാൻഡിലും ഇതു പങ്കുവച്ചു. എന്നാൽ മുഹമ്മദ് ഷഹ്സാദ് തന്റെ ചിത്രത്തിനു നൽകിയ കാപ്ഷനും ഹാഷ്ടാഗുമാണ് വിമർശനങ്ങൾക്കു വഴിവച്ചത്. ഏഷ്യാ കപ്പ് ട്രോഫി വിവാദവുമായി ബന്ധപ്പെടുത്തിയായിരുന്നു ഷഹ്സാദിന്റെ വാക്കുകൾ.

‘‘ഹോങ്കോങ് സിക്സസിന് രസകരമായ അന്ത്യം. പതിവുപോലെ’’ എന്നായിരുന്നു ഷഹ്സാദിന്റെ കുറിപ്പ്. കിരീടനേട്ടത്തോടെ ഹോങ്കോങ് സിക്സസിൽ ഏറ്റവും കൂടുതൽ തവണ ചാംപ്യന്മാരാകുന്നെന്ന നേട്ടം പാക്കിസ്ഥാൻ സ്വന്തമാക്കിയിരുന്നു. ആറാം തവണയാണ് പാക്കിസ്ഥാൻ ഈ കിരീടം നേടുന്നത്. ഒറ്റനോട്ടത്തിൽ ഇതു സൂചിപ്പിച്ചാണ് ഷഹ്സാദിന്റെ പോസ്റ്റെന്ന് തോന്നുമെങ്കിലും കാര്യങ്ങൾ അങ്ങനെയല്ല. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ച ശേഷം ഇന്ത്യൻ ക്യാപ്റ്റൻ ദിനേഷ് കാർത്തിക്കിട്ട പോസ്റ്റിലെ അതേ വാചകഘടന തന്നെയാണ് ഷഹ്സാദും ഉപയോഗിച്ചത്. ‘‘ഹോങ്കോങ് സിക്സസിന് രസകരമായ തുടക്കം. പാക്കിസ്ഥാനെതിരെ വിജയം’’ എന്നായിരുന്നു കാർത്തിക്കിന്റെ പോസ്റ്റ്.

വാചകത്തേക്കാൾ, പാക്കിസ്ഥാൻ താരം പോസ്റ്റിൽ ഉപയോഗിച്ച ഒരു ഹാഷ്‌ടാഗാണ് സമൂഹമാധ്യമത്തിൽ ആരാധകരെ പ്രകോപിപ്പിച്ചത്. #WeHaveARealTrophy എന്ന ഹാഷ്‌ടാഗാണ് ഷഹ്‌സാദ് ഉപയോഗിച്ചത്. ഇന്ത്യയ്ക്ക് ഇതുവരെ ഏഷ്യാ കപ്പ് ട്രോഫി ലഭിക്കാത്തതിനെ പരിഹസിച്ചാണ് താരത്തിന്റെ ഈ വാക്കുകൾ എന്ന് ആരാധകർ പറയുന്നു. ഇതോടെ ഷഹ്സാദിനെ പരിഹസിച്ചു വിമർശിച്ചും പോസ്റ്റുകൾ നിറഞ്ഞു.

ഹോങ്കോങ് സിക്സസിൽ പാക്കിസ്ഥാൻ ടീമിൽ കളിച്ച മിക്ക കളിക്കാരും സജീവ ക്രിക്കറ്റിലുള്ളവരായിരുന്നു. എന്നാൽ ഇന്ത്യ ടീമിലെ എല്ലാവരും മുപ്പതിനും നാൽപതിനും മുകളിൽ പ്രായമുള്ള വിരമിച്ച താരങ്ങളായിരുന്നു. ഇതു സൂചിപ്പിച്ചാണ്, ഇത്തരത്തിൽ പോസ്റ്റിടുന്നതിന് പാക്ക് താരങ്ങൾക്ക് നാണമില്ലേ എന്ന് പലരും ചോദിക്കുന്നത്.

Have immoderate shame🤣 clump of progressive players mislaid to commentators and coaches

— Shrav🥷 (@damngoodlad) November 9, 2025

2025 ലെ ഏഷ്യാ കപ്പ് ഇന്ത്യ നേടിയെങ്കിലും, അത് ഇതുവരെ ടീമിന് കൈമാറിയിട്ടില്ല. ഫൈനൽ വിജയത്തിനു ശേഷം ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലവനും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവിയുമായ മൊഹ്‌സിൻ നഖ്‌വിയുടെ കൈകളിൽ നിന്ന് ട്രോഫി വാങ്ങാൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം വിസമ്മതിച്ചിരുന്നു. തുടർന്ന് ട്രോഫി, ദുബായിലെ എസിസി ഓഫിസിലേക്കു മാറ്റുകയായിരുന്നു. പക്ഷേ ഇതുവരെ പ്രതിസന്ധി പരിഹരിക്കാനായിട്ടില്ല.

English Summary:

Mohammad Shahzad's arguable station aft Pakistan's Hong Kong Sixes triumph has sparked outrage. The post, mocking Indian cricketer Dinesh Karthik and referencing the Asia Cup trophy situation, drew disapproval for its perceived insensitivity.

Read Entire Article