യമാല്‍ മാജിക്; ത്രില്ലര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ കീഴടക്കി സ്‌പെയ്ന്‍ നേഷന്‍സ് ലീഗ് ഫൈനലില്‍

7 months ago 9

സ്റ്റട്ട്ഗാര്‍ട്ട് (ജര്‍മനി): ഒമ്പത് ഗോളുകള്‍ പിറന്ന യുവേഫ നേഷന്‍സ് ലീഗ് ത്രില്ലര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ കീഴടക്കി യൂറോ കപ്പ് ജേതാക്കളായ സ്‌പെയ്ന്‍ ഫൈനലില്‍. നാലിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് സംഘത്തിന്റെ വിജയം.

55-ാം മിനിറ്റുവരെ ഏകപക്ഷീയമായ മത്സരത്തില്‍ അപ്രതീക്ഷിതമായാണ് ഫ്രാന്‍സ് തിരിച്ചുവരവ് നടത്തിയത്. സ്‌പെയിനിനായി ഇരട്ട ഗോളുകള്‍ നേടിയ 17-കാരന്‍ ലമിന്‍ യമാല്‍ മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. നിക്കോ വില്യംസ്, മിക്കെല്‍ മെറിനോ, പെഡ്രി എന്നിവരാണ് സ്‌പെയ്‌നിന്റെ സ്‌കോറര്‍മാര്‍. സ്പാനിഷ് സംഘത്തിന്റെ മൂന്നാം നേഷന്‍സ് ലീഗ് ഫൈനലാണിത്.

ഫ്രാന്‍സിനായി കിലിയന്‍ എംബാപ്പെ, റയാന്‍ ചെര്‍ക്കി, കോളോ മുവാനി എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഡാനി വിവിയന്റെ സെല്‍ഫ് ഗോളും ഫ്രാന്‍സിന്റെ അക്കൗണ്ടിലെത്തി.

22-ാം മിനിറ്റില്‍ നിക്കോ വില്യംസിലൂടെയാണ് സ്‌പെയ്ന്‍ മുന്നിലെത്തുന്നത്. പിന്നാലെ 25-ാം മിനിറ്റില്‍ മിക്കേല്‍ മെറിനോ രണ്ടാം ഗോള്‍ നേടി. ആദ്യ പകുതി 2-0ന് സ്‌പെയ്‌നിന് സ്വന്തം.

54-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ലമിന്‍ യമാല്‍ ഗോള്‍ നേട്ടം മൂന്നായി ഉയര്‍ത്തി. തൊട്ടടുത്ത മിനിറ്റില്‍ പെഡ്രിയും സ്‌കോര്‍ ചെയ്തതോടെ സ്‌പെയ്ന്‍ 4-0ന് മുന്നില്‍.

എന്നാല്‍ 59-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച്‌ എംബാപ്പെ ഫ്രാന്‍സിനായി ഒരു ഗോള്‍ മടക്കി. 67-ാം മിനിറ്റില്‍ മികച്ചൊരു ഫിനിഷിലൂടെ യമാല്‍ സ്‌പെയ്‌നിന്റെ അഞ്ചാം ഗോളും മത്സരത്തിലെ തന്റെ രണ്ടാം ഗോളും സ്വന്തമാക്കി. സ്‌പെയ്ന്‍ 5-1ന് മുന്നില്‍.

പോരാട്ടം അവസാനിച്ചു എന്ന ഘട്ടത്തില്‍ ഫ്രാന്‍സ് നടത്തിയ തിരിച്ചുവരവ് കാണികളെ ഞെട്ടിച്ചു. 79-ാം മിനിറ്റില്‍ ചെര്‍ക്കിയുടെ ഒരു കിടിലന്‍ ഷോട്ടില്‍ ഫ്രാന്‍സ് രണ്ടാം ഗോള്‍ മടക്കി. പിന്നാലെ ഒരു ഫ്രാന്‍സ് മുന്നേറ്റം 84-ാം മിനിറ്റില്‍ ഡാനി വിവയന്റെ സെല്‍ഫ് ഗോളിലാണ് കലാശിച്ചത്. സ്‌കോര്‍ 5-3. അവസാന മിനിറ്റുകളില്‍ വര്‍ധിത വീര്യത്തോടെ കളിച്ച ഫ്രാന്‍സ് ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ കോളോ മുവാനിയിലൂടെ നാലാം ഗോളും നേടിയതോടെ സ്പാനിഷ് ആരാധകരുടെ നെഞ്ചിടിപ്പേറി. പക്ഷേ പിന്നീട് ഒരു ഗോള്‍ കൂടി നേടാനുള്ള സമയം ഫ്രാന്‍സിനുണ്ടായിരുന്നില്ല.

ഇന്ത്യന്‍ സമയം ജൂണ്‍ എട്ടാം തീയതി രാത്രി നടക്കുന്ന ഫൈനലില്‍ സ്‌പെയ്ന്‍ പോര്‍ച്ചുഗലിനെ നേരിടും.

Content Highlights: Spain defeats France 5-4 successful a thrilling UEFA Nations League semifinal

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article